Site iconSite icon Janayugom Online

രാഷ്ട്രീയ അസ്ഥിരതകളിൽ കൂപ്പ് കുത്തുന്ന ഇസ്രയേൽ

ജനുവരി 2023 മുതൽ വലിയ രാഷ്ട്രീയ പ്രശ്നങ്ങളിലൂടെയാണ് ഇസ്രയേൽ കടന്നു പോകുന്നത്. രാജ്യത്തെ ജുഡീഷ്യറി സംവിധാനത്തെ അട്ടിമറിക്കാനുള്ള പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ശ്രമങ്ങളാണ് ഇതിന് കാരണം. 2022 ഡിസംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ലഭിക്കാത്ത നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടി തീവ്ര വലതുപക്ഷ യാഥാസ്ഥിതിക ജൂത പാർട്ടികളുമായി സഖ്യമുണ്ടാക്കിയാണ് അധികാരത്തിൽ വരികയും സർക്കാർ രൂപീകരിക്കുകയും ചെയ്തത്. കടുത്ത പലസ്തീൻ വിരുദ്ധതയാണ് ബെഞ്ചമിന്റെ രാഷ്ട്രീയ നിക്ഷേപം. 15 കൊല്ലത്തെ ഭരണത്തിൽ പലസ്തീൻ ജനതയ്ക്ക് നേരെ നടത്തിയ ക്രൂരതകൾ കൊണ്ട് കുപ്രസിദ്ധി ആർജിക്കാൻ ബെഞ്ചമിന് കഴിഞ്ഞിട്ടുണ്ട്. പലസ്തീൻ വിരുദ്ധതയും ക്രൂരതകളുമാണ് 15 കൊല്ലം അധികാരം നിലനിർത്താൻ നെതന്യാഹുവിനെ സഹായിച്ചത്.
വെസ്റ്റ് ബാങ്ക്, ഗാസ, കിഴക്കൻ ജെറുസലേം എന്നീ പലസ്തീൻ ഭൂരിപക്ഷ പ്രദേശങ്ങൾക്ക് ഏറ്റവും ഭീകരവും വേദനാജനകവുമായ വർഷമായിരുന്നു 2022 എന്ന് ഇസ്രയേലി മനുഷ്യാവകാശ സംഘടനയായ ബി ടി സലേം (B’Tselem) അഭിപ്രായപ്പെടുന്നു. ആ കൊല്ലം മാത്രം ആയിരത്തോളം പലസ്തീനികള്‍ ക്രൂരമായി വധിക്കപ്പെട്ടു എന്ന് കണക്കുകൾ തെളിയിക്കുന്നു. തന്നെ തെരഞ്ഞെടുപ്പിൽ ജയിപ്പിക്കാൻ തീവ്ര സയണിസ്റ്റ് ശക്തികൾക്ക് നെതന്യാഹു നൽകിയ വാഗ്ദാനം പലസ്തീൻ ജനതയുടെ ഭൂമിയും സ്വത്തും പിടിച്ചെടുത്ത് തരുമെന്നാണ്. വെസ്റ്റ് ബാങ്ക് കയ്യേറുക, ജെറുസലേം തുടങ്ങിയ വിവാദ വിശുദ്ധ സ്ഥലങ്ങളിൽ കൂടുതൽ ആധിപത്യം സ്ഥാപിക്കുക എന്നത് സയണിസത്തിന്റെ ചിരകാല അജണ്ടയാണ്.

