കാലാവസ്ഥാ വ്യതിയാനത്തിലും മഹാവ്യാധിയിലും തുടർച്ചയായി രണ്ടുവർഷം മുടങ്ങിയ നെഹ്റു ട്രോഫി വള്ളംകളി ഇത്തവണ നവംബറിലേക്ക് മാറ്റുന്നത് ആലോചനയിൽ. ആഗസ്റ്റിലെ രണ്ടാം ശനിയാഴ്ചയാണ് തിരുവോണത്തിന് മുന്നോടിയായി വള്ളംകളി അരങ്ങേറാറുള്ളത്. കാലാവസ്ഥാ വ്യതിയാനം മൂലം വള്ളംകളി നടക്കേണ്ടതിന്റെ തലേദിവസം മത്സരം മാറ്റിവെക്കുമ്പോൾ ഇരട്ടി സാമ്പത്തിക ബാധ്യതയാണ് നേരിടുന്നത്. ടൂറിസം സീസൺ ആരംഭിച്ച് സഞ്ചാരികൾ എത്തിത്തുടങ്ങാൻ നവംബർ ആകുമെന്ന കാര്യവും വള്ളംകളി നടത്തിപ്പ് തീയതി മാറ്റം പരിഗണിക്കണമെന്ന നിർദേശത്തിന് പിന്നിലുണ്ടെന്ന് യുബിസി കൈനകരി രക്ഷാധികാരി പ്രമോദ് പറഞ്ഞു.
2020ൽ കോവിഡിനെ തുടർന്ന് ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ വള്ളംകളി മുടങ്ങി. 2021ലും വള്ളംകളി മുടങ്ങിയ സാഹചര്യത്തിലാണ് 2022ൽ കരുതലെടുത്ത് ടൂറിസം സീസണിന് മുന്നോടിയായി ജലോത്സവം സംഘടിപ്പിക്കാൻ ചർച്ച തുടങ്ങിയത്. ചരിത്രപരമായ പ്രത്യേകതകളൊന്നും നിലവിൽ മത്സരം നടക്കുന്ന ദിവസത്തിന് ഇല്ലാത്തതിനാൽ നെഹ്റു ട്രോഫി വള്ളംകളി മാറ്റുന്നതിന് പ്രയാസമില്ലെന്നാണ് അധികൃതരുടെ വാദം.
2018ൽ പ്രളയത്തെത്തുടർന്ന് വള്ളംകളി മാറ്റിവെക്കേണ്ടിവന്നിരുന്നു. പ്രളയ രക്ഷാപ്രവർത്തനങ്ങളെല്ലാം അവസാനിച്ച ശേഷം നവംബറിലാണ് അക്കൊല്ലം ജലോത്സവം സംഘടിപ്പിച്ചത്. 2018ൽ തുടങ്ങാനിരുന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് (സിബിഎൽ) മത്സരം അക്കൊല്ലം തുടങ്ങാനുമായില്ല. 2019ലും പ്രളയം ആവർത്തിച്ചെങ്കിലും നെഹ്റു ട്രോഫി വള്ളംകളി ആഗസ്റ്റ് അവസാനം നടത്താൻ കഴിഞ്ഞു.
ചാമ്പ്യൻസ് ബോട്ട് ലീഗിന് അക്കൊല്ലം നെഹ്റു ട്രോഫിയിൽ തുടക്കമായി. വള്ളംകളിയുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എടുക്കേണ്ടത് നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റിയാണ്. ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ യോഗ്യത മത്സരവും പ്രാഥമിക മത്സരവും നെഹ്റു ട്രോഫിയാണ്. നെഹ്റു ട്രോഫിയുടെ പാരമ്പര്യം നിലനിർത്തി വേണം മറ്റു മത്സരങ്ങൾ സംഘടിപ്പിക്കേണ്ടത്. മത്സരങ്ങൾ സംഘടിപ്പിക്കുമ്പോൾ പരിശീലനത്തിനുള്ള സമയം, കായികതാരങ്ങളുടെയും ക്ലബുകളുടെയും സൗകര്യം, കാലാവസ്ഥ എന്നിങ്ങനെ പല ഘടകങ്ങളും പരിഗണിക്കേണ്ടതുണ്ട്. എല്ലാവരിലുംനിന്ന് അഭിപ്രായം തേടിയ ശേഷമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കാനാകൂ എന്നാണ് ചാമ്പ്യൻസ് ബോട്ട് ലീഗ് നിലപാട്.
തിരു-കൊച്ചി സന്ദർശിക്കാനെത്തിയപ്പോൾ 1952 ഡിസംബർ 22ന് കോട്ടയത്തുനിന്ന് ബോട്ടിൽ ആലപ്പുഴയിലെത്തിയ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെ സ്വീകരിക്കാൻ സംഘടിപ്പിച്ച വള്ളംകളിയുടെ തുടർച്ചയാണ് ഇപ്പോഴത്തെ നെഹ്റു ട്രോഫി ജലോത്സവം. ഓണക്കാലം, അവധി ദിനം, കാലവർഷത്തിന്റെ അവസാനം, കൃഷിയില്ലാതെ കുട്ടനാട്ടിലെ കർഷകർക്ക് വിനോദത്തിന് ചെലവഴിക്കാൻ പറ്റിയ കാലം തുടങ്ങിയ പല കാരണങ്ങൾ പരിഗണിച്ചാണ് ആഗസ്റ്റിലെ രണ്ടാം ശനിയാഴ്ച പതിവായി നെഹ്റു ട്രോഫി വള്ളംകളി നടത്താൻ തീരുമാനിച്ചത്. തുടക്കം മുതൽ ഈ ദിവസമായതിനാൽ രാജ്യാന്തര ടൂറിസം കലണ്ടറുകളിൽപ്പോലും ഇടംനേടിയിട്ടുണ്ട്.
English summary;Nehru Trophy boat race to be shifted to November
You may also like this video;