കോൺഗ്രസ്, ഐഎൻടിയുസി നേതാവായിരുന്ന അഞ്ചൽ ഏരൂർ നെട്ടയം രാമഭദ്രൻ കൊലക്കേസിൽ വിചാരണ വേളയിൽ അറസ്റ്റ് ചെയ്ത പ്രതികളെ തിരിച്ചറിയില്ല എന്നു പറഞ്ഞ നിലവിലെ പത്തനംതിട്ട ഡിവൈഎസ്‌പി ബി വിനോദിനെതിരെ നടപടി എടുക്കുന്നതിന് മുന്നോടിയായി വകുപ്പ് തല അന്വേഷണം നടത്താൻ ഉത്തരവായി. വിനോദ് പുനലൂർ സർക്കിൾ ഇൻസ്പെക്ടർ ആയിരിക്കെയാണ് രാമഭദ്രൻ കൊലക്കേസിൽ പ്രധാന പ്രതികളെ അറസ്റ്റ് ചെയ്തത്. എന്നാൽ തിരുവനന്തപുരത്തെ സിബിഐ കോടതിയിൽ കേസിലെ വിചാരണക്കിടെ അന്വേഷണ ഉദ്യോഗസ്ഥനായ വിനോദിനെ വിസ്തരിക്കുമ്പോഴാണ് പ്രതികളെ തിരിച്ചറിയില്ല എന്നു വ്യക്തമാക്കിയത്.
അന്വേഷണ ഉദ്യോഗസ്ഥൻ എന്നനിലയിൽ പ്രോസിക്യൂഷനെ സഹായിക്കേണ്ട ഉദ്യോഗസ്ഥന്‍ പ്രതിഭാഗത്തിന് അനുകൂല നിലപാടാണ് സ്വീകരിച്ചത്. അതീവ ഗൗരവമുള്ളതും രാഷ്ട്രീയ ശ്രദ്ധ നേടിയതുമായ കേസിൽ പൊലിസ് ഉദ്യോഗസ്ഥന്‍ തികഞ്ഞ ലാഘവത്തോടെ കോടതിയിൽ ഹാജരാകുകയും പ്രതികൾക്ക് അനുകൂലമായും പ്രോസിക്യൂഷന് ദോഷകരമാകും വിധമുള്ള നിലപാട് സ്വീകരിക്കുകയും ചെയ്തു. ഇത് ഗുരുതര വീഴ്ചയും കൃത്യവിലോപവുമാണന്നും നടപടി സ്വീകരിക്കണം എന്നും കാട്ടി സംസ്ഥാന പൊലീസ് മേധാവി സർക്കാരിന് റിപ്പോർട്ട് നല്‍കിയിരുന്നു. ഈ റിപ്പോർട്ടിൻമേലാണ് വകുപ്പുതല നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി വിനോദിനെതിരെ അന്വേഷണം നടത്താൻ ഉത്തരവിറക്കിയിരിക്കുന്നത്.
ലോക്കൽ പൊലീസിന്റെ അന്വേഷണത്തിൽ വിശ്വാസമില്ലന്നും സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് കൊല്ലപ്പെട്ട രാമഭദ്രന്റെ ഭാര്യ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് കേസ് പിന്നീട് സിബിഐ ഏറ്റെടുക്കുന്നത്.