Site iconSite icon Janayugom Online

സമ്പൂർണ്ണ ഹരിത പ്രഖ്യാപനം നടത്തി നെന്മാറ ഗ്രാമപഞ്ചായത്ത്

മാലിന്യമുക്തം നവകേരളം ക്യാമ്പെയിനിന്റെ ഭാഗമായി സമ്പൂർണ്ണ ഹരിത പ്രഖ്യാപനം നടത്തി നെന്മാറ ഗ്രാമ പഞ്ചായത്ത്. ഗ്രാമപഞ്ചായത്തിലെ 20 വിദ്യാലയങ്ങൾ, നാല് കോളജുകൾ, 47 അങ്കണവാടികൾ, 69 ഓഫീസുകൾ / സ്ഥാപനങ്ങൾ, 253 അയൽക്കൂട്ടങ്ങൾ, ഒരു ടൂറിസം കേന്ദ്രം, മൂന്ന് ടൗണുകൾ എന്നിവയാണ് ഹരിതമായി പ്രഖ്യാപിച്ചത്. ഇവർക്കുള്ള ഹരിത സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ഉൾപ്പെട്ട കാംപയിൻ സെക്രട്ടറിയേറ്റ് അംഗങ്ങൾ നേരിട്ടെത്തി ഹരിതചട്ടങ്ങൾ പാലിക്കപ്പെടുന്നുണ്ടോയെന്ന് നേരത്തെ ഓഡിറ്റ് നടത്തിയിരുന്നു. ഓഡിറ്റിൽ 90 ന് മുകളിൽ മാർക്ക് നേടിയവയ്ക്ക് എ ഗ്രേഡും 100 ന് മുകളിൽ മാർക്ക് നേടിയവയ്ക്ക് എ പ്ലസ് ഗ്രേഡുമാണ് ലഭിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹരിത പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഗ്രാമപഞ്ചായത്ത് ഹാളിൽ പ്രസിഡന്റ് പി പ്രഭിത ജയൻ സമ്പൂർണ്ണ ഹരിത പ്രഖ്യാപനം നടത്തി. വൈസ് പ്രസിഡന്റ് കെ പ്രകാശൻ അധ്യക്ഷനായി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷ കെ രതിക രാമചന്ദ്രൻ, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാർ, വകുപ്പ് ഉദ്യോഗസ്ഥന്മാർ, ഐ സി ഡി എസ് സൂപ്പർവൈസർ തുടങ്ങിയവർ പങ്കെടുത്തു. 

Exit mobile version