Site iconSite icon Janayugom Online

നെടുമ്പാശേരിയില്‍ സ്വര്‍ണം മുക്കിയ തോര്‍ത്തുമായി തൃശൂര്‍ സ്വദേശി പിടിയില്‍

സ്വർണ്ണക്കടത്ത് തടയാൻ നടപടികൾ ശക്തമാക്കിയതോടെ കസ്റ്റംസിനെ കബളിപ്പിക്കാൻ പുതിയ രീതി പരീക്ഷിച്ച യാത്രക്കാരൻ കസ്റ്റംസിന്റെ വലയിൽ കുടുങ്ങി. ഈ മാസം 10ന് ദുബായിൽ നിന്നും സ്പൈസ് ജെറ്റിൽ നെടുമ്പാശ്ശേരിയിൽ എത്തിയ തൃശ്ശൂർ സ്വദേശിയായ ഫഹദ്(26) ആണ് സ്വർണ്ണം കടത്താൻ പുതിയ രീതി പരീക്ഷിച്ച് കസ്റ്റംസിന്റെ വലയിലായത്. ദ്രാവക രൂപത്തിലുള്ള സ്വർണ്ണത്തിൽ തോർത്തുകൾ (ബാത്ത് ടൗവ്വലുകൾ) മുക്കിയെടുത്തശേഷം ഇവ നന്നായി പായ്ക്ക് ചെയ്ത് സ്വർണ്ണം കടത്താനാണ് ഫഹദ് ശ്രമിച്ചത്. 

പരിശോധനയിൽ ഇയാളുടെ കൈവശമുണ്ടായിരുന്ന ബാഗിലെ തോർത്തുകൾക്ക് നനവ് ഉള്ളതായി കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് സംശയം തോന്നി. ഇത് സംബന്ധിച്ച് ഉദ്യോഗസ്ഥർ ചോദിച്ചപ്പോൾ വിമാനത്താവളത്തിലേക്ക് പുറപ്പെടും മുൻപ് കുളിച്ചതാണെന്നും തോർത്ത് ഉണങ്ങാൻ സമയം ലഭിച്ചില്ലെന്നുമായിരുന്നു മറുപടി. വിശദമായി പരിശോധന നടത്തിയതോടെ സമാന രീതിയിൽ കൂടുതൽ തോർത്തുകൾ കണ്ടെത്തി. ഇതോടെയാണ് സ്വർണ്ണക്കടത്തിനായി ഉപയോഗിച്ച പുതിയ മാർഗ്ഗത്തിന്റെ ചുരുൾ അഴിഞ്ഞത്. സ്വർണ്ണത്തിൽ മുക്കിയ അഞ്ചു തോർത്തുകളാണ് (ബാത്ത് ടൗവ്വലുകൾ) എയർ കസ്റ്റംസ് ഇയാളുടെ ബാഗിൽ നിന്നും പിടിച്ചെടുത്തത്. 

ഈ തോർത്തുകളിൽ എത്ര സ്വർണ്ണം ഉണ്ടാകുമെന്നു കൃത്യമായി പറയാൻ കുറച്ചു ദിവസങ്ങൾ കൂടിയെടുക്കുമെന്നും ശാസ്ത്രീയമായ രീതിയിലുള്ള പരിശോധനകൾ തുടരുകയാണെന്നും കസ്റ്റംസ് അധികൃതർ അറിയിച്ചു. അതി സങ്കീർണമായ മാർഗ്ഗം ഉപയോഗിച്ചാണ് ഇതിൽ നിന്നും സ്വർണം വേർതിരിച്ചെടുക്കുന്നതെന്നും സുരക്ഷാ കാരണങ്ങളാൽ ഇത് വെളിപ്പെടുത്താൻ കഴിയില്ലെന്നും കസ്റ്റംസ് അധികൃതർ വ്യക്തമാക്കി. ആദ്യമായിട്ടാണ് ഇത്തരത്തിൽ സ്വർണ്ണം കടത്തുന്നതെന്നും കസ്റ്റംസ് അധികൃതർ അറിയിച്ചു. ശരീരത്തിൽ ഒളിപ്പിച്ച് കടത്ത് തുടർച്ചയായി പിടിക്കപ്പെട്ടപ്പോഴാണ് കള്ളക്കടത്തിന് പിന്നിലുള്ളവർ പുതിയ മേച്ചിൽപ്പുറങ്ങൾ തേടിയതെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തൽ. ഇതോടെ ജാഗ്രത കൂടുതൽ ശക്തമാക്കിയിരിക്കുകയാണ് കസ്റ്റംസ്. 

Eng­lish Sum­ma­ry: Nedum­bassery gold smug­gling again; This time it was gold-dipped Thorth
You may also like this video

Exit mobile version