കുട്ടികളുടെ സമൂഹമാധ്യമ ഉപയോഗം നിയന്ത്രിക്കുന്നതിനായി പാർലമെന്റിൽ പുതിയ ബിൽ വരുന്നു. ആന്ധ്രപ്രദേശിൽ നിന്നുള്ള ലോക്സഭാംഗം ലാവു ശ്രീ കൃഷ്ണ ദേവരായലുവാണ് ബിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. 16 വയസിന് താഴെയുള്ള കുട്ടികളുടെ സമൂഹമാധ്യമ ഉപയോഗം നിയന്ത്രിക്കുന്നതുമായി ബന്ധപ്പട്ടാണിത്. സ്വകാര്യതയുടെ സംരക്ഷണവും കുട്ടികളെയും കൗമാരക്കാരെയും വിവിധതരം ചൂഷണങ്ങളിൽ നിന്ന് സംരക്ഷിക്കുകയുമാണ് ലക്ഷ്യമെന്ന് ദേവരായലു പറയുന്നു.
ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള ഇന്ത്യയിൽ ഇത്തരമൊരു നിയന്ത്രണം ഏർപ്പെടുത്തുന്നത് മെറ്റയുടെ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, ഇലോൺ മസ്കിന്റെ എക്സ് തുടങ്ങിയ പ്ലാറ്റ്ഫോമുകൾക്ക് ക്ഷീണമുണ്ടാക്കുമെന്നത് ഒരു വസ്തുതയാണ്. ഇൻസ്റ്റഗ്രാമിനും ഫേസ്ബുക്കിനും ഇന്ത്യയിൽ മാത്രം 40 കോടി ഉപഭോക്താക്കളുണ്ട്. സ്നാപ്ചാറ്റിന് 20 കോടിയും എക്സിന് രണ്ട് കോടിയും എന്നാണ് കണക്കുകൾ പറയുന്നത്.

