Site iconSite icon Janayugom Online

നീറ്റ് യുജി ചോദ്യപ്പേപ്പര്‍ ഹസാരിബാഗിലും ചോര്‍ന്നു

ഝാര്‍ഖണ്ഡിലെ ഹസാരിബാഗില്‍ നിന്നും നീറ്റ് യുജി പരീക്ഷാ പേപ്പര്‍ ചോര്‍ന്നതായി സിബിഐ. ഇക്കഴിഞ്ഞ മേയ് അഞ്ചിനായിരുന്നു നീറ്റ് യുജി പരീക്ഷ നടന്നത്. ആ ദിവസം രാവിലെ ഹസാരിബാഗിലെ ഒയാസിസ് സ്കൂളില്‍ നിന്നും ചോദ്യപ്പേപ്പറുകള്‍ ചോര്‍ന്നെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. 

ജൂണ്‍ നാലിന് പരീക്ഷാ ഫലം പുറത്തുവന്നതോടെയാണ് പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ഉയര്‍ന്നു വന്നത്. ഒയാസിസ് സ്കൂളില്‍ നിന്നും പരീക്ഷ എഴുതിയ 23 വിദ്യാര്‍ത്ഥികള്‍ 600ന് മുകളില്‍ മാര്‍ക്ക് നേടിയിരുന്നു. പേപ്പര്‍ ചോര്‍ച്ചയുടെ സൂത്രധാരനായ പങ്കജ് കുമാര്‍ എന്ന വ്യക്തിയെ സിബിഐ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.വിദ്യാര്‍ത്ഥികളില്‍ നിന്നും പണം കൈപ്പറ്റിയാണ് ചോദ്യപേപ്പര്‍ വിതരണം ചെയ്തത്. കേസുമായി ബന്ധപ്പെട്ട് 36 പേര്‍ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്. 

മേയ് അഞ്ചിന് പരീക്ഷ തുടങ്ങുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പെ ചോദ്യപേപ്പര്‍ ചോര്‍ത്തുന്നതിന് ഒയാസിസ് സ്കൂളിലെ പ്രിന്‍സിപ്പലും വൈസ് പ്രിന്‍സിപ്പലും പങ്കജ് കുമാറിനൊപ്പം ചേര്‍ന്ന് ഒത്തുകളിക്കുകയായിരുന്നു. പരീക്ഷയുടെ അന്ന് രാവിലെ തന്നെ നീറ്റ് യുജി ചോദ്യപേപ്പര്‍ അടങ്ങിയ പെട്ടി സ്കൂളിലെത്തിച്ചിരുന്നു. ഇത് സൂക്ഷിച്ചിരുന്ന റൂമിലേക്ക് പങ്കജ് കുമാറിന് അനധികൃതമായി പ്രവേശനം അനുവദിക്കുകയായിരുന്നു. ചോദ്യപേപ്പര്‍ ലഭിച്ചയുടന്‍ എയിംസ് പട്ന, ആര്‍ഐഎംഎസ് റാഞ്ചി, ഭാരത്പൂര്‍ മെഡിക്കല്‍കോളജ് എന്നിവിടങ്ങളിലെ എംബിബിഎസ് വിദ്യാര്‍ത്ഥികളുടെ സഹായത്തോടെ ചോദ്യങ്ങളുടെ ഉത്തരം കണ്ടെത്തി. പണം മുന്‍കൂറായി നല്‍കിയ വിദ്യാര്‍ത്ഥികള്‍ക്ക് ചോദ്യോത്തരങ്ങള്‍ കൈമാറുകയുമായിരുന്നു. 

Eng­lish Sum­ma­ry: NEET UG ques­tion paper also leaked in Hazaribagh

You may also like this video

Exit mobile version