എന്ത്കൊണ്ട് നെതന്യാഹു ഇത്തരം ഒരു വാഗ്ദാനം നൽകി? അഴിമതിയിലും സ്വജന പക്ഷപാതത്തിലും മുങ്ങിക്കിടക്കുന്ന ബെഞ്ചമിന് രാഷ്ട്രീയ പാർട്ടികളുടെ പിന്തുണ ലഭിക്കാതെ പ്രതിസന്ധിയിലായപ്പോഴാണ് ഈ വജ്രായുധം പുറത്തെടുത്തത്. അധികാരത്തിൽ വന്ന് ഒരു മാസമായപ്പോൾ തന്നെ പലസ്തീന്‍ ജനതയുടെ വീടുകൾ ഇടിച്ചു നിരത്താനുള്ള ഉത്തരവ് നൽകി. ആഭ്യന്തര വകുപ്പിന്റെ ചുമതല തീവ്ര വലതുപക്ഷക്കാരനായ ഇത്തമാർ ബെൻ ഗവിറിനെ ഏല്പിച്ചു. കയ്യേറ്റ മാഫിയ നേതാവായ ബെസലേൽ സ്മോട്രിച്ചിനെ ധനകാര്യമന്ത്രിയായി നിയമിച്ചു. ഒപ്പം ഇസ്രയേൽ കയ്യേറിയ പ്രദേശങ്ങളിലെ പലസ്തീന്‍ ജനതയുടെ വീടുകൾ പൊളിച്ച് കളയുവാനുള്ള അധികാരവും നൽകി. കാലങ്ങളായി നിലനിൽക്കുന്ന ഇസ്രയേലി – പലസ്തീന്‍ സംഘർഷം തീവ്രത യോടെ നിലനിര്‍ത്തുകയാണ് ലക്ഷ്യം സയണിസ്റ്റ് വോട്ട് ബാങ്കുകളെ പ്രീണിപ്പിക്കാൻ ബെൻ ഗവിറിന് അൽ അഖ്സ പള്ളി സന്ദർശിക്കാൻ അനുവാദം നൽകി. ഇത് വലിയ സംഘർഷങ്ങൾക്ക് വഴിയൊരുക്കി. വെസ്റ്റ് ബാങ്ക് അടക്കമുള്ള പ്രദേശങ്ങൾ ഇസ്രയേലിനോടു കൂട്ടിച്ചേർക്കും എന്ന വാഗ്ദാനം തെരഞ്ഞെടുപ്പ് സമയത്ത് തന്നെ ബെഞ്ചമിൻ നല്കിയിരുന്നു. ഈ പ്രദേശങ്ങൾക്ക് മേലുള്ള ഇസ്രയേലിന്റെ ആധിപത്യം ഉറപ്പാക്കുന്ന കരാറുകൾ ഘടകകക്ഷികളുമായി ഒപ്പ് വച്ചിരുന്നു. താൻ നേരിടുന്ന അഴിമതി ആരോപണങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടുക എന്ന അജണ്ട നടപ്പിലാക്കാനാണ് ബെഞ്ചമിൻ നെതന്യാഹു ഇതെല്ലാം ചെയ്തത്.


