Site icon Janayugom Online

ഗാർഹിക തൊഴിലാളികളുടെ ക്ഷേമത്തിനായി പുതിയ നിയമം ഉടന്‍: മന്ത്രി വി ശിവൻകുട്ടി

ഗാർഹിക തൊഴിലാളികളുടെ ക്ഷേമത്തിനായി പുതിയ നിയമം താമസിയാതെ കൊണ്ടുവരുമെന്ന് പൊതു വിദ്യാഭ്യാസ‑തൊഴില്‍ മന്ത്രി വി ശിവൻകുട്ടി. ബില്ലിന്റെ കരട് ചർച്ച ചെയ്യാൻ വിളിച്ചു ചേർത്ത വിവിധ മേഖലകളിലെ പ്രതിനിധികളുടെ യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഇന്ത്യയുടെ നഗര ജനസംഖ്യയുടെ വലിയൊരു വിഭാഗത്തിന്റെ ദൈനംദിന ജീവിതത്തിൽ ഒഴിച്ചു കൂടാനാവാത്ത ഒരു വിഭാഗമാണ് ഗാർഹിക തൊഴിലാളികൾ. ഈ വിഭാഗം ജീവനക്കാരെ സംരക്ഷിക്കുന്നതിനും തിരിച്ചറിയുന്നതിനും നിലവിൽ ഒരു ദേശീയ നയത്തിന്റെ അഭാവമുണ്ട്. ഈ മേഖലയിൽ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾ നിരവധിയാണ്. ഇത്തരം തൊഴിലാളികളുടെ തൊഴിൽ സംരക്ഷിക്കുക എന്നത് ജനാധിപത്യ സമൂഹത്തിൽ ഒരു സർക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട കർത്തവ്യമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. 

ഗാർഹിക തൊഴിലാളികളുടെ കുറഞ്ഞ വേതനം, നിശ്ചിത തൊഴിൽ സമയം, സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം, മറ്റ് ആരോഗ്യ സുരക്ഷ എന്നിവ ഉറപ്പു വരുത്തുന്നതിനായാണ് ഇന്ത്യയിൽ ആദ്യമായി കേരളത്തിലെ എൽഡിഎഫ് സർക്കാർ ഒരു നിയമം കൊണ്ടുവരുന്നത്. ഗാർഹിക തൊഴിലാളികളുടെ അവകാശങ്ങൾ കവർന്നെടുക്കൽ, ഉപദ്രവം, ആക്രമണം, സാമ്പത്തിക ചൂഷണം എന്നിവയിൽ നിന്നും സംരക്ഷണത്തിനും അവരുടെ സേവന വേതന വ്യവസ്ഥകൾ ക്രമപ്പെടുത്തുന്നതിനും വേണ്ടി വ്യവസ്ഥ ചെയ്യുന്നതിനായിട്ടാണ് ഒരു കരട് ബിൽ തയ്യാറാക്കിയിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. യോഗത്തിൽ തൊഴിലാളി, തൊഴിലുടമാ പ്രതിനിധികൾ, പ്ലാനിങ് ബോർഡ് അംഗങ്ങൾ, ഈ മേഖലയിലെ മറ്റു വിദഗ്ധർ തുടങ്ങിയവർ പങ്കെടുത്തു. 

Eng­lish Summary:New Act for wel­fare of domes­tic work­ers soon: Min­is­ter V Sivankutty
You may also like this video

Exit mobile version