Site iconSite icon Janayugom Online

ജാമ്യ നടപടികള്‍ വേഗത്തിലാക്കാന്‍ പ്രത്യേക നിയമം വേണം: സുപ്രീം കോടതി

ജാമ്യ നടപടികള്‍ വേഗത്തിലാക്കാന്‍ പ്രത്യേക ജാമ്യ നിയമം കൊണ്ടുവരണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി ശുപാര്‍ശ ചെയ്തു. ജസ്റ്റിസുമാരായ എസ് കെ കൗള്‍, എം എം സുന്ദരേഷ് എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റേതാണ് നിര്‍ദ്ദേശം.
പ്രത്യേക ജാമ്യ നിയമം നടപ്പാക്കുന്നത് ജാമ്യ നടപടികള്‍ വേഗത്തിലാക്കാന്‍ സഹായിക്കും. സിബിഐയും സത്യേന്ദ്രകുമാര്‍ അന്തിലും തമ്മിലുള്ള കേസിലെ വിധിയിലാണ് ജസ്റ്റിസ് കെ കൗള്‍ അധ്യക്ഷനായ ബെഞ്ച് ശ്രദ്ധേയമായ നിരീക്ഷണം നടത്തിയത്. അറസ്റ്റില്‍ പാലിക്കേണ്ട നടപടി ക്രമങ്ങളും ജാമ്യ ഹര്‍ജികളില്‍ തീര്‍പ്പാക്കാനുള്ള സമയപരിധി സംബന്ധിച്ച നിര്‍ദ്ദേശങ്ങളും ഇതോടൊപ്പം കോടതി പുറപ്പെടുവിച്ചു. രാജ്യത്തെ ജാമ്യ തടവുകാരുടെ കാര്യത്തിലും അന്വേഷണ ഏജന്‍സികള്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കാതിരിക്കാന്‍ നടത്തുന്ന നിയമപരമായ ഒളിച്ചുകളിയിലും ശക്തമായ ഇടപെടലാണ് സുപ്രീം കോടതി നടത്തിയിരിക്കുന്നത്.
അന്വേഷണ ഏജന്‍സികളും അതിലെ ഉദ്യോഗസ്ഥരും സിആര്‍പിസിയിലെ 41, 41 എ വകുപ്പുകള്‍ പ്രകാരം, അര്‍നേഷ് കുമാര്‍ കേസിന്റെ വിധിയില്‍ പ്രസ്താവിച്ച നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കണം. അതില്‍ വീഴ്ചവരുത്തിയാല്‍ പ്രതിക്ക് ജാമ്യത്തിന് അവകാശമുണ്ട്. സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും ഇത്തരമൊരു ഉത്തരവ് ബാധകമാണെന്നും അത് പാലിക്കണമെന്ന നിര്‍ദ്ദേശം നിലനില്‍ക്കുകയുമാണ്. ഡല്‍ഹി ഹൈക്കോടതി 2018ല്‍ പുറപ്പെടുവിച്ച ഉത്തരവും ബെഞ്ച് ഉത്തരവില്‍ പരാമര്‍ശിച്ചു.
ജാമ്യാപേക്ഷ രണ്ടാഴ്ചയ്ക്കുള്ളില്‍ തീര്‍പ്പാക്കണമെന്നായിരുന്നു സുപ്രീം കോടതി നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നത്. മുന്‍കൂര്‍ ജാമ്യ ഹര്‍ജികളില്‍ സമയ പരിധി ആറ് ആഴ്ചയാണ്. കര്‍ശന ജാമ്യ വ്യവസ്ഥകള്‍ ബാധകമാകാത്ത തടവുകാരെ കണ്ടെത്താന്‍ ഹൈക്കോടതികള്‍ നടപടി സ്വീകരിക്കണം. തുടര്‍ന്ന് അവരുടെ മോചനത്തിനായി സിആര്‍പിസി 440 പ്രകാരം നടപടികളെടുക്കണം. ജാമ്യക്കാരുടെ കാര്യത്തില്‍ 440 വകുപ്പ് അടിസ്ഥാനമാക്കിതന്നെ 436 എ വകുപ്പുകൂടി ജില്ലാ കോടതികളും ഹൈക്കോടതികളും പരിഗണിക്കണമെന്ന് നിര്‍ദ്ദേശവും സുപ്രീം കോടതി പുറപ്പെടുവിച്ചു.
ജാമ്യ വ്യവസ്ഥ സംബന്ധിച്ച പുതിയ നിര്‍ദ്ദേശങ്ങള്‍ സംസ്ഥാന‑കേന്ദ്ര ഭരണ പ്രദേശ സര്‍ക്കാരുകളും ഹൈക്കോടതികളും തല്‍സ്ഥിതി റിപ്പോര്‍ട്ട് വ്യക്തമാക്കുന്ന സത്യവാങ്മൂലം നാല് മാസത്തിനുള്ളില്‍ സമര്‍പ്പിക്കണമെന്നും സുപ്രീം കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. 

Eng­lish Sum­ma­ry: Need spe­cial law to speed up bail pro­ceed­ings: Supreme Court

You may like this video also

Exit mobile version