Site iconSite icon Janayugom Online

അഴിമതിക്കേസുകളില്‍ മാപ്പപേക്ഷ സമര്‍പ്പിച്ച് നെതന്യാഹു

അഴിമതിക്കേസുകളില്‍ ഇസ്രയേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗിന് മാപ്പ് അപേക്ഷ സമര്‍പ്പിച്ച് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. തനിക്കെതിരായ അഴിമതിക്കേസുകള്‍ രാജ്യത്തെ കീറിമുറിക്കുകയാണെന്ന് നെതന്യാഹു അവകാശപ്പെട്ടു.‘ഇതൊരു അസാധാരണമായ അഭ്യര്‍ത്ഥനയാണെന്നും അതിന് കാര്യമായ പ്രത്യാഘാതങ്ങള്‍ ഉണ്ടെന്നും പ്രസിഡന്റിന്റെ ഓഫീസിന് അറിയാം. പ്രസക്തമായ എല്ലാ അഭിപ്രായങ്ങളും ലഭിച്ച ശേഷം, പ്രസിഡന്റ് ഉത്തരവാദിത്തത്തോടെ അഭ്യര്‍ത്ഥന പരിഗണിക്കും’ നെതന്യാഹുവിന്റെ അപേക്ഷയില്‍ ഇസ്രയേല്‍ പ്രസിഡന്റിന്റെ ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു.

നെതന്യാഹുവിന് മാപ്പ് നല്‍കണമെന്ന് ആവശ്യപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഈ മാസം ആദ്യം ഇസ്രയേല്‍ പ്രസിഡന്റിന് കത്തെഴുതിയിരുന്നു. ഇതിന് പിന്നാലെയാണ് നെതന്യാഹുവിന്റെ ഔദ്യോഗിക മാപ്പപേക്ഷ എത്തുന്നത്.

തനിക്കെതിരായ ആറ് വര്‍ഷം നീണ്ട അഴിമതി വിചാരണ അവസാനിക്കുന്നത് ഇസ്രായേലിന്റെ ദേശീയ താല്‍പ്പര്യത്തിന് അനിവാര്യമാണെന്ന് നെതന്യാഹു ഇതിന് പിന്നാലെ ഇറക്കിയ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.

‘എനിക്കെതിരായ അന്വേഷണങ്ങള്‍ ആരംഭിച്ചിട്ട് ഏകദേശം ഒരു ദശാബ്ദത്തോളമായി. ഈ കേസുകളിലെ വിചാരണ ഏകദേശം ആറ് വര്‍ഷമായി തുടരുകയാണ്, ഇനിയും ഒരുപാട് വര്‍ഷങ്ങള്‍ ഇത് തുടരുമെന്ന് പ്രതീക്ഷിക്കുന്നു. എനിക്കെതിരായ കേസുകള്‍ കെട്ടിച്ചമച്ചതാണ്’ നെതന്യാഹു പറഞ്ഞു.

എല്ലാ കുറ്റങ്ങളില്‍ നിന്നും മുക്തനാകുന്നത് വരെ നിയമനടപടികളുമായി മുന്നോട്ട് പോകുക എന്നതാണ് തന്റെ താല്‍പ്പര്യമെന്നും അദ്ദേഹം പറഞ്ഞു. ‘എന്നാല്‍ സുരക്ഷാപരവും നയതന്ത്രപരവും ദേശീയ താല്‍പ്പര്യങ്ങളും മറ്റൊന്നാണ് ആവശ്യപ്പെടുന്നത്’ നെതന്യാഹു കൂട്ടിച്ചേര്‍ത്തു.

Exit mobile version