Site icon Janayugom Online

സ്കൂള്‍ കെട്ടാന്‍ പണം വേണം: കഴുത്തില്‍കിടന്ന മാല ഊരി നല്‍കി ബിന്ദു ടീച്ചര്‍

Bindu teacher

നൂറ്റാണ്ടു പഴക്കമുണ്ടായിട്ടും വാടകകെട്ടിടത്തിൽ പ്രവർത്തിക്കുന്ന കൊണ്ടോട്ടിയിലെ നെടിയിരുപ്പ് ജിഎൽപി സ്കുളിന് സ്വന്തമായി സ്ഥലവും കെട്ടിടവും കണ്ടെത്തുന്നതിനായി നാട്ടുകാർ വിളിച്ചു ചേർത്ത ജനകീയ സമിതിയോഗം പുരോഗമിച്ചുകൊണ്ടിരിക്കുന്നു. ജനകീയ സമിതി ചെയർമാൻ ദിലീപ് മൊടപ്പിലേശ്ശേരി സംരഭിത്തിന്നായി ആദ്യസഹായമായ ഒരു ലക്ഷം രൂപയുടെ ചെക്ക് സംഭവാന ചെയതു. യോഗത്തിൽ പങ്കെടുക്കുന്ന ആരെങ്കിലും സ്കുളിനു സഹായം നൽകാൻ തയ്യാറുണ്ടെങ്കിൽ ആവാമെന്ന് അധ്യക്ഷൻ. പിന്നെ സ്കൂൾ പ്രധാനാധ്യാപിക ബിന്ദു ജയഘോഷിന് രണ്ടാമതൊന്നും ആലോചിക്കേണ്ടിവന്നില്ല, ആർക്കും വേണ്ടി കാത്തുനിന്നതുമില്ല. കഴുത്തിലണിഞ്ഞിരുന്ന രണ്ടുപവൻ സ്വർണ്ണമാല വേദിയിൽ വെച്ചു തന്നെ ഊരി ജനകീയ കൂട്ടായ്മക്കു കൈമാറി. യോഗത്തിൽ പങ്കെടുത്ത നാട്ടുകാരും രക്ഷിതാക്കളും വിദ്യാർത്ഥികളും നിറകൈയ്യടിയോടെ ബിന്ദു ടീച്ചറെ അനുമോദിച്ചു. എന്റെ സ്കൂളിന് സ്വന്തമായി സ്ഥലവും കെട്ടിടവും വേണം. അതിന് എന്നാൽ എന്തെല്ലാം ചെയ്യാൻ കഴിയുമൊ അതെല്ലാം ചെയ്യും. പഴകി ജീർണ്ണിച്ച ഈ സ്കളിന്റെ ദുരവസ്ഥ മാറണം. അതിന് നാട്ടുകാർക്കൊപ്പം അധ്യാപകരും രംഗത്തുണ്ടാവണം. സൗജന്യമായി 15 സെന്റ് സ്ഥലം നൽകാൻ കെട്ടിട ഉടമ തയ്യാറായ സാഹചര്യത്തിൽ എന്റെ ഈ സഹായം വളരെ ചെറുതാണ്. ഒരിക്കലും സ്വർണ്ണമാല ഊരി നൽകാനുള്ള ആലോചനയേ ഉണ്ടായിരുന്നില്ല. ആ സന്ദർഭം വൈകാരിമായി തോന്നി, പിന്നെ ഒന്നും നോക്കിയില്ല… ബിന്ദു ടീച്ചർ പറഞ്ഞു.
വാടക കെട്ടിടത്തിലായതിനാൽ 1914 ൽ സ്ഥാപിതമായിട്ടും നെടയിരിപ്പ് സ്കുളിന് ഗവൺമെന്റ് സഹായങ്ങളൊന്നും തന്നെ ലഭിച്ചിരുന്നില്ല. ശൗചാലയമടക്കമുള്ള സൗകര്യങ്ങൾ നാട്ടുകാരുടെയും പിടിഎ യുടേയും സഹായത്തോടെ നിർമ്മിക്കുകയായിരുന്നു. ഇപ്പോൾ സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലത്തിൽ 15 സെന്റ് സൗജന്യമായി നൽകാൻ ഉടമ തയ്യാറാതോടെയാണ് ബാക്കി വരുന്ന 50സെന്റിനുള്ള പണം കണ്ടെത്താൻ നാട്ടുകാർ പ്രവർത്തനങ്ങൾ തുടങ്ങിയത്. വളരെ കുറഞ്ഞ വിലയിൽ തന്നെ 50 സെന്റ് നൽകാനും ഇപ്പോൾ കെട്ടിട ഉടമ തയ്യാറായിട്ടുമുണ്ട്. 2008 മുതൽ ഈ സ്കൂളിലെ അധ്യാപികയാണ് ബിന്ദു. അഞ്ചുവരെ വരെ ക്ലാസ്സുകളെയുള്ള സ്കൂളിൽ 250 ഓളം കുട്ടികളും ഏഴ് അധ്യാപകരുമാണുള്ളത്. പൊതുവിദ്യാലയത്തിന്റെ അതിജീവനത്തിന്നായി ബിന്ദു ടീച്ചർ കാണിച്ച സന്മനസ്സ് വലിയ ചർച്ചയായതോടെ നെടിയിരുപ്പ് സ്കുളിന്റെ ദുഃസ്ഥിതിക്ക് വലിയ കാലതാമസം കൂടാതെ പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.

 

Eng­lish Sum­ma­ry: Need mon­ey to build a school: Bindu teacher pulls out a neck­lace around her neck

 

You may like this video also

Exit mobile version