ഏറെ വിവാദമായ നീറ്റ്-യുജി പരീക്ഷയുടെ പുതുക്കിയ ഫലം ദേശീയ പരീക്ഷാ ഏജന്‍സി (എന്‍ടിഎ) പുറത്തുവിട്ടു. ഫിസിക്സ് ചോദ്യപ്പേപ്പറില്‍ ഒരു ചോദ്യത്തിന് രണ്ട് ശരിയുത്തരം ഉണ്ടായ പ്രശ്നം സുപ്രീം കോടതി ഉത്തരവിനെത്തുടര്‍ന്ന് പരിഹരിച്ചതിനെ തുടര്‍ന്നാണ് ഫലം പുതുക്കി പ്രസിദ്ധീകരിച്ചതെന്ന് എന്‍ടിഎ അറിയിച്ചു.
നാല് ലക്ഷം പേർക്ക് സുപ്രീം കോടതി തീരുമാനം പ്രകാരം അഞ്ച് മാർക്ക് കുറഞ്ഞു. ഇതോടെ ആദ്യ റിസല്‍ട്ടില്‍ മുഴുവന്‍ മാര്‍ക്കും നേടിയ 67 പേരില്‍ 17 പേര്‍ മാത്രമാണ് ഒന്നാം റാങ്ക് നിലനിര്‍ത്തിയത്. ചില പരീക്ഷാ കേന്ദ്രങ്ങളിലെ സമയനഷ്ടം നികത്താനായി എന്‍ടിഎ ആറ് പേര്‍ക്ക് നല്‍കിയ ഗ്രേസ് മാര്‍ക്ക് പിന്നീട് പിന്‍വലിച്ചതോടെ മുഴുവന്‍മാര്‍ക്കും നേടിയവരുടെ എണ്ണം 61 ആയിരുന്നു.
ഒന്നാം റാങ്ക് നിലനിര്‍ത്തിയവരില്‍ കണ്ണൂര്‍ സ്വദേശിയായ ശ്രീനന്ദ് ഷര്‍മിലും ഇടംനേടി. നേരത്തെ ഒന്നാം റാങ്ക് നേടിയവരുടെ പട്ടികയില്‍ കേരളത്തില്‍ നിന്ന് ശ്രീനന്ദുള്‍പ്പെടെ നാല് പേരുണ്ടായിരുന്നു. ആദ്യ 100 റാങ്കില്‍ കേരളത്തില്‍ നിന്ന് നാലുപേര്‍ ഉണ്ട്. കേരളത്തില്‍ നിന്ന് പരീക്ഷ എഴുതിയ 1,36,974 പേരില്‍ 86,713 പേര്‍ യോഗ്യത നേടി. exams.nta.ac.in വെബ്‌സൈറ്റില്‍ ഫലമറിയാം.
നീറ്റ്-യുജി പരീക്ഷാ ക്രമക്കേട് കേന്ദ്രസര്‍ക്കാരിനെയും എന്‍ടിഎയെയും പ്രതിരോധത്തിലാക്കിയിരുന്നു. രാജ്യവ്യാപകമായി വിദ്യാര്‍ത്ഥികള്‍ ഏജന്‍സിക്കെതിരെ പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് എന്‍ടിഎ ചെയര്‍മാന്‍ രാജിവച്ചിരുന്നു.
രാജ്യത്തെ 20 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ് മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് ‑യുജി പരീക്ഷ എഴുതിയത്.
English Summary: NEET: Revised Result Out; The first placers are down to 17
You may also like this video