Site icon Janayugom Online

നേതാജി ഇടതുപക്ഷക്കാരന്‍; ആര്‍എസ്എസിനെ തള്ളി മകള്‍ അനിതാ ബോസ്

നേതാജി സുഭാഷ് ചന്ദ്രബോസിനെ ആര്‍എസ്എസ് ഹൈജാക്ക് ചെയ്യാന്‍ ശ്രമിക്കുകയാണെന്ന് മകള്‍ അനിതാ ബോസ്. സുഭാഷ് ചന്ദ്ര ബോസിന്റെ ജന്മ വാര്‍ഷിക ദിനം ആഘോഷിക്കാനുള്ള രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ പദ്ധതികളെക്കുറിച്ചുള്ള ആരവങ്ങൾക്കിടയിലാണ് അനിതാ ബോസിന്റെ പ്രതികരണം. തന്റെ പിതാവിന്റെ പാരമ്പര്യം അവര്‍ ചൂഷണം ചെയ്യുകയാണെന്ന് അനിതാ ബോസ് ആരോപിച്ചു. ആർഎസ്‌എസിന്റെ പ്രത്യയശാസ്ത്രവും നേതാജിയുടെ പ്രത്യയ ശാസ്ത്രവും രണ്ട് ധ്രുവങ്ങളിലാണ്. അവ തമ്മില്‍ ഒരിക്കലും പൊരുത്തപ്പെടില്ല. പ്രത്യയ ശാസ്ത്രപരമായി നേതാജി ഏറ്റവും കൂടുതൽ അടുത്ത് നിൽക്കുന്നത് കോൺഗ്രസിനോടാണ്. നേതാജി പ്രബോധനം ചെയ്തതുപോലെ എല്ലാ മതങ്ങളെയും ബഹുമാനിക്കുക എന്ന ആശയം ബിജെപിയും ആർഎസ്എസും പ്രതിഫലിപ്പിക്കുന്നില്ല. വ്യത്യസ്ത മതങ്ങളിലെ ആളുകൾ തമ്മിലുള്ള സഹകരണം അദ്ദേഹം പ്രോത്സാഹിപ്പിച്ചിരുന്നു.

“കൃത്യമായി പറഞ്ഞാല്‍ നേതാജി ഒരു ഇടതുപക്ഷക്കാരനായിരുന്നു, അവർ വലതുപക്ഷക്കാരും” അനിത ബോസ് വ്യക്തമാക്കി. സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം സമരപോരാട്ടങ്ങളില്‍ നേതാജിയുടെ പങ്ക് കുറച്ചു കാണിക്കാനാണ് ശ്രമം നടന്നതെന്നും അനിത കൂട്ടിച്ചേര്‍ത്തു. നേതാജിയുടെ 126-ാം ജന്മദിനമായ നാളെ കൊൽക്കത്തയിലെ ഷാഹിദ് മിനാർ ഗ്രൗണ്ടിലാണ് ആര്‍എസ്എസ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. മോഹൻ ഭാഗവത് അടക്കമുള്ള നേതാക്കള്‍ പങ്കെടുക്കുന്നുണ്ട്. 

Eng­lish Summary:Netaji was a left­ist; Daugh­ter Ani­ta Bose rejects RSS
You may also like this video

Exit mobile version