Site iconSite icon Janayugom Online

നീരജ് ചോപ്രയ്ക്ക് ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍

ഇന്ത്യയുടെ നീരജ് ചോപ്രയ്ക്ക് ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേട്ടം. ജാവലിന്‍ ത്രോയില്‍ 88.13 മീറ്റര്‍ പിന്നിട്ടാണ് മെഡല്‍ നേട്ടം. അഞ്ജു ബോബിജോര്‍ജിന് ശേഷം ഇന്ത്യക്ക് ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ കിട്ടുന്ന ആദ്യമെഡലാണ് നീരജ് സ്വന്തമാക്കിയത്. ഇന്ത്യയില്‍ നിന്നും ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ മെഡല്‍ കരസ്ഥമാക്കുന്ന ആദ്യ പുരുഷനെന്ന നേട്ടവും നീരജ് സ്വന്തമാക്കി. നിലവിലെ ചാംപ്യന്‍ ഗ്രനാഡയുടെ ആന്‍ഡേഴ്‌സന്‍ പീറ്റേഴ്‌സനാണ് സ്വര്‍ണ്ണം നേടിയത് (90.46).

ഇന്ത്യയുടെ മറ്റൊരു പ്രതീക്ഷയായിരുന്ന രോഹിത് യാദവ് 10-ാം സ്ഥാനത്തോടെ മെഡല്‍ പോരാട്ടത്തില്‍നിന്ന് പുറത്തായി. 78.72 മീറ്ററാണ് രോഹിത്തിന്റെ മികച്ച ദൂരം. ഫൗളുമായി പോരാട്ടം തുടങ്ങിയ നീരജ് ചോപ്ര, രണ്ടാം ശ്രമത്തില്‍ 82.39 മീറ്റര്‍ ദൂരം കണ്ടെത്തി അഞ്ചാം സ്ഥാനത്തായിരുന്നു. മൂന്നാം ശ്രമത്തില്‍ 86.37 മീറ്റര്‍ ദൂരം കണ്ടെത്തി നീരജ് നാലാം സ്ഥാനത്തെത്തി. മൂന്നാം ശ്രമത്തിലാണ് രോഹിത് യാദവും തന്റെ മികച്ച ദൂരമായി 78.72 മീറ്റര്‍ കണ്ടെത്തിയത്. മൂന്നാം റൗണ്ടിനു പിന്നാലെ മത്സരിക്കുന്ന 12 പേരില്‍ ഏറ്റവും മോശം പ്രകടനം നടത്തിയ നാലു പേര്‍ പുറത്തായി. ഇക്കൂട്ടത്തിലാണ് 10ാം സ്ഥാനവുമായി രോഹിത്തും മടങ്ങിയത്. ശേഷിക്കുന്ന എട്ടു പേര്‍ക്കായി നല്‍കിയ മൂന്ന് അവസരങ്ങളിലെ ആദ്യ ശ്രമത്തിലാണ് നീരജ് ചോപ്ര 88.13 മീറ്റര്‍ ദൂരത്തേക്ക് ജാവലില്‍ പായിച്ചത്. ഇതോടെ താരം രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു.

Eng­lish sum­ma­ry; Neer­aj Chopra wins sil­ver medal at World Ath­let­ics Championships

You may also like this video;

Exit mobile version