Site iconSite icon Janayugom Online

വെടിനിർത്തൽ കരാറിനുള്ള നിർദേശങ്ങൾ തള്ളി നെതന്യാഹു

netanyahunetanyahu

ഹമാസ് മുന്നോട്ടുവച്ച വെടിനിർത്തൽ കരാര്‍ നിർദേശങ്ങൾ തള്ളി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇസ്രയേലിന്റെ സുരക്ഷ ഉറപ്പാക്കാന്‍ ഹമാസിന് മേൽ സമ്പൂർണ വിജയം നേടുകയല്ലാതെ മറ്റ് വഴികളില്ല എന്നാണ് നെതന്യാഹുവിന്റെ നിലപാട്. ഈജിപ്തിൽനിന്ന് സഹായമെത്തുന്ന തെക്കൻ ഗാസയിലെ അതിർത്തി ഉൾപ്പെടുന്ന റഫാ അതിർത്തിയിൽ ആക്രമണം ആരംഭിക്കാൻ സൈന്യത്തിന് നിർദേശം കൊടുത്തതായും നെതന്യാഹു പറഞ്ഞു. ജയം അരികെയുണ്ടെന്നും ഹമാസിനെ പരാജയപ്പെടുത്താൻ കുറച്ച് മാസങ്ങൾ കൂടി പോരാട്ടം തുടരേണ്ടി വരുമെന്നും നെതന്യാഹു ആവർത്തിച്ചു. ഗാസ മുനമ്പിന്റെ ഒരു പ്രദേശവും ആക്രമണത്തിൽനിന്ന് ഒഴിവാക്കില്ല. ഹമാസിന് ഭാഗികമായി പോലും ഗാസയുടെ നിയന്ത്രണം നല്‍കില്ല. ബന്ദികളെ മോചിപ്പിക്കുന്നതിന് പകരമായി 135 ദിവസത്തെ വെടിനിർത്തലിന് ആഹ്വാനം ചെയ്യുന്ന വ്യവസ്ഥകൾ ഹമാസിന്റെ വ്യാമോഹമാണ്. ഇത് മറ്റൊരു കൂട്ടക്കൊലയിലേക്കാകും നയിക്കുകയെന്നും നെ­തന്യാഹു അഭിപ്രായപ്പെട്ടു.

ഖത്തർ, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ മധ്യസ്ഥതയിൽ യുഎസിന്റെയും ഇസ്രയേലിന്റെയും ഇന്റലിജിൻസ് മേധാവികളുമായി നടന്ന ചർച്ചയിൽ മുന്നോട്ടുവച്ച നിർദേശങ്ങൾക്കുള്ള മറുപടിയായിട്ടായിരുന്നു കഴിഞ്ഞ ദിവസം ഹമാസ് തങ്ങളുടെ ആവശ്യങ്ങൾ അറിയിച്ചത്.
135 ദിവസം നീണ്ട മൂന്നുഘട്ടമായുള്ള വെടിനിർത്തൽ പദ്ധതിയായിരുന്നു ഹമാസിന്റെത്. ഒക്‌ടോബർ ഏഴിന് പിടിച്ചെടുത്ത ഇസ്രയേലി ബന്ദികളെ 1,500 പലസ്തീൻ തടവുകാർക്ക് പകരമായി കൈമാറ്റം, ഗാസയുടെ പുനർനിർമാണം, ഇസ്രയേൽ സേനയുടെ പൂർണമായ പിന്മാറ്റം എന്നിങ്ങനെയുള്ള ഉപാധികളായിരുന്നു മുന്നോട്ടുവച്ചത്.

സമാധാന ശ്രമങ്ങള്‍ക്കുള്ള യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ ഇസ്രയേല്‍ സന്ദര്‍ശനം ഫലം കണ്ടില്ലെന്ന സൂചനയാണ് നെതന്യാഹുവിന്റെ പ്രതികരണം നല്‍കുന്നത്. ഒക്ടോബർ ഏഴിന് ശേഷം ആന്റണി ബ്ലിങ്കൻ മേഖലയിലേക്ക് നടത്തുന്ന അഞ്ചാം സന്ദർശനമാണിത്. ഇസ്രയേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റാണ് ഹമാസിന്റെ നിർദേശം നിരസിച്ച കാര്യം ബ്ലിങ്കനെ അറിയിച്ചത്. അതേസമയം, പുതിയ ചർച്ചകൾ വ്യാഴാഴ്ച കെയ്‌റോയിൽ ആരംഭിക്കുമെന്ന് ഈജിപ്ത് ഉദ്യോഗസ്ഥർ അറിയിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. പലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള വ്യക്തവും വിശ്വസനീയവും സമയബന്ധിതവുമായ നടപടികൾ ഉറപ്പുനൽകുകയാണെങ്കിൽ ഇസ്രയേലുമായുള്ള ബന്ധം പുനഃസ്ഥാപിക്കാൻ ത­യ്യാറാണെന്ന് സൗദി അറേബ്യ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാൽ പലസ്തീൻ രാഷ്ട്രമെന്ന ആശയത്തിനെതിരാണ് നെതന്യാഹു. 

Eng­lish Summary:Netanyahu reject­ed pro­pos­als for a cease­fire agreement
You may also like this video

Exit mobile version