Site iconSite icon Janayugom Online

രഹസ്യകാമുകനൊപ്പം ജീവിക്കാൻ കുഞ്ഞിനെ കൊന്ന സംഭവം

* നെടുമങ്ങാട് സ്വദേശിനിയായ പ്രതിയെ ഹാജരാക്കാന്‍ കോടതി ഉത്തരവ്

* ഗരുഡക്കൊടി ചെടിയുടെ വേരും ഇളം പപ്പക്കയും ചേർത്തരച്ച് നാട്ടുമരുന്ന് തയാറാക്കിയാണ് വീട്ടിനുള്ളിൽ പ്രസവിച്ചത്

 

തിരുവനന്തപുരം: നവജാത ശിശുവിനെ കൊലപ്പെടുത്തി മറവു ചെയ്ത കേസിൽ കുഞ്ഞിന്റെ മാതാവായ നെടുമങ്ങാട് സ്വദേശിനിയെ ഹാജരാക്കാൻ തിരുവനന്തപുരം ഒന്നാം അഡീഷണല്‍ ജില്ലാ സെഷൻസ് കോടതി ഉത്തരവിട്ടു. കേസിലെ ഏക പ്രതി നെടുമങ്ങാട് പനവൂർ വില്ലേജിൽ മാങ്കുഴി തോട്ടിൻകര വീട്ടിൽ ബീനയുടെ മകൾ ചിത്തിര(28)യെയാണ് ഹാജരാക്കേണ്ടത്.

 

പ്രതിയെ ജൂലൈ മൂന്നിന് ഹാജരാക്കാൻ നെടുമങ്ങാട് പൊലീസ് സർക്കിൾ ഇൻസ്പെക്ടറോടാണ് വിചാരണ കോടതി ജഡ്ജി കെ കെ ബാലകൃഷ്ണൻ ഉത്തരവിട്ടത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 302 (കൊലപാതകം), 201(തെളിവ് നശിപ്പിക്കൽ), ജുവനൈൽ ജസ്റ്റിസ് നിയമത്തിലെ 75 (കുഞ്ഞിനെ സംരക്ഷിക്കാൻ നിയമപരമായും ധാർമ്മികമായും സാധ്യതപ്പെട്ട അമ്മയായ പ്രതി ആയതിന് വിരുദ്ധമായി പ്രവർത്തിക്കൽ) എന്നീ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾക്കാണ് കോടതി പ്രതിക്കെതിരെ സെഷൻസ് കേസെടുത്തത്.

 

2020 നവംബർ 29 നാണ് മനസാക്ഷിയെ മരവിപ്പിക്കുന്ന അരുംകൊല നടന്നത്. പ്രതി മറ്റാരിൽ നിന്നോ അവിഹിതമായി ഗർഭം ധരിച്ച വിവരം നാട്ടുകാരിൽ നിന്നും വീട്ടുകാരിൽ നിന്നും രഹസ്യ കാമുകനിൽ നിന്നും കളവുപറഞ്ഞ് മറച്ചുവച്ചു. കാമുകനൊപ്പം ഒരുമിച്ച് ജീവിക്കാൻ, പ്രതി പ്രസവിക്കുന്നതിനായി ഗരുഡക്കൊടി എന്ന ചെടിയുടെ വേരും ഇളം പപ്പക്കയും ചേർത്തരച്ച് നാട്ടുമരുന്ന് തയാറാക്കിക്കഴിച്ചു. രാവിലെയാണ് മരുന്ന് കഴിച്ചത്. തുടർന്ന് ഉച്ചതിരിഞ്ഞ് മൂന്നിന് വീട്ടിനുള്ളിൽ പരസഹായമില്ലാതെ പൂർണവളർച്ചയെത്തിയ ഒരാൺ കുഞ്ഞിനെ പ്രസവിച്ചു. പിന്നീട് കുഞ്ഞിന്റെ മുഖം കൈകൊണ്ടമർത്തി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി.

മൃതദേഹം സാരിയിലും ബെഡ്ഷീറ്റുകളിലുമായി പൊതിഞ്ഞ് ആരുമറിയാതെ പിറ്റേന്ന് രാവിലെ വീട്ടുപറമ്പിൽ കിണറിന് സമീപം മൺവെട്ടി ഉപയോഗിച്ച് ആഴത്തിൽ സ്വയം കുഴികുത്തി അതില്‍ മറവ് ചെയ്തു. തെളിവുകൾ നശിപ്പിക്കുകയും ചെയ്തു. കുഞ്ഞിനെ സംരക്ഷിക്കാൻ നിയമപരമായും ധാർമ്മികമായും സാധ്യതപ്പെട്ട അമ്മയായ പ്രതി ആയതിന് വിരുദ്ധമായി പ്രവർത്തിച്ചുവെന്നാണ് കേസ്.

Exit mobile version