Site iconSite icon Janayugom Online

നെഹ്റു ട്രോഫി വള്ളംകളി ഓഗസ്റ്റ് 12ന്

69-മത് നെഹ്റു ട്രോഫി വള്ളംകളി ഓഗസ്റ്റ് 12, രണ്ടാം ശനിയാഴ്ച പുന്നമടക്കായലിൽ നടത്താൻ തീരുമാനം. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വെള്ളിയാഴ്ച ചേർന്ന നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമായത്. നെഹ്റു ട്രോഫി വള്ളംകളിയും സി ബി എല്ലും ചേർത്ത് ഉയർന്നുവന്ന അഭ്യൂഹങ്ങൾക്ക് അടിസ്ഥാനമില്ലെന്നും കഴിഞ്ഞ എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ തന്നെ മുന്നോട്ടുപോകാനും യോഗം തീരുമാനിച്ചു. നെഹ്റു ട്രോഫി മത്സരത്തിന് സർക്കാരിൽ നിന്ന് ലഭിച്ചു കൊണ്ടിരുന്ന ധനസഹായം ഇത്തവണയും അതേപോലെ തുടരുമെന്ന് പി പി ചിത്തരഞ്ജൻ എം എൽ എ പറഞ്ഞു.

നെഹ്റു ട്രോഫിയുടെ തനത് സ്വഭാവം നിലനിർത്തുമ്പോൾ തന്നെ സി ബി എല്ലുമായി സഹകരിച്ച് പോകാനുള്ള നിലപാടാണ് സ്വീകരിക്കേണ്ടതെന്ന് എച്ച് സലാം എം എൽ എ പറഞ്ഞു. എൻ ടി ബി ആർ സൊസൈറ്റിയുടെ ചെയർപേഴ്സൺ കൂടിയായ ജില്ല കളക്ടർ ഹരിത വി കുമാറിന്റെ അധ്യക്ഷതയിലാണ് എക്സിക്യൂട്ടീവ് യോഗം ചേർന്നത്. സൊസൈറ്റി സെക്രട്ടറിയായ സബ് കളക്ടർ സൂരജ് ഷാജി, എഡിഎം എസ് സന്തോഷ് കുമാർ, ഇഫ്രസ്ട്രച്കർ സബ് കമ്മിറ്റി കൺവീനർ എം സി സജീവ്കുമാർ, മുൻ എം എൽ എ മാരായ സി കെ സദാശിവൻ, എ എ ഷുക്കൂർ, കെ കെ ഷാജു എന്നിവർ പങ്കെടുത്തു. ചടങ്ങിൽ 68-ാമത് നെഹ്റു ട്രോഫി ബോട്ട് റേസിന്റെ സുവിനിയർ പ്രകാശനവും നടന്നു. വള്ളംകളി നടത്തിപ്പുമായി ബന്ധപ്പെട്ട് വിവിധ സബ്കമ്മിറ്റികൾക്കും രൂപം നൽകി.

Exit mobile version