19 May 2024, Sunday

റഷ്യയിലെ സായുധകലാപം; വസ്തുതകളും ഉത്തരവാദിത്തവും

Janayugom Webdesk
June 26, 2023 5:00 am

ഷ്യൻ കൂലിപ്പട്ടാളമായ വാഗ്നർ ഗ്രൂപ്പ് അവർ കയ്യടക്കിയിരുന്ന റഷ്യൻ സൈനികത്താവളങ്ങൾ കയ്യൊഴിയുകയും മോസ്കോ നഗരത്തിലേക്കുള്ള സൈനികനീക്കം ഉപേക്ഷിച്ച് തങ്ങളുടെ താവളങ്ങളിലേക്ക് പിന്മാറിയതായുമുള്ള വാർത്തകളാണ് പുറത്തുവരുന്നത്. വാഗ്നർ മേധാവി യെവ്ഗനി പ്രിഗോഷിൻ ബെലാറൂസ് പ്രസിഡന്റ് ലുകാഷെങ്കോയുടെ ക്ഷണപ്രകാരം ആ രാജ്യത്തേക്ക് പോയതായും വാർത്തയുണ്ട്. വലിയ രക്തച്ചൊരിച്ചിലും ആൾനാശവുമാണ് തൽക്കാലത്തേക്കെങ്കിലും ഒഴിഞ്ഞുപോയത്. എന്നാൽ ഈ സംഭവവികാസങ്ങൾ ലോകശക്തികളിൽ ഒന്നായി കരുതപ്പെട്ടിരുന്ന റഷ്യയുടെ ഔന്നത്യത്തിനും കരുത്തിനുമുണ്ടായ ക്ഷതത്തെയും ശൈഥില്യത്തെയുമാണ് അടയാളപ്പെടുത്തുന്നത്. അത് റഷ്യയുടെ രാഷ്ട്രീയ, ഭരണ സംവിധാനങ്ങളുടെ തകർച്ചയെയാണ് തുറന്നുകാണിക്കുന്നത്. കിഴക്കൻ യൂറോപ്പിലെ സോഷ്യലിസ്റ്റ് രാജ്യങ്ങളുടെയും സോവിയറ്റ് യൂണിയന്റെയും തകർച്ചയും ശിഥിലീകരണവുമാണ് യൂറോപ്പിനുമാത്രമല്ല ലോകത്തിനാകെ വിനാശകരമായ ഇന്നത്തെ സാഹചര്യം സൃഷ്ടിച്ചിരിക്കുന്നത്. വൈരുധ്യങ്ങൾക്കും ഭിന്നതകൾക്കും നടുവിലും സമാധാനപരമായ ഒരു ആഗോള രാഷ്ട്രീയ, സൈനിക ചട്ടക്കൂടിനുള്ളിലായിരുന്നു അന്ന് ലോകം ചലിച്ചിരുന്നത്. അന്ന് നിലനിന്നിരുന്ന രാഷ്ട്രീയ ബലതന്ത്രം തകർക്കപ്പെട്ടതോടെ ഒരു ഏകധ്രുവലോകം ഉദയംകൊണ്ടുവെന്ന് കരുതിയവർക്കുമുമ്പിൽ ഇന്ന് ഉയർന്നുവന്നിരിക്കുന്നത് പരസ്പരം കടിച്ചുകീറാൻ തയ്യാറെടുത്തുനിൽക്കുന്ന, യുദ്ധങ്ങളും, വിദ്വേഷം വമിപ്പിക്കുന്ന തീവ്രനിലപാടുകളുംകൊണ്ട് സംഘർഷഭരിതവും കുഴഞ്ഞുമറിഞ്ഞതും അങ്ങേയറ്റം നീതിരഹിതവുമായ ഒരു ലോകമാണ്. അതിന്റെ ഉത്തരവാദിത്തത്തിൽനിന്നും പാശ്ചാത്യ വലതുപക്ഷ ശക്തികൾക്ക് കൈകഴുകി ഒഴിഞ്ഞുനിൽക്കാനാവില്ല.


