Site iconSite icon Janayugom Online

രാഹുല്‍ മാങ്കൂട്ടത്തിനെതിരെയുള്ള പുതിയ പരാതി; ബലാത്സംഗം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തു

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുള്ള പുതിയ പരാതിയില്‍ ബലാത്സംഗം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തു .ബംഗളൂരു സ്വദേശിനിയായ 23കാരി കെപിസിസിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്. നിലവിലെ കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന് തന്നെയാണ് അന്വേഷണ ചുമതല. ഒളിവിൽ കഴിയുന്ന എംഎൽഎ ക്കായുള്ള തെരച്ചിൽ അന്വേഷണസംഘം ഊർജ്ജിതമാക്കി.

യുവതിയെ ബലാത്സംഗം ചെയ്യുകയും ഗർഭഛിദ്രത്തിന് നിർബന്ധിക്കുകയും ചെയ്ത കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടയാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രണ്ടാമത്തെ കേസും രജിസ്റ്റർ ചെയ്തിരിക്കുന്നത്. വിവാഹ വാഗ്ദാനം നൽകി രാഹുൽ തന്നെ പീഡിപ്പിച്ചെന്ന് കാട്ടി കെപിസിസി അധ്യക്ഷനും രാഹുൽ ഗാന്ധിക്കും സോണിയ ഗാന്ധിക്കും ബംഗളൂരുവിലെ 23 കാരിയായ യുവതി പരാതി നൽകിയിരുന്നു.ഈ പരാതി കെപിസിസി പ്രസിഡണ്ട് ഡിജിപിക്ക് കൈമാറി. പിന്നാലെയാണ് ക്രൈം ബ്രാഞ്ച് കേസെടുത്തത്. ബലാത്സംഗം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയാണ് കേസ്.

പരാതിയുടെ അടിസ്ഥാനത്തിൽ യുവതിയിൽ നിന്ന് മൊഴിയെടുക്കാൻ ആണ് അന്വേഷണസംഘത്തിന്റെ തീരുമാനം. മൊഴി നൽകാൻ യുവതി തയ്യാറായില്ലെങ്കിൽ കെപിസിസി പ്രസിഡണ്ടിനെ വാദിയാക്കി അന്വേഷണം മുന്നോട്ടു കൊണ്ടു പോകാനും ആലോചനയുണ്ട്. ക്രൈം ബ്രാഞ്ചാണ് കേസെടുത്തതെങ്കിലും നിലവിലെ കേസ് അന്വേഷിക്കുന്ന എസ്ഐടിക്ക് തന്നെയാണ് അന്വേഷണചുമതല.ഡിവൈഎസ് പി സജീവൻ അന്വേഷണത്തിന് നേതൃത്വം നൽകും. 

അതേസമയം ആദ്യ പരാതിക്ക് പിന്നാലെ ഒളിവിൽ പോയ രാഹുലിനെ കണ്ടെത്തുന്നതിനായി അന്വേഷണസംഘം തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. രാഹുലിനെതിരായ പരാതികൾ സന്തതസഹചാരിയായ ഷാഫി പറമ്പിലിനും അറിയാമായിരുന്നുവെന്ന് നിരവധി യുവതികൾ വെളിപ്പെടുത്തിയിട്ടുണ്ട്. ഒളിവിൽ കഴിയാൻ ഉൾപ്പടെ കോൺഗ്രസ് നേതാക്കളുടെ സഹായം രാഹുലിന് ലഭിക്കുന്നുവെന്ന് ആക്ഷേപവും ശക്തമാണ്. പിന്നാലെ രാഹുലിനെതിരെ പുതിയ പരാതികൾ കൂടി എത്തിയതോടെ കൂടുതൽ പ്രതിരോധത്തിൽ ആവുകയാണ് കോൺഗ്രസ്.

Exit mobile version