Site iconSite icon Janayugom Online

ഉദ്ഘാടനത്തിനൊരുങ്ങി ജിഎച്ച്എസ് എൽപി സ്കൂളിലെ പുതിയ കെട്ടിടം

അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന്റെ ഭാഗമായി പെരുമ്പളം ഗ്രാമപഞ്ചായത്തിലെ ജിഎച്ച്എസ്എൽപി സ്കൂളിൽ നിർമ്മിച്ച കെട്ടിടം ഉദ്ഘാടനത്തിനൊരുങ്ങുന്നു. ദലീമ ജോജോ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി അനുവദിച്ച 60.63 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടത്തിന്റെ നിർമാണം. പെയിന്റിംഗ് ജോലികളാണ് നിലവിൽ പൂർത്തീകരിക്കാനുള്ളത്. 1800 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ ഒറ്റ നിലയില്‍ മൂന്ന് ക്ലാസ് മുറികളാണ് നിർമ്മിച്ചത്. സ്മാർട്ട് ക്ലാസ് റൂം സജ്ജീകരിക്കുന്നതിനുള്ള സാങ്കേതിക സൗകര്യങ്ങളും കെട്ടിടത്തില്‍ ഉൾപ്പെടുത്തിട്ടുണ്ട്. ഒന്നു മുതൽ നാലാം ക്ലാസ് വരെ ഒൻപത് ഡിവിഷനുകളിലായി 180 ഓളം കുട്ടികൾ പഠിക്കുന്ന സ്കൂളിൽ നിലവിൽ ആറ് ഡിവിഷനുകൾക്ക് മാത്രമാണ് സ്വന്തമായി ക്ലാസ് മുറികൾ ഉള്ളത്. ബാക്കി മൂന്ന് ഡിവിഷനുകളിലെ കുട്ടികൾ തൊട്ടടുത്തുള്ള ഹയർ സെക്കൻഡറി സ്കൂളിൽ സജ്ജീകരിച്ചിരിക്കുന്ന താൽക്കാലിക ക്ലാസ് മുറികളിലാണ് പഠിക്കുന്നത്. പുതിയ കെട്ടിടം പ്രവർത്തനസജ്ജമാക്കുന്നതോടെ എല്ലാവരും വീണ്ടും ഒരുമിച്ചെത്തുമെന്ന സന്തോഷത്തിലാണ് സ്കൂൾ അധികൃതരും വിദ്യാര്‍ത്ഥികളും. സ്കൂളിന്റെ പരിമിതമായ സൗകര്യം നേരിട്ട് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് അടിയന്തരമായി കെട്ടിടം പൂർത്തീകരിക്കാനുള്ള ഫണ്ട് അനുവദിച്ചതെന്നും കുരുന്നുകൾക്ക് സ്വന്തം ക്ലാസ് മുറികളിൽ മികച്ച സൗകര്യത്തോടെ പഠിക്കാൻ ഉടൻ സാധിക്കുമെന്നും ദലീമ ജോജോ എംഎൽഎ പറഞ്ഞു.

Exit mobile version