Site iconSite icon Janayugom Online

നീറ്റ് പിജി വിദ്യാർത്ഥികളുടെ വിവരങ്ങൾ പരസ്യമായി വില്പനയ്ക്ക്

രാജ്യത്തെ മെഡിക്കൽ ബിരുദാനന്തര ബിരുദ പ്രവേശന പരീക്ഷയായ നീറ്റ് പിജി എഴുതിയ ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ വ്യക്തിഗത വിവരങ്ങൾ ചോർന്നതായി പരാതി. അതീവ രഹസ്യമായി സൂക്ഷിക്കേണ്ട വിവരങ്ങൾ ഇന്റർനെറ്റിലും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും പരസ്യമായി വില്പനയ്ക്ക് വെച്ചിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. പരീക്ഷാ ഫലം പുറത്തുവന്നതിന് പിന്നാലെയാണ് ലക്ഷക്കണക്കിന് ഡോക്ടർമാരുടെ വിവരങ്ങൾ പുറത്തായത്.

വിദ്യാർത്ഥിയുടെ പേര്, മാതാപിതാക്കളുടെ വിവരങ്ങൾ, ഫോൺ നമ്പർ, ഇ‑മെയിൽ ഐഡി, റോൾ നമ്പർ, പരീക്ഷയിൽ ലഭിച്ച മാർക്ക്, റാങ്ക്, താമസിക്കുന്ന സംസ്ഥാനം തുടങ്ങിയ വിവരങ്ങളാണ് ചോർന്നിരിക്കുന്നത്. പല സോഷ്യൽ മീഡിയ ഗ്രൂപ്പുകളിലും ടെലിഗ്രാം ചാനലുകളിലും ഈ വിവരങ്ങൾ 3,000 രൂപ മുതൽ 15,000 രൂപ വരെ ഈടാക്കി വിൽക്കുന്നതായാണ് വിവരം.
അജ്ഞാത നമ്പറുകളിൽ നിന്ന് സ്വകാര്യ അഡ്മിഷൻ ഏജന്റുമാരും കൗൺസിലർമാരും വിളിക്കാൻ തുടങ്ങിയതോടെയാണ് വിവരങ്ങൾ ചോർന്ന കാര്യം വിദ്യാർത്ഥികൾ തിരിച്ചറിഞ്ഞത്. കോളജ് സീറ്റുകൾ തരപ്പെടുത്തി നൽകാമെന്നും കൗൺസിലിങ്ങിന് സഹായിക്കാമെന്നും വാഗ്ദാനം ചെയ്താണ് ഇവർ വിളിക്കുന്നത്. വിദ്യാർത്ഥികളുടെ മാർക്കും റാങ്കും കൃത്യമായി പറഞ്ഞുകൊണ്ടാണ് ഇത്തരം ഏജന്റുകൾ സംസാരിക്കുന്നത് എന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു.

വിവരങ്ങൾ ചോർന്നതായി ആരോപിച്ച് നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസിന് (എന്‍ബിഇഎംഎസ്) പരാതികൾ ലഭിച്ചു കഴിഞ്ഞു. എന്നാൽ തങ്ങളുടെ പക്കൽ നിന്ന് വിവരങ്ങൾ ചോർന്നിട്ടില്ലെന്നാണ് എന്‍ബിഇഎംഎസ് അധികൃതരുടെ പ്രാഥമിക വിശദീകരണം. മെഡിക്കൽ കൗൺസിലിങ് കമ്മിറ്റിക്കും (എംസിസി) സംസ്ഥാന അതോറിട്ടികൾക്കും മാത്രമാണ് വിവരങ്ങൾ കൈമാറിയതെന്നും മറ്റ് ഏജൻസികളിലേക്ക് ഡാറ്റ എത്തിയപ്പോഴാകാം വീഴ്ച സംഭവിച്ചതെന്നുമാണ് സൂചന.

ഡിജിറ്റൽ പേഴ്സണൽ ഡാറ്റ പ്രൊട്ടക്ഷൻ ആക്ട് പ്രകാരം വ്യക്തിഗത വിവരങ്ങൾ സംരക്ഷിക്കാൻ കർശന നിയമങ്ങളുണ്ടെന്ന് സർക്കാർ അവകാശപ്പെടുമ്പോഴാണ് ഇത്തരമൊരു വൻ സുരക്ഷാവീഴ്ച. സംഭവത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. മെഡിക്കൽ കൗൺസിലിംഗ് നടപടികൾ ആരംഭിക്കാനിരിക്കെ ഇത്രയും വലിയ ഡാറ്റാ ചോർച്ച ഉണ്ടായത് പ്രവേശന പ്രക്രിയയുടെ സുതാര്യതയെയും ചോദ്യം ചെയ്യുന്നു. 

Exit mobile version