Site iconSite icon Janayugom Online

ഇറാന്റെ കൈവശം ആണവായുധങ്ങളുണ്ടെന്നത് നെതന്യാഹുവിന്റെ നുണ: ക്യൂബ

ഇറാനെതിരെ യുഎസ് പിന്തുണയോട് ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ പ്രതിഷേധവുമായി ക്യൂബ. ഇറാന്റെ കൈവശം ആണവായുധങ്ങളുണ്ടെന്ന് നെതന്യാഹുവും അദ്ദേഹത്തിന്റെ അനുയായികളും 30 വര്‍ഷത്തിലേറെയായി നുണ പറഞ്ഞുകൊണ്ടിരിക്കുകയാണെന്ന് ക്യൂബന്‍ വിദേശകാര്യമന്ത്രി ബ്രൂണോ റോഡ്രിഗസ് പറഞ്ഞു. എക്സ് പോസ്റ്റ് വഴിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നതിനെ ചരിത്രപരമായി പിന്തുണക്കുന്ന പുരാതന രാഷ്ട്രമാണ് ഇറാനെന്നും ആ രാജ്യത്തെ നശിപ്പിക്കാന്‍ യുഎസ് സര്‍ക്കാരിനെ സൈനികമായി ഉള്‍പ്പെടുത്തുക എന്നതായിരുന്നു ഇസ്രയേലിന്റെ ഉദ്ദേശമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇറാന്റെ ആണവ കേന്ദ്രങ്ങളില്‍ അമേരിക്ക നടത്തിയ ബോംബാക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്ന് ആക്രമണമുണ്ടായ സമയത്ത് ക്യൂബ പ്രതികരിച്ചിരുന്നു. ഈ ആക്രമണം യുഎന്‍ ചാര്‍ട്ടറിന്റെയും അന്താരാഷ്ട്ര നിയമത്തിന്റെയും ലംഘനമാണെന്നാണ്‌ ക്യൂബന്‍ പ്രസിഡന്റ് മിഗുവല്‍ ഡയസ് കനേല്‍ പ്രതികരിച്ചത്. മധ്യപൂര്‍വദേശത്തിലെ സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന രാജ്യങ്ങള്‍ സമാധാനത്തിനായി അടിയന്തരമായി നയതന്ത്ര സംഭാഷണം നടത്തണമെന്നും ക്യൂബന്‍ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു.

Exit mobile version