Site iconSite icon Janayugom Online

നീറ്റ് യുജി: വിദഗ്ധസമിതിക്ക് രണ്ടാഴ്ചകൂടി സമയം

നീറ്റ്-യുജി പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ ഏഴംഗ വിദഗ്ധ സമിതിക്ക് രണ്ടാഴ്ച കൂടി സമയം അനുവദിച്ച് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പർഡിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. സമിതിയുടെ റിപ്പോർട്ട് സമർപ്പിക്കാനുള്ള സമയപരിധി കഴിഞ്ഞെന്നും അതിനാല്‍ രണ്ടാഴ്ച കൂടി നീട്ടണമെന്നും സര്‍ക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ആവശ്യപ്പെട്ടിരുന്നു. ഇത് സുപ്രീം കോടതി അംഗീകരിക്കുകയായിരുന്നു. 

നീറ്റ് യുജി പരീക്ഷ നടത്തിപ്പിലെ സുതാര്യത ഉറപ്പാക്കാൻ ജൂണ്‍ 22നാണ് പ്രത്യേക സമിതിയെ കേന്ദ്രം നിയോഗിച്ചത്. പരീക്ഷകളിലെ ക്രമക്കേടുകൾ കേന്ദ്ര സർക്കാരിന് തലവേദനയായ പശ്ചാത്തലത്തിൽ പ്രതിഷേധങ്ങൾ തണുപ്പിക്കുന്നതിന്റെ ഭാഗമായിരുന്നു നടപടി. എന്‍ടിഎയുടെ പരീക്ഷാ നടത്തിപ്പിലെ പരിഷ്കരണം, ഡാറ്റാ സെക്യൂരിറ്റി പ്രോട്ടോകോള്‍ മെച്ചപ്പെടുത്തല്‍, എന്‍ടിഎയുടെ ഘടനയും പ്രവര്‍ത്തനവും എന്നീ കാര്യങ്ങളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സമിതി രൂപീകരിച്ചത്. ഐഎസ്ആര്‍ഒ മുൻ ചെയര്‍മാൻ കെ രാധാകൃഷ്ണന്‍ അധ്യക്ഷനായ സമിതിയില്‍ രണ്‍ദീപ് ഗുലേരിയ, ബി ജെ റാവു, രാമമൂര്‍ത്തി കെ, പങ്കജ് ബൻസല്‍, ആദിത്യ മിത്തല്‍, ഗോവിന്ദ് ജെയ്സ്വാള്‍ എന്നിവരാണ് അംഗങ്ങള്‍. 

Exit mobile version