Site icon Janayugom Online

കലാതപസ്വിക്ക് വിട…

മലയാളത്തിന്റെ കലാതപസ്വിക്ക് കലാകേരളം വിടചൊല്ലി. തിങ്കളാഴ്ച അന്തരിച്ച നെടുമുടി വേണുവിന്റെ ഭൗതികദേഹം സർക്കാരിന്റെ പൂർണ ഔദ്യോഗിക ബഹുമതികളോടെ ശാന്തികവാടത്തില്‍ സംസ്കരിച്ചു. വട്ടിയൂർക്കാവ് തിട്ടമംഗലത്തെ വസതിയിൽ നിന്നും രാവിലെ പത്തേകാലോടെ അയ്യൻകാളി ഹാളില്‍ എത്തിച്ച മൃതദേഹം ഉച്ചയ്ക്ക് ഒരുമണിവരെ പൊതുദര്‍ശനത്തിന് വച്ചു. രാഷ്ട്രീയ, സാമൂഹിക, സാംസ് കാരിക, സിനിമ രംഗത്തെ നിരവധി പ്രമുഖരടക്കം വൻ ജനാവലിയാണ് പ്രിയപ്പെട്ട നെടുമുടി വേണുവിനെ ഒരുനോക്കു കാണാൻ ഒഴുകിയെത്തിയത്. നെടുമുടി വേണു പാടിയതും അരങ്ങിലും വെള്ളിത്തിരയിലും പാടി അഭിനയിച്ചതുമായ ഗാനങ്ങൾ കോർത്തിണക്കി കാവാലം ശ്രീകുമാറിന്റെ നേതൃത്വത്തിൽ സുഹൃത്തുക്കൾ‍ ഗാനാർച്ചന നടത്തി. വിലാപയാത്രയായി തൈക്കാട് ശാന്തികവാടത്തിൽ എത്തിച്ചശേഷം സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്ക്കരിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എംപി, അസിസ്റ്റന്റ് സെക്രട്ടറി സത്യന്‍ മൊകേരി, നിയമസഭ സ്പീക്കര്‍ എം ബി രാജേഷ്, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, മന്ത്രിമാരായ കെ രാജൻ, ജി ആര്‍ അനില്‍, പി പ്രസാദ്, ചിഞ്ചു റാണി, സജി ചെറിയാന്‍, ഡോ. ആര്‍ ബിന്ദു, മുഹമ്മദ് റിയാസ്, വി ശിവന്‍കുട്ടി, അഹമ്മദ് ദേവര്‍കോവില്‍, വീണാ ജോര്‍ജ്ജ്, ആന്റണി രാജു, പി രാജീവ്, കെ രാധാകൃഷ്ണന്‍, എ കെ ശശീന്ദ്രന്‍, എം വി ഗോവിന്ദന്‍ , കെ എന്‍ ബാലഗോപാല്‍ തുടങ്ങിയവരും ശശി തരൂര്‍ എം പി, സി ദിവാകരന്‍, ഇ ചന്ദ്രശേഖരൻ തുടങ്ങി നിരവധി എംഎൽഎമാർ, മേയര്‍ ആര്യ രാജേന്ദ്രന്‍, ഡെപ്യൂട്ടി മേയര്‍ പി കെ രാജു, മറ്റു ജനപ്രതിനിധികൾ, ബഹുജന — സര്‍വീസ് സംഘടനാ നേതാക്കള്‍ തുടങ്ങി നിരവധി പ്രമുഖർ അയ്യൻകാളി ഹാളിൽ എത്തി അന്തിമോപചാരം അർപ്പിച്ചു.

സിനിമ മേഖലയിൽ നിന്നും അടൂര്‍ ഗോപാലകൃഷ്ണന്‍, കമൽ, സുരേഷ്, രഞ്ജിത്, ര‍ഞ്ജിത് മണമ്പ്രക്കാട്ടിൽ, ശ്രീനിവാസന്‍, വീനിത്, മണിയന്‍പിള്ള രാജു, ഇടവേള ബാബു, ടി പി മാധവന്‍, മധുപാല്‍, സുധീര്‍ കരമന, മേനക സുരേഷ്, ജലജ, മുകേഷ്, സണ്ണിവെയ്ന്‍ തുടങ്ങി നിരവധിപേരും സംസ്കാരിക രംഗത്തെ പ്രമുഖരും അന്ത്യാഞ്ജലി അർപ്പിച്ചു. വട്ടിയൂര്‍ക്കാവിലെ വീട്ടില്‍ തിങ്കളാഴ്ച രാത്രി പത്തരയോടെ മമ്മൂട്ടിയും പുലർച്ചെ ഒന്നരയോടെ മോഹൻലാലും പ്രിയ സുഹൃത്തിന് അന്തിമോപചാരം അർപ്പിച്ചു. നെടുമുടിവേണുവിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോഡി ട്വിറ്ററിലൂടെ അനുശോചനം രേഖപ്പെടുത്തി.

ഉദരസംബന്ധമായ രോഗത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു നെടുമുടി വേണുവിന്റെ അന്ത്യം.

Exit mobile version