Site iconSite icon Janayugom Online

ലോകത്ത് പകുതിയോളം അവിചാരിത ഗര്‍ഭധാരണങ്ങള്‍

ലോകത്തിലെ 50 ശതമാനം ഗര്‍ഭധാരണങ്ങളും അവിചാരിത ഗര്‍ഭധാരണങ്ങളെന്ന് ഐക്യരാഷ്ട്ര സഭ റിപ്പോര്‍ട്ട്. ഇത്തരത്തിലുള്ള ഗര്‍ഭധാരണങ്ങളുടെ 60 ശതമാനവും ചെന്നവസാനിക്കുന്നത് ഗര്‍ഭഛിദ്രത്തിലാണെന്നും 45 ശതമാനം ഗര്‍ഭഛിദ്രങ്ങളും സുരക്ഷിതമായല്ല നടത്തുന്നതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ഐക്യരാഷ്ട്ര സഭ പോപുലേഷന്‍ ഫണ്ടി (യുഎന്‍എഫ്പിഎ) ന്റെ കണക്കുകള്‍ പ്രകാരം മഹാമാരി സമയത്ത് ദരിദ്ര രാജ്യങ്ങളിലെ 120 ലക്ഷം സ്ത്രീകള്‍ക്ക് ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ലഭ്യമായിട്ടില്ലെന്ന് പറയുന്നു. ഇത് 14 ലക്ഷം അപ്രതീക്ഷിത ഗര്‍ഭധാരണങ്ങള്‍ക്ക് കാരണമായി.
റഷ്യയുമായുള്ള സംഘർഷം തുടരുന്ന ഉക്രെയ്നിലും സ്ഥിതിഗതികൾ വളരെ മോശമാണ്.

യുദ്ധ സാഹചര്യം നിലനില്‍ക്കുന്ന ഉക്രെയ്നില്‍ 2,65,000 സ്ത്രീകള്‍ ഗര്‍ഭിണികളാണെന്നും, ഇതില്‍ 80,000 പേര്‍ മൂന്ന് മാസത്തിനുള്ളില്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുമെന്നും യുഎന്‍ ചൂണ്ടിക്കാട്ടുന്നു. ഇവര്‍ക്ക് കൃത്യമായ പരിചരണം ലഭിച്ചില്ലെങ്കില്‍ മാതൃമരണനിരക്കും രോഗാവസ്ഥയും വര്‍ധിക്കാന്‍ കാരണമാകുമെന്നും യുഎന്‍എഫ്പിഎ ഡയറക്ടര്‍ മോനിക്ക ഫെറേറ മുന്നറിയിപ്പ് നല്‍കുന്നു.

അഞ്ച് മുതല്‍ 15 ശതമാനം അപ്രതീക്ഷിത ഗര്‍ഭധാരണങ്ങള്‍ മാതൃമരണങ്ങള്‍ക്ക് കാരണമാകുന്നു. ലൈംഗികവും പ്രത്യുല്പാദനപരവുമായ ആരോഗ്യ സേവനങ്ങളുടെ ലഭ്യതക്കുറവ് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പശ്ചാത്തലത്തിലുള്ള സ്ത്രീകളെ ഗുരുതരമായി ബാധിക്കുന്നു. അതുകൊണ്ടുതന്നെ സര്‍ക്കാരുകളും സ്വകാര്യ മേഖലയിലും ആരോഗ്യ രംഗത്ത് കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്തേണ്ടതുണ്ടെന്നും ഐക്യരാഷ്ട്ര സഭ നിര്‍ദേശിക്കുന്നു.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സ്കൂളുകള്‍ അടച്ചുപൂട്ടിയത് 110 ലക്ഷം പെണ്‍കുട്ടികളെ വിദ്യാഭ്യാസത്തില്‍ നിന്നും അകറ്റി നിര്‍ത്തി. ഈ അടച്ചുപൂട്ടലുകൾ പെൺകുട്ടികളുടെ അവകാശങ്ങളില്‍ കൈവരിച്ച പുരോഗതിയെ പിന്നോട്ടടിച്ചു. നിരവധി കുടുംബങ്ങള്‍ പെണ്‍കുട്ടികളെ നേരത്തെയുള്ള വിവാഹങ്ങള്‍ക്ക് നിര്‍ബന്ധിക്കുകയും അവരുടെ ആരോഗ്യവും വികാസവും അപകടത്തിലാക്കുകയും ചെയ്തുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ആരോഗ്യത്തിനായി നടത്തുന്ന നിക്ഷേപങ്ങള്‍ക്ക് സമാനമായി വിദ്യാഭ്യാസ അവസരങ്ങളിലും ഇത്തരത്തിലുള്ള നിക്ഷേപങ്ങള്‍ ഉണ്ടാകണമെന്നും യുഎന്‍ ശുപാര്‍ശ ചെയ്യുന്നു.

Eng­lish summary;Nearly half of all preg­nan­cies in the world are occur in unexpected

You may also like this video;

YouTube video player
Exit mobile version