രാജസ്ഥാനിലെ കോട്ടയില്‍ വിദ്യാര്‍ത്ഥികളുടെ ആത്മഹത്യാ നിരക്ക് ഉയര്‍ന്നതോടെ ഹോസ്റ്റല്‍ കെട്ടിടങ്ങളില്‍ വലകള്‍ സ്ഥാപിക്കുന്നു. സ്പ്രിങ് ഘടിപ്പിച്ച ഫാനുകള്‍ക്ക് പിന്നാലെയാണ് ആത്മഹത്യാ പ്രതിരോധത്തിനായി വലകള്‍ സ്ഥാപിക്കുന്നത്.
എന്‍ജിനീയറിങ് പ്രവേശനത്തിനായുള്ള ജോയിന്റ് എന്‍ട്രസ് പരീക്ഷ (ജെഇഇ), മെഡിക്കല്‍ കോളജ് പ്രവേശനത്തിനായുള്ള ദ നാഷണല്‍ എല്‍ജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റിനുമായി (നീറ്റ്) രണ്ട് ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ് കോട്ടയില്‍ പരിശീലനം നടത്തുന്നത്.
ഔദ്യോഗിക രേഖകള്‍ പ്രകാരം ഈ വര്‍ഷം ഇതുവരെ മത്സരപ്പരീക്ഷകള്‍ക്കായി തയ്യാറെടുക്കുന്ന 20 വിദ്യാര്‍ത്ഥികളാണ് ഇവിടെ ആത്മഹത്യ ചെയ്തത്.
കഴിഞ്ഞ വര്‍ഷം ഇത് 15 ആയിരുന്നു. ഇതുവരെയുള്ളതില്‍ ഏറ്റവും കൂടുതല്‍ ആത്മഹത്യയാണ് ഈ വര്‍ഷമുണ്ടായിരിക്കുന്നത്.
മുകളിലത്തെ നിലയില്‍ നിന്ന് ചാടിയാല്‍ തടയാന്‍ കഴിയുന്ന രീതിയിലുള്ള വലിയ വലകളാണ് കെട്ടിടത്തിന്റെ ലോബികളിലും ബാല്‍ക്കണികളിലും സ്ഥാപിച്ചിരിക്കുന്നതെന്ന് വിശാലാക്ഷി റസിഡന്‍സിയുടെ ഉടമ വിനോദ് ഗൗതം പറഞ്ഞു. എട്ട് നിലകളിലായി ഇരുന്നൂറോളം മുറികളുള്ള പെണ്‍കുട്ടികളുടെ ഹോസ്റ്റലാണത്. സ്പ്രിങ് ഘടിപ്പിച്ച ഫാനും വലയും ഒരു പരിധിവരെ ജീവഹാനി തടയുമെന്നാണ് ഉടമയുടെ ആശ്വാസം.
വിദ്യാഭ്യാസ കേന്ദ്രത്തില്‍ നിന്നും കുടുംബത്തില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ക്കുമേലുള്ള സമ്മര്‍ദ്ദമാണ് ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുന്നതെന്നാണ് പ്രാഥമിക നിഗമനം. കോട്ടയില്‍ മാത്രമല്ല രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തിലുള്ള ആത്മഹത്യകള്‍ പെരുകുന്നുണ്ട്. നാഷണല്‍ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് 2021ല്‍ മാത്രം 13,000 വിദ്യാര്‍ത്ഥികളാണ് ആത്മഹത്യ ചെയ്തത്.