Site icon Janayugom Online

അതിരുകാക്കും മലയൊന്നു തുടുത്തേ…: പാട്ടുകളിലൂടെ വേണു.…

venu

ലയാള സിനിമാ രംഗം പൂർണമാകണമെങ്കിൽ അതിൽ നെടുമുടി വേണു എന്ന പ്രതിഭാധനന്റെ സാന്നിദ്ധ്യംകൂടി വേണം. മലയാളത്തെ അത്യധികം സ്നേഹിച്ച നടൻ നിരവധി പാട്ടുകളും നമുക്ക് സമ്മാനിച്ചു. ടെലിവിഷൻ ഷോകളിൽ പങ്കെടുക്കുമ്പോഴെല്ലാം അദ്ദേഹം മലയാളത്തിന്റെ വൈവിധ്യം കഥകളിലൂടെയും ഗാനങ്ങളിലൂടെയും ഓർമ്മിപ്പിച്ചുകൊണ്ടേയിരുന്നു.

മലയാളത്തിന്റെ പ്രത്യേകത എന്തെന്ന് ചോദിച്ചാൽ — യ, ര, ല, വ, ശ, ഷ, സ, ഹ, ള, ഴ, റ എന്നിങ്ങനെയുള്ള അക്ഷരങ്ങളാണെന്ന് അദ്ദേഹം പറയും. ഇത്രയും വാക്കുകൾ ഉച്ചാരണ ശുദ്ധിയോടെ ഒറ്റശ്വാസത്തിൽ പറയാൻ കഴിയുന്നവർ മലയാളികളാണെന്നും അദ്ദേഹം പറയും. കാവാലം നാരായണപ്പണിക്കരുടെ മലയാളിത്തം നിറഞ്ഞ കവിതകൾ ഒട്ടുമിക്ക സ്റ്റേജുകളിലും അദ്ദേഹം ചൊല്ലിക്കേൾപ്പിച്ചു.

നെടുമുടി വേണു എന്ന് കേൾക്കുമ്പോൾ തന്നെ ചലച്ചിത്രാസ്വാകരുടെ മനസിൽ ആദ്യമെത്തുക ‘സർവകലാശാല’ എന്ന ചിത്രത്തിലെ ‘അതിരുകാക്കും മലയൊന്നു തുടുത്തേ’ എന്ന് തുടങ്ങുന്ന ഗാനമാണ്. കാവാലത്തിന്റെ വരികൾക്ക് എം. ജി. രാധാകൃഷ്ണനായിരുന്നു ഈണം നൽകിയത്.

 

ആലായാൽ തറ വേണം എന്ന കാവാലം നാരായണപ്പണിക്കരുടെ ഗാനം മലയാളികൾ ഹൃദിസ്ഥമാക്കിയത് നെടുമുടി വേണുവിന്റെ ശബ്ദത്തിലൂടെയാണ്. 1982‑ൽ മോഹന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ആലോലം എന്ന സിനിമയ്ക്ക് വേണ്ടിയായിരുന്നു ആ ഗാനം ഉപയോഗപ്പെടുത്തിയത്.

സ്നേഹപൂർവം മീര എന്ന എന്ന ചിത്രത്തിന് വേണ്ടി കുഞ്ഞുണ്ണി മാഷ് രചിച്ച നാല് ഗാനങ്ങൾ നെടുമുടി വേണു ആലപിച്ചു. എം. ജി. രാധാകൃഷ്ണന്റെ ഈണത്തിലായിരുന്നു ചിത്രത്തിലെ ഗാനങ്ങൾ. 1981 ൽ റിലീസായ വേനൽ എന്ന ചിത്രത്തിന് വേണ്ടി നീ തന്നെ എന്ന കാവ്യാത്മകഗാനവും നെടുമുടി വേണു ആലപിച്ചിരുന്നു.

തുടർന്ന് 1983 ൽ പുറത്തിറങ്ങിയ ആശ്രയം, മണ്ടൻമാർ ലണ്ടനിൽ തുടങ്ങിയ ചിത്രങ്ങളിലെ രണ്ട് ഗാനങ്ങൾ എം. ബി. ശ്രീനിവാസന്റേയും ശ്യാമിന്റേയും സംഗീതത്തിൽ നെടുമുടി വേണു ആലപിച്ചു. ആശ്രയത്തിലെ പിറന്നാളില്ലാതെ എന്ന ഗാനം യേശുദാസിനും ജാനകിയ്ക്കുമൊപ്പവും മണ്ടൻമാർ ലണ്ടനിൽ എന്ന ചിത്രത്തിലെ ഗാനം സി. ഒ. ആന്റോയ്ക്കൊപ്പവുമാണ് അദ്ദേഹം പാടിയത്. പിന്നീട് 1985 ൽ കാവാലത്തിന്റെ വരികൾക്ക് എം. ജി. രാധാകൃഷ്ണൻ ഈണം പകർന്ന ഒരിടത്തൊരിടത്ത്(ചിത്രം: എനിക്കും എനിക്കും ഇടയ്ക്ക്) എന്ന ഗാനം ഷാജിനിക്കൊപ്പം നെടുമുടി വേണു പാടി. 1986 ൽ ധീം തരികിട തോം എന്ന സിനിമയ്ക്ക് വേണ്ടി മൂന്ന് ഗാനങ്ങളാണ് നെടുമുടി വേണു പാടിയത്. ഗാനങ്ങളുടെ രചനയും സംഗീതവും അദ്ദേഹത്തിന്റേതായിരുന്നു.

