Site icon Janayugom Online

നീറ്റ്: ഇന്ന് പാര്‍ലമെന്റ് മാര്‍ച്ച്

parliament

നീറ്റ്-യുജി, യുജിസി നെറ്റ് പരീക്ഷകളിലെ ക്രമക്കേടുകള്‍ക്കെതിരെ ജന്തര്‍മന്ദിറില്‍ സമരം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ ഇന്ന് പാര്‍ലമെന്റ് മാര്‍ച്ച് നടത്തും. നീറ്റ് പരീക്ഷ വീണ്ടും നടത്തണമെന്നും പഴയ രീതിയിലുള്ള പ്രവേശന പരീക്ഷ പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടാണ് ഇവര്‍ സമരം നടത്തുന്നത്.
ദേശീയ പരീക്ഷാ ഏജന്‍സി (എന്‍ടിഎ) നടത്തിയ പരീക്ഷകളില്‍ ക്രമക്കേടുണ്ടായതോടെയാണ് വിദ്യാര്‍ത്ഥികള്‍ അനിശ്ചിതകാല സമരം തുടങ്ങിയത്. ഇന്ത്യ എഗൈന്‍സ്റ്റ് എന്‍ടിഎ എന്ന മുദ്രാവാക്യവുമായാണ് ഇടത് വിദ്യാര്‍ത്ഥികള്‍ സമരം ആരംഭിച്ചത്. എന്‍ടിഎ പിരിച്ചുവിടണമെന്നും കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവയ്ക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

അതേസമയം നീറ്റ് പരീക്ഷയില്‍ ക്രമക്കേട് ആരോപിച്ച് സമര്‍പ്പിച്ച ഹര്‍ജി രണ്ടാഴ്ചയ്ക്ക് ശേഷം സുപ്രീം കോടതി പരിഗണിക്കാൻ മാറ്റി. ജസ്റ്റിസുമാരായ സി ടി രവികുമാർ, മനോജ് മിശ്ര എന്നിവരടങ്ങിയ അവധിക്കാല ബെഞ്ചാണ് ഹർജി പരിഗണിച്ചത്. പരീക്ഷയുമായി ബന്ധപ്പെട്ട് തീർപ്പുകല്പിക്കാത്ത മറ്റ് ഹർജികൾ എട്ടിന് സുപ്രീം കോടതിയിൽ വാദം കേൾക്കും.

അതിനിടെ നീറ്റ് യുജി പരീക്ഷയുടെ പുതുക്കിയ റാങ്ക് ലിസ്റ്റ് എന്‍ടിഎ പ്രസിദ്ധീകരിച്ചു. ഗ്രേസ് മാര്‍ക്ക് ലഭിച്ചവര്‍ക്കായി നടത്തിയ പുനഃപരീക്ഷയുടെ ഫലം ഉള്‍പ്പെടുത്തിയാണ് റാങ്ക് ലിസ്റ്റ് പുതുക്കിയത്. വിവാദമായ ഗ്രേസ് മാര്‍ക്ക് നേരത്തെ ഒഴിവാക്കിയിരുന്നു. വൈകി പരീക്ഷ തുടങ്ങിയ ആറു സെന്ററുകളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് എന്‍ടിഎ ഗ്രേസ് മാര്‍ക്ക് നല്‍കിയത്. ഇത് വലിയ വിവാദത്തിനു വഴിവച്ചിരുന്നു. കേസ് സുപ്രീം കോടതിയില്‍ എത്തിയതിനു ശേഷമാണ് ഗ്രേസ് മാര്‍ക്ക് ഒഴിവാക്കാന്‍ എന്‍ടിഎ തീരുമാനിച്ചത്.
ഗ്രേസ് മാര്‍ക്ക് ലഭിച്ച 1563 പേര്‍ക്കായി വീണ്ടും പരീക്ഷ നടത്തുകയായിരുന്നു. പുനഃപരീക്ഷയില്‍ 813 പേര്‍ മാത്രമാണ് പങ്കെടുത്തത്. ശേഷിച്ചവര്‍ ഗ്രേസ് മാര്‍ക്ക് ഇല്ലാത്ത സ്കോര്‍ തിരഞ്ഞെടുക്കുകയായിരുന്നു.

Eng­lish Sum­ma­ry: NEET: Par­lia­ment march today

You may also like this video

Exit mobile version