Site iconSite icon Janayugom Online

ട്രംപിന്റെ ‘ബോർഡ് ഓഫ് പീസ്’ സമിതിയിൽ അംഗമാകാൻ നെതന്യാഹു

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിൽ രൂപീകരിച്ച ‘ബോർഡ് ഓഫ് പീസ്‘എന്ന പുതിയ അന്താരാഷ്ട്ര സമിതിയിൽ അംഗമാകാനുള്ള ക്ഷണം ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സ്വീകരിച്ചു. ലോകനേതാക്കൾ ഉൾപ്പെടുന്ന ഈ സമിതിയുടെ ലക്ഷ്യം ഗാസയിലെ പുനർനിർമ്മാണവും സമാധാനവുമാണെന്ന് കരുതപ്പെടുന്നുണ്ടെങ്കിലും, ഐക്യരാഷ്ട്രസഭയുടെ പ്രവർത്തനങ്ങളെ മറികടക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഈ പുതിയ നീക്കമെന്ന് വിമർശനമുണ്ട്. ബഹ്റൈൻ, ഈജിപ്ത്, യുഎഇ, ഹംഗറി, വിയറ്റ്നാം തുടങ്ങി നിരവധി രാജ്യങ്ങൾ ഇതിൽ ചേരാൻ സമ്മതിച്ചിട്ടുണ്ട്. എന്നാൽ, പദ്ധതിയിലെ വ്യക്തതക്കുറവ് മൂലം നോർവേ, ഫ്രാൻസ്, സ്വീഡൻ എന്നീ രാജ്യങ്ങൾ ഇതിൽ പങ്കാളികളാകില്ലെന്ന് അറിയിച്ചു. കാനഡ, റഷ്യ, യുകെ തുടങ്ങിയ രാജ്യങ്ങൾ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.

പുതിയ സമിതിയുടെ ചട്ടപ്രകാരം, അംഗരാജ്യങ്ങൾക്ക് മൂന്ന് വർഷത്തെ കാലാവധിയാണുള്ളത്. എന്നാൽ ഒരു ബില്യൺ ഡോളർ (ഏകദേശം 8,500 കോടി രൂപ) ഫണ്ട് നൽകുന്ന രാജ്യങ്ങൾക്ക് സമിതിയിൽ സ്ഥിരം അംഗത്വം ലഭിക്കും. ട്രംപ് തന്നെയായിരിക്കും ഈ സംഘടനയുടെ ചെയർമാൻ. അദ്ദേഹത്തിന് സമിതിയിൽ വിപുലമായ അധികാരങ്ങളുണ്ടാകും. മധ്യേഷ്യൻ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ്, ട്രംപിന്റെ മരുമകൻ ജാരെഡ് കുഷ്നർ, മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയർ എന്നിവരുൾപ്പെടെയുള്ള ഏഴംഗ എക്സിക്യൂട്ടീവ് ബോർഡിനെ ട്രംപ് ഇതിനോടകം പ്രഖ്യാപിച്ചു കഴിഞ്ഞു. ഗാസയിലെ പുനർനിർമ്മാണത്തിനും ഹമാസിനെ നിരായുധമാക്കുന്നതിനും മേൽനോട്ടം വഹിക്കാൻ മുൻ യുഎൻ പ്രതിനിധി നിക്കോളായ് മ്ലാഡെനോവിനെയും ട്രംപ് നിയോഗിച്ചിട്ടുണ്ട്.

ഗാസയിലെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ നവംബറിൽ ഐക്യരാഷ്ട്രസഭ ഈ സമിതിക്ക് അനുമതി നൽകിയിരുന്നു. എന്നാൽ, ഇതിന്റെ എക്സിക്യൂട്ടീവ് ബോർഡിൽ ഖത്തറിനെയും തുർക്കിയെയും ഉൾപ്പെടുത്തിയത് ഇസ്രായേലിനെ പ്രകോപിപ്പിച്ചിട്ടുണ്ട്. തങ്ങളുമായി ആലോചിക്കാതെയാണ് ഈ തീരുമാനമെന്നും ഇത് ഇസ്രായേലിന്റെ നയങ്ങൾക്ക് വിരുദ്ധമാണെന്നും നെതന്യാഹുവിന്റെ ഓഫീസ് പ്രതികരിച്ചു. ഒക്ടോബറിൽ നിലവിൽ വന്ന വെടിനിർത്തൽ പ്രകാരം ബന്ദികളുടെ കൈമാറ്റവും സഹായവിതരണവും നടക്കുന്നുണ്ടെങ്കിലും ഗസ്സയിൽ ഇപ്പോഴും ആക്രമണങ്ങൾ തുടരുകയാണ്. ഹമാസ് പൂർണ്ണമായും ആയുധം താഴെ വയ്ക്കാതെയും ഇസ്രായേൽ സൈന്യം പൂർണ്ണമായും പിന്മാറാതെയും രണ്ടാം ഘട്ട സമാധാന ചർച്ചകൾ വിജയിക്കില്ലെന്നാണ് വിലയിരുത്തൽ.

Exit mobile version