70-ാമത് നെഹ്‌റു ട്രോഫി വള്ളംകളി സെപ്റ്റംബർ 28ന് ഉച്ചക്ക് രണ്ടുമണിക്ക് പുന്നമടക്കായലിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ബോട്ട് റേസ് കമ്മിറ്റിയുടെ ചെയർമാനും ആലപ്പുഴ ജില്ല കളക്ടറുമായ അലക്സ് വർഗീസിന്റെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേര്‍ന്ന നെഹ്‌റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി (എന്‍ടിബിആര്‍) എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. യോഗത്തിൽ ഓൺലൈനായി പങ്കെടുത്ത കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് ഇക്കാര്യം കമ്മിറ്റിയുടെ മുമ്പാകെ വെക്കുകയായിരുന്നു. സിബിഎൽ ഒഴിവാക്കിയതുമൂലം ഉണ്ടാകുന്ന ബാധ്യത നികത്തുന്നതിന് ആവശ്യമായ തുക നൽകുന്നകാര്യം പരിഗണിക്കുന്നത് ടൂറിസം വകുപ്പിന്റെ ശ്രദ്ധയിൽ പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
പാരിസ് ഒളിംപിക്സിൽ വെങ്കല മെഡൽ നേടിയ ഹോക്കി താരം പി ആർ ശ്രീജേഷിനെ ഉൾപ്പെടെ പ്രമുഖരെ വള്ളംകളി ദിനത്തിൽ അതിഥിയായി പങ്കെടുപ്പിക്കാൻ ശ്രമം നടത്തണമെന്ന് ഓൺലൈനായി പങ്കെടുത്തുകൊണ്ട് ഫിഷറീസ്, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ നിർദേശിച്ചു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് വള്ളംകളി മാറ്റി വച്ചത്. നിലവിൽ ടിക്കറ്റ് എടുത്തവർക്ക് ആ ടിക്കറ്റ് ഉപയോഗിച്ച് തന്നെ പുതുക്കിയ തീയതിയിൽ വള്ളം കളി കാണുന്നതിന് അവസരമൊരുക്കും.