മുന്നാക്കക്കാരിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ നിശ്ചയിക്കുന്നതിലെ മാനദണ്ഡം മാറ്റുമെന്ന് കേന്ദ്രസർക്കാർ. നീറ്റ് ഓള്‍ ഇന്ത്യാ ക്വാട്ടയിൽ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുടെ വാര്‍ഷിക വരുമാനം എട്ടു ലക്ഷം രൂപയെന്ന പരിധി പുനഃപരിശോധിക്കുമെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് കേസിന്റെ വാദത്തിനിടെ ഇക്കാര്യം സുപ്രീം കോടതിയെ അറിയിച്ചത്.
രാജ്യത്ത് ആകെയുള്ള മെഡിക്കല്‍ പി ജി സീറ്റുകളില്‍ 50 ശതമാനമാണ് ഓള്‍ ഇന്ത്യാ ക്വാട്ട. ഇതില്‍ 27 ശതമാനം മറ്റ് പിന്നാക്ക വിഭാഗക്കാര്‍ക്കും പത്ത് ശതമാനം സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും സംവരണം ചെയ്ത കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ചോദ്യം ചെയ്തുള്ള ഹര്‍ജികളിലാണ് സാമ്പത്തിക പിന്നാക്കക്കാരുടെ വരുമാന പരിധി പുനഃപരിശോധിക്കാന്‍ സമിതിയെ നിയോഗിക്കുമെന്ന് കേന്ദ്രം വ്യക്തമാക്കിയത്.
വരുമാന പരിധി പുനഃപരിശോധിക്കാന്‍ നാലാഴ്ചത്തെ സമയം അനുവദിക്കണം. അതുവരെ മെഡിക്കല്‍ പിജി പ്രവേശനത്തിനുള്ള കൗണ്‍സിലിങ് മാറ്റിവയ്ക്കണമെന്നും തുഷാര്‍ മേത്ത ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചു.
ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, സൂര്യകാന്ത്, വിക്രംനാഥ് എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് കേസുകളില്‍ വാദം കേട്ടത്. കേസ് ഡിസംബര്‍ ആറിന് വീണ്ടും കോടതി പരിഗണിക്കും.
ENGLISH SUMMARY:neet All India quota will change the criteria for determining the backward of the advanced: Central Government
You may also like this video