Site icon Janayugom Online

യുദ്ധം അവസാനിപ്പിക്കാത്തത് നെതന്യാഹു; യുദ്ധകാല മന്ത്രിസഭയില്‍ നിന്ന് ബെന്നി ഗാന്റ്സ് രാജിവച്ചു

യുദ്ധകാല മന്ത്രിസഭയില്‍ നിന്ന് രാജിവച്ച് ബെന്നി ഗാന്റ്സ്. ഗാസയുമായുള്ള യുദ്ധം അവസാനിക്കുന്നതിന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തടസം നില്‍ക്കുന്നുവെന്നാരോപിച്ചാണ് രാജി. ദൗർഭാഗ്യവശാൽ യഥാർത്ഥ വിജയത്തിലേക്കെത്തുന്നതിൽ നിന്ന് നെതന്യാഹു നമ്മളെ തടഞ്ഞു നിർത്തുകയാണ്. ഇതാണ് ഇപ്പോഴുള്ള ബുദ്ധിമുട്ടുകൾക്കും വേദനകൾക്കുമെല്ലാം കാരണം എന്നായിരുന്നു ഗാന്റ്സ് മാധ്യമങ്ങൾക്കു മുന്നിൽ പറഞ്ഞത്. രാജ്യത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കണമെന്നും ഗാന്റ്സ് ആവശ്യപ്പെട്ടു.
സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇത്തരമൊരു തീരുമാനമെടുക്കരുതെന്നും സെെ­ന്യത്തോടൊപ്പം ശക്തമായി കൂടെ നില്‍ക്കണമെന്നുമായിരുന്നു ഗാന്റ്സിനുള്ള നെതന്യാഹുവിന്റെ മറുപടി. ശനിയാഴ്ച രാജിവയ്ക്കുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും നാല് ബന്ദികളെ മോചിപ്പിച്ചതിനു പിന്നാലെ പ്രഖ്യാപനം മാറ്റിവയ്ക്കുകയായിരുന്നു. ഗാന്റ്സിന്റെത് ഉചിതമായ നിലപാടാണെന്ന് പ്രതിപക്ഷ നേതാവ് യെയര്‍ ലാപിഡ് പ്രതികരിച്ചു. രാജി പ്രഖ്യാപനം പുറത്ത് വന്നയുടൻ തന്നെ തനിക്ക് യുദ്ധ മന്ത്രിസഭയിൽ സ്ഥാനം നൽകണമെന്ന് ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗ്വിര്‍ ആവശ്യപ്പെട്ടു. അമേരിക്ക മുന്നോട്ടു വയ്ക്കുന്ന വെടിനിർത്തൽ നിര്‍ദേശം അംഗീകരിക്കുകയാണെങ്കിൽ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന് ബെന്‍ ഗ്വിര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. 

ഗാസയിലെ ഹമാസിന്റെ ഭരണം അവസാനിപ്പിക്കുന്നതുൾപ്പെടെ സർക്കാരിന്റെ ആറ് പ്രധാനപ്പെട്ട ലക്ഷ്യങ്ങൾ സാക്ഷാത്ക്കരിക്കാനും വ്യത്യസ്ത രാജ്യങ്ങളായി ഭരണം മുന്നോട്ടുകൊണ്ടു പോകുന്നതിനും ഗാന്റ്സ് നെതന്യാഹുവിന് ജൂൺ എട്ട് വരെ സമയം നൽകിയിരുന്നു. എന്നാല്‍ ഈ പദ്ധതി ഇസ്രയേലിനെ പരാജയപ്പെടുത്തുമെന്നായിരുന്നു നെതന്യാഹുവിന്റെ നിലപാട്. ഇസ്രയേല്‍ പ്രതിരോധ സേനയുടെ മുന്‍ മേധാവിയായിരുന്ന ഗാന്റ്സ്, നെതന്യാഹുവിന്റെ പ്രധാന എതിരാളികളില്‍ ഒരാളായിരുന്നു. യുദ്ധത്തിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ സെൻട്രലിസ്റ്റ് നാഷണൽ യൂണിറ്റി പാർട്ടി അടിയന്തര മന്ത്രിസഭയുടെ ഭാഗമായത്. നെതന്യാഹുവും പ്രതിരോധ മന്ത്രി യോവ് ഗാലന്റും ഗാന്റ്സും ചേരുന്നതാണ് യുദ്ധമന്ത്രിസഭ. ഈ മന്ത്രിസഭയ്ക്കുള്ള സെന്‍ട്രലിസ്റ്റ് നാഷണല്‍ യൂണിറ്റി പാര്‍ട്ടി പിന്തുണ പിന്‍വലിക്കുമെന്നും ഗാന്റ്സ് അറിയിച്ചു. യുദ്ധമന്ത്രിസഭയിൽ പ്രധാനപ്പെട്ട അഞ്ചു സ്ഥാനങ്ങൾ വഹിക്കുന്നുണ്ട്.

സര്‍ക്കാരിന്റെ നിലനില്പിന് ഗാന്റ്സിന്റെ രാജി ഭീഷണിയാകില്ലെങ്കിലും അന്താരാഷ്ട്രതലത്തില്‍ ഇസ്രയേല്‍ സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കും. ഗാന്റ്സിന്റെ രാജിയോടെ തീവ്ര വലതുപക്ഷ സംഘങ്ങള്‍ സര്‍ക്കാരിലും ഗാസയിലെ യുദ്ധത്തിലും കൂടുതല്‍ സ്വാധീനം ചെലുത്താന്‍ സാധ്യതയുണ്ട്. ഒക്ടോബർ ഏഴിലെ ആക്രമണം തടയുന്നതിൽ പരാജയപ്പെട്ടതിന്റെ പേ­രിൽ ഐഡിഎഫിന്റെ ഗാസ ഡിവിഷന്റെ തലവനായ ബ്രിഗേഡിയർ ജനറൽ അവി റോസൻഫെൽഡും രാജിവച്ചു. ആക്രമണത്തിന് ശേഷം സ്ഥാനമൊഴിയുന്ന ആദ്യ ഐഡിഎഫ് കമാൻഡറാണ് റോസൻഫെൽഡ്.

Eng­lish Summary:Netanyahu will not end the war; Ben­ny Gantz resigned from the wartime cabinet
You may also like this video

Exit mobile version