ഇതുകൂടി വായിക്കൂ:മോഡിയുടെ യുഎസ് സന്ദര്‍ശനത്തിന്റെ കാണാപ്പുറം


പല അറബ് രാജ്യങ്ങളും ഇസ്രയേലുമായി ഒപ്പ് വച്ച അബ്രഹാം ഉടമ്പടി ആ രാജ്യങ്ങളെ പലസ്തീനിനു് പിന്തുണ നൽകുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്നുണ്ട്. ഈ കരാറുകളുടെ പശ്ചാത്തലത്തിലാണ് ഇസ്രയേൽ പലസ്തീൻ വിരുദ്ധ പ്രവർത്തനങ്ങൾ ഇപ്പോൾ നടത്തുന്നത്. കോളനിവല്‍ക്കരിക്കപ്പെട്ട ജനതയുടെ കൂടെ നിൽക്കുന്നതിനെക്കാൾ അറബ് രാജ്യങ്ങൾ തങ്ങളുടെ സ്വാർത്ഥ താല്പര്യങ്ങൾക്ക് കൂടുതൽ പ്രധാന്യം നൽകുന്നത് ഖേദകരമാണ്. തീവ്രനിലപാടുകൾ കൊണ്ടുള്ള നെതന്യാഹുവിന്റെ കളികൾ ജുഡീഷ്യറിയുടെ അധികാരങ്ങൾ അട്ടിമറിക്കാനുള്ള ശ്രമത്തിൽ പിഴച്ചു. പലസ്തീൻ വിരുദ്ധത കൊണ്ട് ഭരണം കയ്യാളാം എന്ന വ്യാമോഹത്തിന് ഈയൊരു നീക്കം വലിയൊരു തിരിച്ചടിയായി. പുതിയതായി നിർദേശിക്കപ്പെട്ട പരിഷ്കാരങ്ങൾ പ്രകാരം ഇസ്രയേലിന്റെ പാർലമെന്റായ നെസെറ്റിനു സുപ്രീം കോടതിയുടെ ഏത് വിധിയും റദ്ദ് ചെയ്യാം, ജുഡീഷ്യറിയിൽ നിയമനങ്ങൾ നടത്താം. ഇതിനോട് ചേർത്തു വായിക്കേണ്ട കാര്യം ജുഡീഷ്യറി പരിഷ്കരണ നടപടികളിൽ നിന്ന് ബെഞ്ചമിനെ അറ്റോർണി ജനറൽ വിലക്കിയിരുന്നു. പുതിയ പരിഷ്കാരങ്ങൾ പ്രകാരം പ്രധാനമന്ത്രിക്ക് എതിരെ കോടതി നടപടികൾ സ്വീകരിക്കുവാൻ സാധ്യമല്ല. യഥാർത്ഥത്തിൽ പലസ്തീന്‍ ജനതയുടെ വീടുകൾ തകർക്കാനുള്ള, മനുഷ്യാവകാശങ്ങൾ ലംഘിക്കുവാനുള്ള ശ്രമങ്ങൾക്ക് കോടതി തടയിട്ടാൽ അതിനെ മറികടക്കുവാൻ വേണ്ടിയാണ് ഈ പരിഷ്കാരം. ഒപ്പം വമ്പൻ അഴിമതികളുടെ തെളിവുകൾ നശിപ്പിക്കുകയും ചെയ്യാം.

ലക്ഷക്കണക്കിന് ആളുകൾ പങ്കെടുക്കുന്ന സമരങ്ങൾ നിരന്തരമായി നടക്കുകയാണ് ഇസ്രയേലിൽ. കഴിഞ്ഞ ആറുമാസമായി നടക്കുന്ന പ്രക്ഷോഭങ്ങൾ മൂലം വലിയൊരു രാഷ്ട്രീയ സാമ്പത്തിക ദുരിതത്തിലാണ് ഇസ്രയേൽ. കുതിച്ചുയരുന്ന വിലക്കയറ്റവും താഴോട്ട് കൂപ്പ് കുത്തുന്ന സാമ്പത്തിക സ്ഥിതിയും ജനങ്ങളുടെ ശ്രദ്ധയിൽ നിന്നകറ്റാൻ ഇസ്രയേൽ സൈന്യം ക്രൂരവും പൈശാചികവുമായ ആക്രമണങ്ങൾ നടത്തുകയാണ്. നിരപരാധികളായ പലസ്തീനികളുടെ ജീവൻ സൈന്യം കുരുതി നൽകി. ഇത്തരം നടപടികളെ എതിർത്ത പ്രതിരോധ മന്ത്രി യോവ് ഗാലന്റ് നെതന്യാഹു കാബിനെറ്റിൽ നിന്ന് പുറത്താക്കപ്പെട്ടു. ഇസ്രയേൽ ഭരണകൂടത്തിന്റെ അടിത്തറ തീവ്ര വലതുപക്ഷ സയോണിസം ആണെങ്കിലും ചില ഘട്ടങ്ങളിൽ നീതിന്യായ വ്യവസ്ഥ മനുഷ്യത്വപരമായ നടപടികൾ സ്വീകരിക്കാറുണ്ട്. കഴിഞ്ഞ കൊല്ലം ഷേഖ് ജേറയിൽ പലസ്തീൻ കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്ന നടപടി കോടതി ഉത്തരവ് പ്രകാരം നിർത്തിവയ്ക്കേണ്ടി വന്നിരുന്നു. എന്തുകൊണ്ട് കോടതിക്ക് കടിഞ്ഞാണിടാൻ നെതന്യാഹു ശ്രമിക്കുന്നു എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഇത്. പൊതുജനങ്ങളുടെ സമ്മർദം മൂലം ഈ പരിഷ്കാരങ്ങൾ നിർദേശിക്കുന്ന ബിൽ പാസാക്കാതെ സർക്കാർ മാറ്റിവച്ചു. സ്വന്തമായി ഭരണഘടനയില്ലാത്ത രാജ്യമാണ് ഇസ്രയേൽ. ഈ വസ്തുത ഇസ്രയേൽ ആരാധകരായവർക്ക് അധികമറിയില്ല. ഭരണഘടനയ്ക്ക് പകരം 13 അർധ ഭരണഘടനാ നിയമങ്ങളാണ് അവർക്ക് ഉള്ളത്. ഈ നിയമങ്ങൾ എല്ലാം തന്നെ മാറ്റി എഴുതാൻ നെസെറ്റിന് കഴിയും. ജനുവരി മുതൽ ആരംഭിച്ച സമരങ്ങൾ ഇന്ന് ആഭ്യന്തര യുദ്ധമായി മാറിക്കഴിഞ്ഞു. പാശ്ചാത്യ കോർപറേറ്റ് അനുകൂല മാധ്യമങ്ങളും ഇന്ത്യയിലെ ബൂർഷ്വ മാധ്യമങ്ങളും ഈ കാര്യങ്ങൾ ഒന്നും തന്നെ വേണ്ടത്ര റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.


