Site iconSite icon Janayugom Online

‘നീറ്റാകണം’ നീറ്റ് പരീക്ഷ

രാജ്യത്തെ മെഡിക്കല്‍ പ്രവേശനത്തിനുള്ള പ്രവേശനപരീക്ഷയായ നീറ്റ് (നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ്) സംബന്ധിച്ച വിവാദം വീണ്ടുംവീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. പരീക്ഷാപ്പേപ്പര്‍ ചോര്‍ന്നുവെന്ന പരാതിയും സിബിഐ ഉള്‍പ്പെടെ ഏജന്‍സികളുടെ അന്വേഷണവും അറസ്റ്റും ഒരുവഴിക്ക് നടക്കുമ്പോള്‍ പരീക്ഷാനടത്തിപ്പ് ചുമതലയുള്ള നാഷണൽ ടെസ്റ്റിങ് ഏജൻസിയും കേന്ദ്ര സര്‍ക്കാരും സത്യം മറച്ചുവയ്ക്കാന്‍ പെടാപ്പാടുപെടുകയാണെന്ന് സുപ്രീം കോടതിയിലടക്കമുള്ള അവരുടെ നിലപാടുകള്‍ വെളിപ്പെടുത്തുന്നു. നീറ്റ് യുജി പരീക്ഷ റദ്ദാക്കി പുനഃപരീക്ഷ വേണമെന്ന ഹര്‍ജികള്‍ പരിഗണിച്ചുകൊണ്ട് പരമോന്നത നീതിപീഠം കഴിഞ്ഞദിവസം ഉയര്‍ത്തിയ സംശയവും സര്‍ക്കാരിന്റെയും എന്‍ടിഎയുടെയും വാദങ്ങളിലെ ദുരൂഹതയിലേക്ക് വിരല്‍ചൂണ്ടുന്നു. പരീക്ഷയ്ക്ക് വെറും 45 മിനിറ്റ് മുമ്പ് മാത്രമാണ് ചോദ്യപ്പേപ്പർ ചോർന്നതെന്ന എൻടിഎയുടെ വാദത്തിലാണ് കോടതി ആശങ്ക പ്രകടിപ്പിച്ചത്. പരീക്ഷ നടന്ന ദിവസം രാവിലെ എട്ടിനും 9.20നും ഇടയിൽ ഝാർഖണ്ഡിലെ ഹസാരിബാഗ് പരീക്ഷാകേന്ദ്രത്തിൽ വച്ച് ഒരാൾ ചോദ്യപേപ്പറിന്റെ ഫോട്ടോ എടുത്തുവെന്ന് സിബിഐ കണ്ടെത്തിയതായി എന്‍ടിഎയ്ക്കു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ വിശദീകരണമാണ് കോടതിയെ അത്ഭുതപ്പെടുത്തിയത്. കേവലം മുക്കാല്‍ മണിക്കൂറിനുള്ളില്‍ പേപ്പർ ചോർത്തിയെടുത്ത് മുഴുവൻ ചോദ്യങ്ങൾക്കും ഉത്തരം കണ്ടെത്തി വിദ്യാർത്ഥികൾക്ക് കൈമാറിയെന്ന അനുമാനം അവിശ്വസനീയമാണെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു. പരീക്ഷ 10.15ന് ആരംഭിക്കാനിരിക്കേ, 180 ചോദ്യങ്ങളുടെയും ഉത്തരം ഈ സമയത്തിനകം കണ്ടെത്താനാകുമോ എന്ന് ജസ്റ്റിസുമാരായ ജെ ബി പർഡിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് സംശയമുന്നയിച്ചപ്പോള്‍ ചോദ്യങ്ങൾ സംഘത്തിലെ ഏഴ് അംഗങ്ങൾക്കായി വിഭജിച്ച് നല്‍കുകയായിരുന്നുവെന്നായിരുന്നു സോളിസിറ്റര്‍ ജനറലിന്റെ മറുപടി.


