Site iconSite icon Janayugom Online

നീറ്റ് യുജി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; കേരളത്തിൽനിന്ന് 73,328 പേർ യോഗ്യത നേടി

നീറ്റ് യുജി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. രാജ്യത്താകെ 12,36,531 വിദ്യാർത്ഥികൾ ഉപരിപഠനത്തിന് യോഗ്യത നേടി. കേരളത്തിൽനിന്ന് പരീക്ഷയെഴുതിയ 73,328 പേരാണ് യോഗ്യത നേടിയവരിൽ ഉൾപ്പെടുന്നത്. രാജസ്ഥാൻ സ്വദേശിയായ മഹേഷ് കുമാർ ആണ് ഒന്നാം റാങ്ക് കരസ്ഥമാക്കിയത്. മധ്യപ്രദേശിൽ നിന്നുള്ള ഉത്കർഷ് അവധിയ രണ്ടാം റാങ്ക് നേടി. മഹാരാഷ്ട്രയിൽ നിന്നുള്ള കൃഷ്ണ ജോഷിക്കാണ് മൂന്നാം റാങ്ക്. ആദ്യ പത്ത് റാങ്കുകളിൽ ഒരു പെൺകുട്ടി മാത്രമാണുള്ളത്. അഖിലേന്ത്യാ തലത്തിൽ അഞ്ചാം റാങ്ക് നേടിയ ഡൽഹി സ്വദേശി അവിക അഗർവാളാണ് പെൺകുട്ടികളിൽ ഒന്നാമതെത്തിയത്. 

അതേസമയം, കേരളത്തിൽ നിന്ന് ആരും ആദ്യ നൂറ് റാങ്കുകളിൽ ഇടംപിടിച്ചില്ല. മലയാളികളിൽ കോഴിക്കോട് നിന്ന് പരീക്ഷയെഴുതിയ ദീപ്‌നിയ ഡിബിയാണ് ഒന്നാമതെത്തിയത്. അഖിലേന്ത്യാ തലത്തിൽ 109-ാം റാങ്കാണ് ദീപ്‌നിയ നേടിയത്. പാലാ ബ്രില്യൻ്റ് സ്റ്റഡി സെൻ്ററിലെ വിദ്യാർത്ഥിനിയായിരുന്നു ദീപ്‌നിയ. പെൺകുട്ടികളിൽ അഖിലേന്ത്യാ തലത്തിൽ 18-ാം സ്ഥാനത്താണ് മലയാളിയായ ദീപ്‌നിയ ഡിബി. ആകെ 22,09,318 പേരാണ് ഇത്തവണ നീറ്റ് പരീക്ഷയെഴുതിയത്. പരീക്ഷയെഴുതിയ മൂന്ന് ലക്ഷത്തിലേറെ വിദ്യാർത്ഥികൾക്ക് 140‑നും 200‑നും ഇടയിൽ മാർക്ക് ലഭിച്ചു.

Exit mobile version