Site iconSite icon Janayugom Online

നീറ്റ് യുജി ചോര്‍ച്ച: ഹര്‍ജികള്‍ മാറ്റി

നീറ്റ് യുജി പരീക്ഷകള്‍ റദ്ദാക്കണമെന്ന ആവശ്യം ഉള്‍പ്പെടെ ഉന്നയിച്ചുള്ള ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റി വച്ചു. മറ്റ് ഹര്‍ജികള്‍ പരിഗണിക്കുന്ന സാഹചര്യത്തില്‍ ഈ വിഷയത്തിലെ ഹര്‍ജികളില്‍ വാദം കേള്‍ക്കാനുള്ള സമയ കുറവു മൂലമാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബഞ്ച് ഹര്‍ജികള്‍ ജൂലൈ 18 ലേക്ക് മാറ്റിയത്. കേസിലെ ചില കക്ഷികള്‍ കേന്ദ്ര സര്‍ക്കാരും എന്‍ടിഎയും നല്‍കിയ സത്യവാങ്മൂലങ്ങളില്‍ ഇനിയും മറുപടി നല്‍കാത്ത സാഹചര്യത്തിലാണ് കേസ് പരിഗണിക്കുന്നത് കോടതി നീട്ടിവച്ചത്. 

ചീഫ് ജസ്റ്റിന് പുറമെ ജസ്റ്റിസുമാരായ ജെ ബി പര്‍ഡിവാല, മനോജ് മിശ്ര എന്നിവരായിരുന്നു ബഞ്ചിലെ മറ്റംഗങ്ങള്‍. ഏകദേശം 24 ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് നീറ്റ് യുജി പരീക്ഷയില്‍ പങ്കെടുത്തത്. സ്വകാര്യ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലേക്ക് നടന്ന നീറ്റ് യുജി പരീക്ഷയില്‍ വ്യാപകമായ ക്രമക്കേടുകള്‍ ഉണ്ടായെന്നാണ് ഹര്‍ജിക്കാരുടെ വാദം.

പരീക്ഷയില്‍ വ്യാപക തോതില്‍ ചോദ്യ പേപ്പര്‍ ചോര്‍ച്ച ഉണ്ടായിട്ടില്ലെന്നും അതിനാല്‍ പരീക്ഷ റദ്ദാക്കുകയോ പുനര്‍ പരീക്ഷ നടത്തുകയോ വേണ്ടെന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാരും പരീക്ഷാ നടത്തിപ്പുകാരായ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയും കോടതിയില്‍ സ്വീകരിച്ചത്. പരീക്ഷ റദ്ദാക്കുന്ന വിഷയം അവസാനമായി മാത്രമേ പരിഗണിക്കേണ്ടതുള്ളൂ എന്ന നിരീക്ഷണം ഹര്‍ജികളില്‍ സുപ്രീം കോടതിയും സ്വീകരിച്ചിരുന്നു. നീറ്റ് യുജി 2024 പരീക്ഷാ ക്രമക്കേട് ചോദ്യം ചെയ്തുള്ള നാല്പതോളം ഹര്‍ജികളാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്.

Eng­lish Sum­ma­ry: NEET UG leak: Peti­tions changed
You may also like this video

Exit mobile version