ഇതുകൂടി വായിക്കൂ:റഷ്യയിലെ സായുധകലാപം; വസ്തുതകളും ഉത്തരവാദിത്തവും


നെതന്യാഹുവിന് പിന്തുണ നൽകി മുന്നോട്ട് വന്നത് രണ്ട് പ്രമുഖരാണ്. നിയമ മന്ത്രി യറിവ് ലെവിൻ, തീവ്ര സയോണിസ്റ്റ് എംപിയായ സിംച്ച റോത്ത്മാൻ. ഇവർ നയിക്കുന്ന വലതുപക്ഷ ക്യാമ്പുകൾ പറയുന്നത് തീവ്ര യാഥാസ്ഥിതിക ജൂതന്മാരുടെ കുടിയേറ്റ (യഥാർത്ഥത്തിൽ കയ്യേറ്റ) മുന്നേറ്റങ്ങൾക്ക് എതിരായ ഒരു ബോധം കോടതിക്ക് ഉണ്ടെന്നാണ്. ഈ വലതുപക്ഷ ക്യാമ്പുകളുടെ പ്രധാന ലക്ഷ്യം വെസ്റ്റ് ബാങ്കിനെയും കിഴക്കൻ ജെറുസലേമിനെയും കയ്യേറി കീഴടക്കുക എന്നതാണ്.
മാർച്ചിൽ പിൻവലിക്കപ്പെട്ട ബിൽ കഴിഞ്ഞ ആഴ്ച പുനരവതരിപ്പിക്കാൻ പാർലിമെന്ററി കമ്മിറ്റി ശ്രമിച്ചപ്പോൾ വലിയ ജനകീയ പ്രക്ഷോഭങ്ങൾ ഉണ്ടാകുവാൻ തുടങ്ങി. ബില്ലിനെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും രാഷ്ട്രീയപരമായി തുല്യ ശക്തിയുള്ളവരാണ്. അത് കൊണ്ട് ജനകീയ പ്രക്ഷോഭങ്ങൾ വിജയിക്കുക ദുഷ്കരമാണ്. എന്നാൽ ബിൽ പാസായാൽ പലസ്തീന്‍ ജനതയുടെ അവകാശങ്ങൾക്ക് ഏൽക്കുന്ന വലിയൊരു ആഘാതമായിരിക്കും.
(പിഎസ്‌സി മുന്‍ അംഗവും ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൈഗ്രേഷന്‍ ആന്റ് ഡെവലപ്പ്മെന്റില്‍ വിസിറ്റിങ് പ്രൊഫസറുമാണ് ലേഖകൻ).

Exit mobile version