ഇതുകൂടി വായിക്കൂ: അടിത്തറയില്ലാത്ത പാഠ്യപദ്ധതി പരിഷ്കാരം


സുപ്രീം കോടതി ഉന്നയിച്ച സംശയം അതീവ ഗൗരവമുള്ളതാണ്. മുക്കാല്‍ മണിക്കൂര്‍ കാെണ്ട് 180 ചോദ്യങ്ങളുടെ ഉത്തരം തട്ടിപ്പ് നടത്തിയവര്‍ കണ്ടെത്തി വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുകയും അവരത് ഹൃദിസ്ഥമാക്കുകയും ചെയ്തു എന്നത് സാമാന്യയുക്തിക്ക് നിരക്കുന്നതല്ല. ഹർജിക്കാര്‍ക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ നരേന്ദർ ഹൂഡ കേന്ദ്ര ഏജന്‍സിയുടെ വാദത്തെ ഖണ്ഡിച്ചു. ഹസാരിബാഗിലെ സ്വകാര്യ കൊറിയർ കമ്പനിയുടെ കൈവശമായിരുന്നു ആറ് ദിവസം ചോദ്യപ്പേപ്പറുണ്ടായിരുന്നതെന്നും ഇലക്ട്രിക് ഓട്ടോറിക്ഷയിലാണ് അവ പരീക്ഷാകേന്ദ്രത്തിലേക്ക് കൊണ്ടുവന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ പരീക്ഷാകേന്ദ്രത്തിന്റെ പ്രിൻസിപ്പല്‍ ചോദ്യപ്പേപ്പർ ചോർത്തലുമായി ബന്ധപ്പെട്ട് അറസ്റ്റിലായെന്നും ചൂണ്ടിക്കാണിച്ച അദ്ദേഹം നീറ്റ് യുജി പ്രവേശന പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ പരീക്ഷയുടെ വിശ്വാസ്യത നഷ്ടമായെന്ന് തെളിഞ്ഞാലേ പുനഃപരീക്ഷയ്ക്ക് ഉത്തരവിടാനാകൂ എന്ന് വ്യക്തമാക്കിയ സുപ്രീം കോടതി വിദ്യാർത്ഥികൾക്ക് ലഭിച്ച മാർക്ക് പ്രസിദ്ധീകരിക്കാൻ എന്‍ടിഎയ്ക്ക് നിർദേശം നല്‍കിയിരിക്കുകയാണ്. 23 ലക്ഷം വിദ്യാർത്ഥികൾ എഴുതിയ പരീക്ഷ വീണ്ടും നടത്താൻ ഉത്തരവിട്ടാൽ സാമൂഹ്യമായ പ്രത്യാഘാതം ഉണ്ടാകുമെന്നാണ് പരമോന്നത കോടതി ചൂണ്ടിക്കാട്ടിയത്. വിദ്യാര്‍ത്ഥികളുടെ സ്വകാര്യത സംരക്ഷിക്കാന്‍ റോൾ നമ്പർ മറച്ച് ഒരോ സെന്ററിലും പരീക്ഷ എഴുതിയ വിദ്യാർത്ഥികളുടെ മാർക്ക് വിശദമായി പ്രസിദ്ധീകരിക്കണമെന്നാണ് നിർദേശം നല്‍കിയിരിക്കുന്നത്. ഇന്ന് അഞ്ച് മണിക്കുള്ളിൽ മാർക്ക് പ്രസിദ്ധീകരിക്കണമെന്നും തിങ്കളാഴ്ചയോടെ വിഷയത്തില്‍ തീരുമാനമെടുക്കുമെന്നും കോടതി പറഞ്ഞിട്ടുണ്ട്.


ഇതുകൂടി വായിക്കൂ: വിദ്യാരഹിത അഭ്യാസനയം 2020


ജൂണ്‍ 14ന് പുറത്തുവരേണ്ട നീറ്റ് യുജി പരീക്ഷാഫലം ജൂണ്‍ നാലിന് തന്നെ എന്‍ടിഎ പുറത്തുവിട്ടിരുന്നു. മൂല്യനിര്‍ണയം നേരത്തേ പൂര്‍ത്തിയാക്കി എന്നായിരുന്നു വിശദീകരണം. എന്നാല്‍ 67 പേര്‍ മുഴുവന്‍ മാര്‍ക്കോടെ ഒന്നാം റാങ്കു് നേടുകയും അതില്‍പ്പലരും ഒരേ കേന്ദ്രത്തില്‍ പരീക്ഷയെഴുതിയവരും ആയതോടെയാണ് ക്രമക്കേട് ആരോപണമുയര്‍ന്നത്. സമയനഷ്ടം പരിഗണിച്ച് ഗ്രേസ് മാര്‍ക്ക് നല്‍കിയതാണ് ഉയര്‍ന്ന മാര്‍ക്ക് ഒട്ടേറെപ്പേര്‍ക്ക് ലഭിക്കാനിടയാക്കിയതെന്ന് എന്‍ടിഎ ന്യായീകരിച്ചു. പിന്നീട് സുപ്രീം കോടതി ഇടപെടലില്‍ ഈ വിദ്യാര്‍ത്ഥികള്‍ക്ക് പുനഃപരീക്ഷയും നടത്തി. അതിനിടയില്‍ പേപ്പര്‍ചോര്‍ച്ചയുമായി ബന്ധപ്പെട്ട കേസില്‍ സിബിഐ ഒട്ടേറെപ്പേരെ അറസ്റ്റ് ചെയ്തു. ബിഹാർ, മഹാരാഷ്ട്ര, ഹരിയാന, ഝാര്‍ഖണ്ഡ്, ഛത്തീസ്ഗഢ്‌ സംസ്ഥാനങ്ങളിലാണ് സിബിഐ അന്വേഷണം നടക്കുന്നത്. അറസ്റ്റിലായ ബിഹാർ സ്വദേശിയായ പരീക്ഷാര്‍ത്ഥി, തനിക്ക് ചോര്‍ത്തിക്കിട്ടിയ ചോദ്യപ്പേപ്പറും പരീക്ഷയ്ക്ക് ലഭിച്ചതും ഒന്നുതന്നെയെന്ന് മൊഴി നല്‍കുകയും ചെയ്തു. പേപ്പര്‍ചോര്‍ച്ച മറച്ചുവയ്ക്കാനും ലഘൂകരിക്കാനും എന്‍ടിഎ സുപ്രീം കോടതിയില്‍ വിചിത്രവാദങ്ങള്‍ ഉന്നയിച്ച ദിവസവും പട്ന എയിംസിലെ നാല് മെഡിക്കൽ വിദ്യാർത്ഥികളെ സിബിഐ കസ്റ്റഡിയിലെടുത്തു. എന്നിട്ടും ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവിയില്‍ ഇരുള്‍വീഴ്ത്തുകയും മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ ഗുണമേന്മയെ ബാധിക്കുകയും ചെയ്യുന്ന പരീക്ഷാക്രമക്കേട് ലഘൂകരിക്കാനാണ് ദേശീയ പരീക്ഷാ ഏജന്‍സി ശ്രമിക്കുന്നത്. തിങ്കളാഴ്ച സുപ്രീം കോടതിയില്‍ നിന്ന് നീതിപൂര്‍വകമായ ഇടപെടല്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

Exit mobile version