Site iconSite icon Janayugom Online

ടിവികെയെ ക്ഷണിച്ച് എൻ‌ഡി‌എ സഖ്യം

വിജയ് നേതൃത്വം നല്‍കുന്ന ടിവികെയുമായി സഖ്യത്തിനായുള്ള പ്രവർത്തനങ്ങൾ എൻ‌ഡി‌എ ആരംഭിച്ചുവെന്ന സൂചന നല്‍കി എഐ‌എ‌ഡി‌എം‌കെ ജനറല്‍ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമി (ഇ‌പി‌എസ്). എന്നാല്‍ ടിവികെ, സഖ്യസാധ്യതകള്‍ തള്ളി.
മക്കളെ കാപ്പോം എന്ന പേരില്‍ നടത്തിവരുന്ന രാഷ്ട്രീയ പ്രചരണജാഥയില്‍ കുമാരപാളയത്ത് ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പ്രസംഗത്തിലാണ് എടപ്പാടി പളനിസ്വാമി ഇക്കാര്യം വെളിപ്പെടുത്തിയത്. തന്റെ പാര്‍ട്ടി റാലിയില്‍ ടിവികെയുടെ പതാകകള്‍ വീശുന്നത് ചൂണ്ടിക്കാണിച്ചുകൊണ്ട്, “പിള്ളയാർ സുഴി” ആരംഭിച്ചു എന്ന് അദ്ദേഹം പറഞ്ഞു. അതിനെ വിപ്ലവത്തിന്റെ ശബ്ദം എന്നു വിളിച്ച പളനിസ്വാമി ഡി‌എം‌കെ മേധാവി എം‌കെ സ്റ്റാലിനോട് ഈ ശബ്ദം നിങ്ങളെ ബധിരരാക്കുമെന്നും കൂട്ടിച്ചേര്‍ത്തു. കടലാസു പുലിയായ ഡിഎംകെയുടെ പതനമാണ് കാത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മേയ് മാസത്തിൽ, എ‌ഐ‌എ‌ഡി‌എം‌കെ എംഎൽഎ കടമ്പൂർ രാജു, ഭാവിയിൽ ടിവി‌കെ എ‌ഐ‌എ‌ഡി‌എം‌കെ-ബിജെ‌പി സഖ്യത്തിൽ ചേരുമെന്ന് സൂചന നൽകിയിരുന്നു. ഡി‌എം‌കെയെ അധികാരത്തിൽ നിന്ന് നീക്കം ചെയ്യുക എന്നതാണ് ഇരു പാർട്ടികളുടെയും ലക്ഷ്യമെന്നും പറഞ്ഞിരുന്നു. സഖ്യ സ്ഥിരീകരണം സാഹചര്യത്തെ ആശ്രയിച്ചിരിക്കുമെന്നും അടുത്ത ജനുവരിയിൽ പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാല്‍ എൻ‌ഡി‌എ സഖ്യത്തെക്കുറിച്ചുള്ള അവകാശവാദങ്ങൾ ടിവി‌കെ തള്ളിക്കളഞ്ഞു. പളനിസ്വാമിയുടെ റാലിയില്‍ ടിവി‌കെ പതാകകൾ വീശുന്നവർ പാർട്ടി അംഗങ്ങളല്ല, എ‌ഐ‌എ‌ഡി‌എം‌കെ പിന്തുണക്കാരാണെന്ന് ടിവികെ വൃത്തങ്ങള്‍ പറ‍ഞ്ഞു.

Exit mobile version