ബോംബെ രവിയുടെ ഈണത്തിൽ 1987 ൽ തീർഥം എന്ന ചിത്രത്തിന് വേണ്ടി കാവാലവും ബാലചന്ദ്രൻ ചുള്ളിക്കാടും ചേർന്ന് രചിച്ച രണ്ട് ഗാനങ്ങൾക്കും നെടുമുടി വേണു ശബ്ദം പകർന്നു.

അക്കൊല്ലം തന്നെ പുറത്തിറങ്ങിയ എഴുതാപ്പുറങ്ങൾ എന്ന സിനിമയ്ക്ക് വേണ്ടി ഒരു ഗാനം അദ്ദേഹം എഴുതി ഈണമിട്ട് പാടി. അതേ ചിത്രത്തിലെ പാടുവാനായി വന്നു നിന്റെ എന്നാരംഭിക്കുന്ന ഗാനത്തിന്റെ ആദ്യഭാഗത്ത് നെടുമുടി വേണുവിന്റെ ശബ്ദം ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഒഎൻവി കുറുപ്പിന്റെ വരികൾക്ക് വിദ്യാധരൻ മാസ്റ്ററായിരുന്നു സംഗീതം നൽകിയത്.

 

1989 ൽ പുറത്തിറങ്ങിയ വന്ദനത്തിലേയും പൂരത്തിലേയും ഗാനങ്ങൾക്ക് ആ അതുല്യകലാകാരന്റെ ശബ്ദം സംഗീതസംവിധായകർ ഉപയോഗപ്പെടുത്തി. പിന്നീട് പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം സ്വന്തം ലേഖകൻ എന്ന സിനിമയ്ക്ക് വേണ്ടിയാണ് അദ്ദേഹം ഗാനരംഗത്ത് പങ്കാളിയായത്. 2016 ൽ പാവാട എന്ന സിനിമയ്ക്ക് വേണ്ടി ഇഹലോകജീവിതം എന്ന പാട്ട് അദ്ദേഹം പാടി. 2019 ൽ തെളിവ് എന്ന ചിത്രത്തിന് വേണ്ടി അദ്ദേഹം തന്നെ രചിച്ച് ഈണമിട്ട എവിടെ അവൾ എന്ന തെരുവുനാടകഗാനമാണ് നെടുമുടി വേണുവിന്റെ ശബ്ദത്തിൽ റെക്കോഡ് ചെയ്ത അവസാന സിനിമാഗാനം.

 

സിനിമാ ഗാനരംഗങ്ങളിലെ അഭിനയത്തിനും പ്രത്യേക ശൈലി സൂക്ഷിച്ചിരുന്നു നെടുമുടിവേണു. 1978ൽ പുറത്തിറങ്ങിയ ആരവം എന്ന ചിത്രത്തിലെ ‘മുക്കുറ്റി തിരുതാളി’ എന്ന് തുടങ്ങുന്ന താളാത്മകമായ ഗാനത്തിൽ അദ്ദേഹത്തിന്റെ ശരീര ഭാഷയും അഭിനയവുമെല്ലാം കൗതുകമുണർത്തുന്നതുകൂടെയായിരുന്നു. വാദ്യോപകരണങ്ങളോടുള്ള അദ്ദേഹത്തിന്റെ ഇഷ്ടം, ഗാനരംഗങ്ങളിൽ മികവ് പുലർത്താൻ അദ്ദേഹത്തെ വളരെയധികം സഹായിച്ചിട്ടുണ്ട്. ഭരതം, ഹിസ് ഹൈനസ് അബ്ദുള്ള, ചിത്ര തുടങ്ങിയ എല്ലാ ചിത്രങ്ങളിലും അദ്ദേഹത്തിന്റെ സംഗീതത്തിലുള്ള ജ്ഞാനം വ്യക്തമായി അറിയാൻ കഴിയും.

Exit mobile version