Site iconSite icon Janayugom Online

അടിവസ്ത്രം അഴിച്ച് പരിശോധന; ഹൈക്കോടതി നോട്ടീസയച്ചു

കൊല്ലം ആയൂരിൽ നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാർത്ഥികളുടെ അടിവസ്ത്രമഴിപ്പിച്ച സംഭവത്തിൽ നാഷണൽ ടെസ്റ്റിങ് ഏജൻസിക്ക് നോട്ടീസയച്ച് ഹൈക്കോടതി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റേതാണ് നടപടി. നീറ്റ് പരീക്ഷാ നടത്തിപ്പിന് പൊതുവായ മാനദണ്ഡം നടപ്പിലാക്കാൻ നിർദ്ദേശിക്കണമെന്നും മാനസിക ബുദ്ധിമുട്ടുണ്ടായ പെൺകുട്ടികൾക്ക് കേന്ദ്ര സർക്കാർ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് നോട്ടീസയച്ചത്. ഹർജി ഹൈക്കോടതി നാളെ വീണ്ടും പരിഗണിക്കും.
ആയൂരിലെ സംഭവത്തിന്റെ പശ്ചാത്തലത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് തിരുവനന്തപുരം സ്വദേശിയാണ് ഹർജി നൽകിയത്. പരിശോധനയുടെ പേരിൽ മാനസിക സമ്മർദ്ദം നേരിട്ട കുട്ടികൾക്ക് പരീക്ഷ വീണ്ടും നടത്തണമെന്നും സൗജന്യ കൗൺസലിങ് അടക്കം നൽകാൻ ദേശീയ മനുഷ്യാവകാശ കമ്മിഷനോട് നിർദ്ദേശിക്കണമെന്നും ഹർജിയിൽ പറയുന്നു. നേരത്തെ കേസിൽ അറസ്റ്റിലായ എല്ലാ പ്രതികൾക്കും കടയ്ക്കൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം നൽകിയിരുന്നു.
സംഭവ ദിവസം പെൺകുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ചതോടെ മുടി പിന്നിലിട്ടാണ് അവർക്ക് പരീക്ഷയെഴുതേണ്ടി വന്നത്. മാത്രമല്ല പരീക്ഷ കഴിഞ്ഞിറങ്ങിയപ്പോൾ അടിവസ്ത്രം കൈയിൽ ചുരുട്ടികൊണ്ട് പോകാനാണ് പരിശോധകർ പറഞ്ഞതെന്നും വിദ്യാർത്ഥികർ വ്യക്തമാക്കുന്നു. പരീക്ഷയ്ക്ക് എത്തിയപ്പോൾ ഹുക്കുള്ള അടിവസ്ത്രമാണോയെന്ന് പരിശോധകർ ചോദിച്ചിരുന്നു. അതിനുശേഷം വസ്ത്രം മാറാൻ പറയുകയായിരുന്നു.
ആദ്യം പരിശോധകർ അടിവസ്ത്രം മാറാൻ പറഞ്ഞപ്പോൾ പലരും എതിർത്തില്ല. കാരണം അവർ കരുതിയത് വസ്ത്രം മാറാൻ അടച്ചുറപ്പുള്ള സുരക്ഷിതമായ മുറിയുണ്ടാകുമെന്നായിരുന്നു. എന്നാൽ, അവിടെയുണ്ടായിരുന്നത് ഒരു മേശ മാത്രമായിരുന്നെന്നും വിദ്യാർത്ഥികൾ പറയുന്നു. എല്ലാവരുടെയും അടിവസ്ത്രങ്ങൾ അഴിപ്പിച്ച് അതിലേക്ക് കൂട്ടിയിടുകയായിരുന്നു പരിശോധകർ ചെയ്തതെന്നും വിദ്യാർത്ഥികൾ വ്യക്തമാക്കി.
അതേസമയം വിദ്യാർത്ഥിനിയുടെ അടിവസ്ത്രം അഴിച്ചു പരിശോധിച്ച സംഭവത്തിൽ രേഖാമൂലം പരാതി ലഭിച്ചിട്ടില്ലെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) വ്യക്തമാക്കി. ഇതുസംബന്ധിച്ച് പരീക്ഷ നടന്ന സമയത്തോ അതിനുശേഷമോ യാതൊരു പരാതിയും ലഭിച്ചിട്ടില്ലെന്നും എൻടിഎ പറഞ്ഞു.

Eng­lish Sum­ma­ry: Neet exam inspec­tion; High Court sent notice

You may like this video also

Exit mobile version