Site iconSite icon Janayugom Online

നേപ്പാള്‍ തെരഞ്ഞെടുപ്പ്; കാഠ്മണ്ഡു മേയർ ബാലേന്ദ്ര ഷാ ആര്‍എസ്‍പി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി

സിറ്റി മേയർ ബാലേന്ദ്ര ഷായെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ നാമനിർദേശം ചെയ്തു. ഷായും രാഷ്ട്രീയ സ്വതന്ത്ര പാർട്ടിയും തമ്മില്‍ ഒപ്പുവച്ച ഏഴ് ഇന തെരഞ്ഞെടുപ്പ് കരാര്‍ പ്രകാരമാണ് പ്രഖ്യാപനം. മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ഷായെ പാർലമെന്ററി പാർട്ടി നേതാവായും പ്രധാനമന്ത്രി സ്ഥാനാർത്ഥിയായും പ്രഖ്യാപിച്ചത്. അതേസമയം പിരിച്ചുവിട്ട പ്രതിനിധി സഭയിലെ നാലാമത്തെ വലിയ പാർട്ടിയായ ആർ‌എസ്‌പിയുടെ ചെയർപേഴ്‌സണായി റാബി ലാമിച്ചെയ്നെ തുടരും. കരാർ പ്രകാരം, തിരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ച ആർ‌എസ്‌പിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ ‘ബെൽ’ ഉപയോഗിച്ചായിരിക്കും ഷായും സംഘവും തിരഞ്ഞെടുപ്പിൽ മത്സരിക്കുക. 

നേതാക്കളുടെ വ്യക്തിപരമായ അഭിലാഷങ്ങളല്ല, രാജ്യത്തിന്റെ ആവശ്യങ്ങളാണ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കേണ്ടതെന്ന് ലാമിച്ചെയ്ന്‍ പറഞ്ഞു. കെ പി ശർമ്മ ഒലിയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ പതനത്തിലേക്ക് നയിച്ച പ്രതിഷേധത്തിന് നേതൃത്വം നൽകിയ യുവാക്കൾ നയിക്കുന്ന വളർന്നുവരുന്ന രാഷ്ട്രീയ ശക്തികളെ ഒന്നിപ്പിക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പായിട്ടാണ് രാഷ്ട്രീയ നിരീക്ഷകർ ഈ കരാറിനെ കാണുന്നത്. കരാറിനെത്തുടർന്ന്, ജനറൽ ഇസഡ് പിന്തുണക്കാർ ധാരാളം ആർ‌എസ്‌പിയിൽ ചേരുമെന്ന് പ്രതീക്ഷിക്കുന്നു. ഊർജ്ജ, ജലവിഭവ മന്ത്രി കുൽമാൻ ഘിസിങ്ങിന്റെ നേതൃത്വത്തിലുള്ള പുതുതായി രൂപീകരിച്ച മറ്റൊരു പാര്‍ട്ടിയായ ഉജ്യാലോ നേപ്പാൾ പാർട്ടി (യുഎൻപി) ഇതുവരെ സഖ്യത്തിൽ ചേരുന്നത് സംബന്ധിച്ച് തീരുമാനം പ്രഖ്യാപിച്ചിട്ടില്ല. ഒപ്പുവയ്ക്കൽ ചടങ്ങിൽ മുതിർന്ന ആർഎസ്‍പി നേതാക്കളായ സ്വർണ്ണിം വാഗ്ലെ, ഡിപി ആര്യാൽ, ശിശിർ ഖനാൽ എന്നിവരും ലാമിച്ചെയ്ന്‍ പക്ഷത്തുള്ള അസിം ഷായും പങ്കെടുത്തു. മാർ ബയഞ്ജങ്കർ, നിഷ്ചൽ ബാസ്നെറ്റ്, ഭൂപ് ദേവ് ഷാ എന്നിവർ ഷായെ പ്രതിനിധീകരിച്ചു. 

Exit mobile version