പുതിയ കോൺഗ്രസ് പ്രവര്‍ത്തക സമിതി പാര്‍ട്ടി അധ്യക്ഷനായ മല്ലികാര്‍ജന്‍ ഖാര്‍ഗെയുടെ പുതുതന്ത്രമായി വിലയിരുത്തപ്പെടുന്നു. സമതുല്യതയും ആസൂത്രിതമായ ഒത്തുതീര്‍പ്പും നിറഞ്ഞതാണ് പുതിയ കമ്മിറ്റി. വരാനിരിക്കുന്ന പാര്‍ലമെന്റ് പൊതുതെരഞ്ഞെടുപ്പ് മാത്രമല്ല, അടുത്തെത്തിനില്‍ക്കുന്ന ചില സംസ്ഥാന തെരഞ്ഞെടുപ്പും ഖാര്‍ഗെയുടെ മുന്നിലുണ്ട്. കോണ്‍ഗ്രസിനോ കോണ്‍ഗ്രസ് നയിക്കുന്ന മുന്നണിക്കോ നേട്ടമുണ്ടാകുന്ന സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രി സ്ഥാനമുള്‍പ്പെടെ നിര്‍ണയിക്കുന്നതില്‍ നേരിടേണ്ടിവരുന്ന പ്രശ്നങ്ങള്‍ ചെറുതല്ല. ആ ദൗത്യത്തിനുള്ള ഒരുക്കം കൂടിയാണ് പുതിയ പ്രവര്‍ത്തക സമിതി തിരഞ്ഞെടുപ്പ്.
അതോടൊപ്പം നിലവിലുള്ള ചില മുഖ്യമന്ത്രിമാരെ ചൊല്പടിക്കുനിര്‍ത്താനുള്ള തന്ത്രവും ഇതിനുപിന്നിലുണ്ട്. വിമത പ്രവർത്തനങ്ങൾ വിലയിരുത്തി, പാര്‍ട്ടിയില്‍ പ്രതിസന്ധികളൊഴിവാക്കുന്നതിനുള്ള തന്ത്രവും മല്ലികാര്‍ജുനന്‍ ഖാര്‍ഗെയുടെ പുതിയ പ്രവര്‍ത്തക സമിതിക്കാവും. വലിയ അസ്വാരസങ്ങളും വിവാദങ്ങളും ഇല്ലാതെ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞെന്നതും ഖാര്‍ഗെയുടെ വിജയമാണ്. എ കെ ആന്റണി, അംബികാ സോണി എന്നീ പ്രായാധിക്യമുള്ള നേതാക്കളെ നിലനിര്‍ത്തിയതില്‍ ഖാര്‍ഗെയുടെ തന്ത്രമുണ്ട്. ഒപ്പം സോണിയാ ഗാന്ധിയുടെ പിന്‍ബലവും. പലരും ഇതിനെ അമ്പരപ്പോടെയാണ് വീക്ഷിക്കുന്നത്. എന്നാല്‍ അത്തരം ഒരു സങ്കോചവും കോണ്‍ഗ്രസ് അധ്യക്ഷനില്‍ ഇല്ല. ആന്റണിക്കും അംബികാ സോണിക്കുമുള്ള സംഘടനാ അനുഭവങ്ങള്‍ എഐസിസിക്ക് മുതല്‍ക്കൂട്ടാണെന്നാണ് ഖാര്‍ഗെയുടെ പക്ഷം. സാമുദായിക സന്തുലിതാവസ്ഥയും എ കെ ആന്റണിയുടെ കാര്യത്തില്‍ ഉണ്ടെന്നും പറയാം. പ്രവര്‍ത്തക സമിതി അംഗമായിരുന്ന ഉമ്മൻചാണ്ടിയുടെ മരണവും മറ്റൊരു ക്രിസ്ത്യൻ മുഖം കണ്ടെത്താൻ കഴിയാത്തതും ആന്റണിയുടെ തുടർച്ചയ്ക്ക് കാരണമായി.
കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ തനിക്കെതിരെ മത്സരിച്ച ശശി തരൂരിനെ പ്രവര്‍ത്തക സമിതിയില്‍ ഉള്‍പ്പെടുത്തണമെന്നത് ഖാര്‍ഗെയുടെ കൂടി നിര്‍ബന്ധമായിരുന്നു. മറിച്ചായിരുന്നെങ്കില്‍ പരസ്യസംവാദങ്ങള്‍ക്ക് കാരണമാകുമായിരുന്നു. സ്ഥിരം ക്ഷണിതാവോ പ്രത്യേക ക്ഷണിതാവോ ആയിരിക്കാന്‍ തനിക്ക് താല്പര്യമില്ലെന്ന് നേരത്തെ തന്നെ തരൂര്‍ വ്യക്തമാക്കിയിരുന്നു. മാത്രമല്ല, തരൂരിന്റെ സാന്നിധ്യം ദേശീയ രാഷ്ട്രീയ സംവാദവേദികളില്‍ അനിവാര്യമാണെന്ന വിലയിരുത്തലും ഖാര്‍ഗെയ്ക്കുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പരാജയത്തിന് കാരണക്കാരനെന്ന ആരോപണത്തിന് വിധേയനായ പഞ്ചാബ് മുൻ മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നിയെ ഉള്‍പ്പെടുത്തിയതും ഖാര്‍ഗെയുടെ നോമിനിയായാണ്. വിവാദങ്ങളുടെ തോഴനും പഞ്ചാബ് കോൺഗ്രസിലേക്ക് മടങ്ങിയെത്തുകയും ചെയ്ത നവജ്യോത് സിങ് സിദ്ധുവിന് അവസരം ഒരുക്കാതിരുത്തനും അതേ ഖാര‍്‍ഗെ തന്നെ.
അശോക് ഗെലോട്ടിനെയും അദ്ദേഹത്തിന്റെ സര്‍ക്കാരിനെയും പാര്‍ട്ടിയെ തന്നെയും കടുത്ത പ്രതിസന്ധിയിലാക്കി പോരാട്ടം തുടരുന്ന സച്ചിൻ പൈലറ്റിനെ പ്രവര്‍ത്തക സമിതിയില്‍ ഉള്‍പ്പെടുത്തി. ഒപ്പം ഗെലോട്ടിന്റെ വിശ്വസ്തനും മന്ത്രിയുമായ മഹേന്ദ്രജീത് സിങ് മാളവ്യയെയും പരിഗണിച്ചു എന്നതാണ് ഖാര്‍ഗെയുടെ മറ്റൊരു തന്ത്രം. ഹിമാചലില്‍ മുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ട് നിരന്തരം പ്രതിസന്ധി സൃഷ്ടിക്കുന്ന പ്രതിഭാ സിങ്ങിനെയും പ്രവര്‍ത്തക സമിതിയിലാക്കി.
സ്വന്തം തട്ടകമായ കര്‍ണാടകയിലെ മുറുമുറുപ്പുകള്‍ ഒഴിവാക്കുന്നതിലും ഖാര്‍ഗെ വിജയിച്ചു. എം വീരപ്പ മൊയ്‌ലിയെയും ബി കെ ഹരിപ്രസാദിനെയും സ്ഥിരം ക്ഷണിതാക്കളാക്കി. യുവജനനേതാവായ സയ്യിദ് നസീർ ഹുസൈനെയും പരിഗണിച്ചു. അവിടെ മുഖ്യമന്ത്രി പദത്തിനായി വിരട്ടല്‍ തന്ത്രം പയറ്റിയ സിദ്ധരാമയ്യക്ക് ശക്തമായൊരു താക്കീതുകൂടിയായി അത് മാറുകയും ചെയ്യുന്നു. ഇരട്ട പദവിയുടെ പേരില്‍ മുഖ്യമന്ത്രിമാരെ ആരെയും പ്രവര്‍ത്തക സമിതിയില്‍ ഉള്‍പ്പെടുത്തേണ്ടെന്ന് തീരുമാനിക്കുകയും ചെയ്തു.
English Sammury: new Congress Working Committee may be an act of balancing and accommodation-Kharge’s strategy