ഇതുകൂടി വായിക്കൂ: റഷ്യയില്‍ സായുധകലാപം


സോവിയറ്റ്, സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളുടെ തകർച്ചയെത്തുടർന്ന് അവിടങ്ങളിൽ ഉയർന്നുവന്ന വലതുപക്ഷ, മാഫിയ സംഘങ്ങളുടെ മേൽക്കോയ്മ ജനാധിപത്യ ശക്തികൾക്കുപകരം ഏകാധിപത്യ, ചങ്ങാത്തമുതലാളിത്ത രാഷ്ട്രീയ സംവിധാനങ്ങൾക്കാണ് വഴിമാറിയത്. അതിന്റെ ഉല്പന്നങ്ങളാണ് വ്ലാദിമിർ പുടിനടക്കം പല ഭരണാധികാരികളും. ജനങ്ങളുടെ പൊതു ഉടമസ്ഥതയിലായിരുന്ന മഹാസംരംഭങ്ങൾ ഓരോന്നായി പുത്തൻ സ്വാകാര്യ മുതലാളിമാരുടെ കൈപ്പിടിയിലായി. സൈനിക സംവിധാനങ്ങളടക്കം രാഷ്ട്രസ്ഥാപനങ്ങൾ കൈപ്പിടിയിലൊതുക്കാൻ മാഫിയ സംഘങ്ങൾ യഥേഷ്ടം നിയോഗിക്കപ്പെട്ടു. പ്രിഗോഷിന്റെയും വാഗ്നർ ഗ്രൂപ്പിന്റെയുമെല്ലാം വളർച്ചയുടെയും ഭരണകൂടത്തെയും ഭരണസംവിധാനങ്ങളെയും ദുർബലമാക്കിക്കൊണ്ടുള്ള ഉയർച്ചയുടെയും ഉല്പത്തി ആ പ്രക്രിയയിൽ കണ്ടെത്താനാവും. 1990കൾ വരെ ഗുരുതരമായ കുറ്റകൃത്യങ്ങൾക്ക് തുറുങ്കിലടയ്ക്കപ്പെട്ടിരുന്ന പ്രിഗോഷിൻ പുടിന്റെ വിശ്വസ്ഥനും സൈനിക കരാറുകാരനും കൂലിപ്പട്ടാള കമ്പനിയുടെ മേധാവിയുമായത് അങ്ങനെയാണ്. തുടർന്ന് അയാൾ നിയമവിരുദ്ധമായി റഷ്യൻ ജയിലുകളിലെ കുറ്റവാളികളെ മോചിപ്പിച്ച് വാഗ്നർ ഗ്രൂപ്പിന് രൂപം നൽകിയതും സിറിയയിലും ആഫ്രിക്കയിലും അവസാനം ഉക്രെയ്‌നിലും സായുധ ഇടപെടലുകൾ നടത്തിയതും പുടിൻ ഭരണകൂടത്തിന്റെ അനുഗ്രഹാശിസുകളോടെയാണെന്ന് ഇപ്പോൾ വ്യക്തം. മുൻ സോവിയറ്റ് ചാരസംഘടനയിൽ അംഗമായിരുന്ന പുടിൻ പ്രിഗോഷിന്റെ കുറ്റകൃത്യങ്ങൾ നന്നായി മനസിലാക്കിക്കൊണ്ടുതന്നെയാണ് അയാളെ തന്റെ വിശ്വസ്ഥരിൽ ഒരാളായി കൂടെ കൂട്ടിയത് എന്നത് രാഷ്ട്രത്തോടുള്ള വഞ്ചനയിലും കുറ്റകൃത്യങ്ങളിലും പുടിനെ ഒന്നാം പ്രതിയാക്കി മാറ്റുന്നു. അതുകൊണ്ടുതന്നെയായിരിക്കണം പ്രിഗോഷിനെയും അയാളുടെ കൂലിപ്പട്ടാളത്തെയും നേരിടാതെയും പ്രഖ്യാപിച്ചവിധം ശിക്ഷിക്കാതെയും രക്ഷപ്പെടാൻ ഭരണകൂടം അനുവദിച്ചിരിക്കുന്നത്.


ഇതുകൂടി വായിക്കൂ: റഷ്യ‑ഉക്രെയ്ൻ യുദ്ധത്തിലെ കേന്ദ്ര നിലപാട് റിലയന്‍സിന് വേണ്ടി


ഇപ്പോഴത്തെ സംഭവവികാസങ്ങൾ പുടിൻ എന്ന ഏകാധിപതിയെയും അയാൾ നേതൃത്വം നൽകുന്ന ഭരണകൂടത്തെയും ചരിത്രത്തിലെ ഏറ്റവും വലിയ ദുര്‍ബലാവസ്ഥയിലാണ് എത്തിച്ചിരിക്കുന്നത്. അത് റഷ്യ ഉക്രെയ്ൻ യുദ്ധത്തിന്റെ ഗതി നിർണയിക്കുമെന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്. റഷ്യയുടെ ആഭ്യന്തര രാഷ്ട്രീയത്തെയും തീർച്ചയായും അത് നിർണായകമായി സ്വാധീനിക്കും. ഉക്രെയ്‌നും വ്ലാദിമിർ സെലൻസ്കിയും ആവശ്യപ്പെടുന്നതുപോലെ കൂടുതൽ ആയുധങ്ങൾ നൽകുന്നതും പാശ്ചാത്യ ഇടപെടലുകളും റഷ്യക്ക് മാത്രമല്ല ലോകജനതയുടെതന്നെ സമാധാനപൂർണമായ നിലനില്പിന് ഹാനികരമാകും. ബെലാറുസിലേക്കു പ്രിഗോഷിനെയും അയാളുടെ കൂലിപ്പട്ടാളത്തെ സ്വന്തം പാളയത്തിലേക്കും പോകാൻ അനുവദിച്ചതും മേൽ പശ്ചാത്തലത്തിൽവേണം വിലയിരുത്താൻ. ലുകാഷെങ്കോ പുടിന്റെ യുദ്ധശ്രമങ്ങളിൽ ഉറ്റ പങ്കാളിയാണ്. റഷ്യൻ ആണവായുധങ്ങൾ ബെലാറുസിൽ വിന്യസിച്ചിട്ടുണ്ടെന്നതും അവഗണിക്കാവുന്ന വസ്തുതകളല്ല. ഉക്രെയ്‌ൻ ലോകത്തെ പ്രധാനപ്പെട്ട പല ആണവ വൈദ്യുത നിലയങ്ങളുടെയും ഇടമാണെന്നത് ആശങ്ക വർധിപ്പിക്കുന്നു. ലോകത്തെയാകെ പ്രതികൂലമായി ബാധിച്ചേക്കാവുന്ന ദുരന്തങ്ങളിൽനിന്നും രാഷ്ട്രങ്ങളെയും ജനതകളെയും സംരക്ഷിക്കാൻ യുഎൻ അടക്കം ആഗോള രാഷ്ട്രീയനേതൃത്വം കരുതലോടെയും വിവേകപൂർവവും ചിന്തിക്കുമെന്നും ഇടപെടുമെന്നും ജനങ്ങൾ പ്രതീക്ഷിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.