Site iconSite icon Janayugom Online

ബിഹാറിൽ എൻഡിഎ സഖ്യം തകർച്ചയിലേക്ക്; മോഡിയെ ബഹിഷ്കരിച്ച് ജെഡിയു

JDUJDU

ബിഹാർ ഭരണസഖ്യത്തിലെ നിതീഷ് കുമാറിന്റെ ജെഡിയുവും ബിജെപിയും തമ്മിലുള്ള ഭിന്നത വഷളാകുന്നു. ജെഡിയു ദേശീയ അധ്യക്ഷൻ രാജീവ് രഞ്ജൻ സിങ് ഏതാനും ദിവസം മുമ്പ് നടത്തിയ പ്രസ്താവനയാണ് ബിജെപിയെ ഇപ്പോൾ അസ്വസ്ഥമാക്കുന്നത്. സംസ്ഥാനത്തെ ഏറ്റവും വലിയ രാഷ്ട്രീയ ശക്തിയായി തിരിച്ചുവരാനാണ് പാർട്ടി ലക്ഷ്യമിടുന്നതെന്നായിരുന്നു സിങ്ങിന്റെ പ്രസ്താവന. അതിനിടെ നിതീഷ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ തുടർച്ചയായി ബഹിഷ്കരിക്കുന്നതും ബിജെപിയെ ചൊടിപ്പിച്ചിട്ടുണ്ട്. 

2020 ൽ നിയമസഭയിലേറ്റ തിരിച്ചടി പരിഹരിക്കുന്നതിനും സംസ്ഥാനത്തെ ഏറ്റവും വലിയ ശക്തിയാകാനുമുള്ള പ്രവർത്തനം നടക്കുകയാണെന്നാണ് രാജീവ് രഞ്ജൻ സിങ് എന്ന ലാലന്റെ പ്രസ്താവന. നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഒരു വർഷത്തിനുശേഷം നിയമസഭാ തെരഞ്ഞെടുപ്പിലും മത്സരിക്കുമെന്ന ബിജെപിയുടെ പ്രസ്താവനയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടിയായാണ് ലാലൻ പരാമർശം നടത്തിയത്.
നാളെ എന്താകുമെന്ന് ആര് കണ്ടു. പാർട്ടിയെ വീണ്ടും ഒന്നാം നമ്പർ ആക്കാനുള്ള ശ്രമത്തിലാണ് ഞങ്ങൾ. 2024 ഉം 25 ഉം വളരെ ദൂരെയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗൂഢാലോചനമൂലം നഷ്ടപ്പെട്ട ശക്തി വീണ്ടെടുക്കണം- ലോക് ജനശക്തി നേതാവ് ചിരാഗ് പാസ്വാന്റെ നിലപാടിനെ വിമർശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. 

ദേശീയ ജനാധിപത്യ സഖ്യം വലിയ കുഴപ്പത്തിലാണെന്ന് ആർജെഡി വക്താവ് മൃത്യുഞ്ജയ് തിവാരിയും ആരോപിച്ചു. സമാജ്‍വാദി (സോഷ്യലിസ്റ്റ്) പശ്ചാത്തലമുള്ള നിതീഷ് കുമാറിന് ബിജെപിയുടെ ഹിന്ദുത്വ അജണ്ട ഉൾക്കൊള്ളാൻ കഴിയില്ലെന്നും തിവാരി പറഞ്ഞു. 2015 ലേതുപോലെ ജെഡിയു-ആർജെഡി സഖ്യത്തിന് സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്കിയില്ല.
അതേസമയം ഒരു മാസത്തിനിടെ രണ്ടുതവണയാണ് നിതീഷ് കുമാർ പ്രധാനമന്ത്രി മോഡിയുടെ യോഗം ഒഴിവാക്കിയത്. തിങ്കളാഴ്ച ഡൽഹിയിൽ ചേരുന്ന നിതി ആയോഗിന്റെ യോഗത്തിൽ ബിഹാറിൽ നിന്ന് പ്രതിനിധി ഉണ്ടാകില്ലെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. അതേദിവസം ജനതാ ദർബാർ നടത്താൻ ഒരുങ്ങുകയാണ് മുഖ്യമന്ത്രി. കോവിഡ് ബാധയെ തുടർന്ന് റദ്ദാക്കിയ പരിപാടികൾ പുനരാരംഭിക്കുകയാണെന്നാണ് അധികൃതർ പറയുന്നത്. നേരത്തെ മോഡി നടത്തിയ അത്താഴ വിരുന്നിൽ നിന്നും നിതീഷ് കുമാർ വിട്ടുനിന്നിരുന്നു. 

കഴിഞ്ഞ മാസം സ്ഥാനമൊഴിഞ്ഞ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് പ്രധാനമന്ത്രി നൽകിയ അത്താഴവിരുന്നിൽ നിന്നും രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ സ്ഥാനാരോഹണത്തിൽ നിന്നും നിതീഷ് കുമാർ വിട്ടുനിന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തിനും അദ്ദേഹം പ്രതിനിധിയെയാണ് അയച്ചത്. അഗ്നിപഥ് പദ്ധതി, ജാതി സെൻസസ് തുടങ്ങിയ വിഷയങ്ങളിലുൾപ്പെടെ ഇരു പാർട്ടികളും തമ്മിലുള്ള തർക്കമാണ് ഇപ്പോൾ ശക്തിപ്രാപിച്ചിരിക്കുന്നത്.

Eng­lish Sum­ma­ry: NDA alliance to col­lapse in Bihar; JDU boy­cotts Modi

You may like this video alsoo

Exit mobile version