Site iconSite icon Janayugom Online

നേപ്പാള്‍ പൊതുതെരഞ്ഞെടുപ്പ് മാര്‍ച്ച് അഞ്ചിന്

മാർച്ചിൽ നടക്കാനിരിക്കുന്ന പാർലമെന്റ് തെര‍ഞ്ഞെടുപ്പ് സമയക്രമം നേപ്പാള്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രസിദ്ധീകരിച്ചു. ജനുവരി 20ന് സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിക്കണം. സ്ഥാനാർത്ഥികളുടെ പട്ടിക അതേ ദിവസം വൈകുന്നേരം അ‍ഞ്ച് മണിക്ക് ശേഷം പ്രസിദ്ധീകരിക്കും. ജനുവരി 23 ന് ഉച്ചയ്ക്ക് ഒരു മണിവരെ സ്ഥാനാർത്ഥിത്വം പിൻവലിക്കാം. തുടർന്ന് അതേ ദിവസം സ്ഥാനാർത്ഥികളുടെ അന്തിമ പട്ടിക പ്രസിദ്ധീകരിക്കുകയും സ്ഥാനാർത്ഥികൾക്ക് തെരഞ്ഞെടുപ്പ് ചിഹ്നം ഔദ്യോഗികമായി അനുവദിക്കുകയും ചെയ്യും. 

മാര്‍ച്ച് അഞ്ചിനാണ് തെരഞ്ഞെടുപ്പ്. വോട്ടെടുപ്പ് രാവിലെഏഴ് മണിക്ക് ആരംഭിച്ച് വൈകുന്നേരം അഞ്ച് മണിക്ക് അവസാനിക്കുമെന്ന് കമ്മിഷൻ അറിയിച്ചു. ഭരണഘടന പ്രകാരം, ജനപ്രതിനിധിസഭയിലെ 165 അംഗങ്ങളെ ഫസ്റ്റ് പാസ്റ്റ് ദി പോസ്റ്റ് നടപടിക്രമം അനുസരിച്ചാണ് തെര‍ഞ്ഞെടുക്കുന്നത്. ബാക്കിയുള്ള 110 അംഗങ്ങളെ ആനുപാതിക വോട്ടെടുപ്പിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുക്കുന്നത്. ആകെ സീറ്റുകളുടെ എണ്ണം 275 ആണ്. അഴിമതിയിൽ പ്രതിഷേധിച്ചും സോഷ്യൽ മീഡിയയുടെ നിരോധനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടും ജനറൽ ഇസഡ് നടത്തിയ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ സെപ്റ്റംബർ 9 ന് പ്രധാനമന്ത്രി കെ പി ശർമ്മ ഒലി സ്ഥാനമൊഴിഞ്ഞിരുന്നു. സുശീല കാർക്കിയാണ് ഇടക്കാല പ്രധാനമന്ത്രി. 

Exit mobile version