Site iconSite icon Janayugom Online

അടിവസ്ത്രം അഴിപ്പിച്ച സംഭവം; ഏഴ് പ്രതികള്‍ക്ക് ജാമ്യം

നീറ്റ് പരീക്ഷക്കെത്തിയ വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭത്തില്‍ പ്രതികളായ ഏഴുപ്പേർക്ക് കോടതി ജാമ്യം അനുവദിച്ചു. പരീക്ഷയുടെ നടത്തിപ്പ് ചുമതല ഉണ്ടായിരുന്ന രണ്ട് അധ്യാപകരെ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്കും ജാമ്യം നല്‍കി. എൻടിഎ ഒബ്സർവർ ഡോ. ഷംനാദ്, സെന്റർ കോ ഓഡിനേറ്റർ പ്രൊഫ. പ്രിജി കുര്യൻ ഐസക് എന്നിവരാണ് ഇന്ന് അറസ്റ്റിലായത്.

കേസിൽ അന്വേഷണം തുടരാനാണ് പൊലീസിന്റെ തീരുമാനം. പരീക്ഷ മാനദണ്ഡങ്ങൾ സംബന്ധിച്ച് നാഷണൽ ടെസ്റ്റിങ്ങ് ഏജൻസിയിൽ നിന്ന് വിവരങ്ങൾ തേടി അടുത്ത ഘട്ടത്തിൽ ചോദ്യം ചെയ്യേണ്ടവരുടെ പട്ടിക ഉടൻ തയ്യാറാക്കും. അടിവസ്ത്രം അടക്കം പരിശോധിക്കാൻ ജീവനക്കാർക്ക് നിർദ്ദേശം നൽകിയത് അധ്യാപകരാണെന്ന് പൊലീസിന് തെളിവ് ലഭിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് അധ്യാപകരെ അറസ്റ്റ് ചെയ്തത്. ആയൂർ മാർത്തോമ കോളജിലെ നീറ്റ് പരീക്ഷയുടെ ചുമതലക്കാരനും സഹ ചുമതലക്കാരനുമായിരുന്നു ഇവർ. കോളജ് അധികൃതർ ഉൾപ്പെടെയുള്ളവരെ അന്വേഷണസംഘം ചോദ്യം ചെയ്തു വരുകയാണ്. പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തവർ യഥാർത്ഥ കുറ്റവാളികൾ അല്ല എന്ന ആരോപണം ശക്തമായിരുന്നു. 

കോളജിലെയും സ്വകാര്യ ഏജൻസിയിലെയും ചില ജീവനക്കാർ പൊലീസ് നിരീക്ഷണത്തിലാണ്. അതേസമയം, പ്രതിഷേധ സാധ്യത കണക്കിലെടുത്ത് മാർത്തോമാ കോളജ് കനത്ത പൊലീസ് സുരക്ഷയിലാണ്. സംഭവത്തില്‍ വിദ്യാർത്ഥിനികളുടെ പരാതി അന്വേഷിക്കാൻ മൂന്നംഗ സമിതിയെ കഴിഞ്ഞ‌ ദിവസം എൻടിഎ നിയോഗിച്ചിരുന്നു. ഡോ. സാധന പരഷാർ, ഒ ആർ ഷൈലജ, സുചിത്ര ഷൈജിന്ത് എന്നിവരാണ് സമിതിയിലെ അംഗങ്ങൾ.

തിരുവനന്തപുരം സരസ്വതി വിദ്യാലയം പ്രിൻസിപ്പലാണ് ഷൈലജ. കൊല്ലം ആയൂരിലെ നീറ്റ് കേന്ദ്രത്തിലെ നടപടിയെ കുറിച്ച് വ്യാപക പരാതി ഉയർന്ന സാഹചര്യത്തിലാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിർദ്ദേശ പ്രകാരം എൻടിഎ സമിതിയെ നിയോഗിച്ചത്. നാല് ആഴ്ച്ചയ്ക്കം സമിതി റിപ്പോർട്ട് നൽകണം. അതേസമയം സംഭവത്തിൽ ദേശീയ ബാലാവകാശ കമ്മിഷൻ സ്വമേധയ കേസെടുത്തിരുന്നു. പരാതി നൽകിയ വിദ്യാർത്ഥിനി പ്രായപൂർത്തിയാകാത്തതിനാലാണ് ബാലാവകാശ കമ്മിഷൻ കേസെടുത്തത്.

Eng­lish Summary:neet exam Undress­ing inci­dent; Bail for sev­en accused
You may also like this video

Exit mobile version