Site icon Janayugom Online

ലോകത്തെ ഭീതിയിലാക്കി ചെെനയില്‍ വീണ്ടും പുതിയ കൊറോണ വെെറസ്; വിമാനങ്ങള്‍ റദ്ദാക്കി, സ്‍കൂളുകള്‍ അടച്ചു

ലോകത്തെ വീണ്ടും ഭീതിയിലാക്കി ചൈനയില്‍ വീണ്ടും പുതിയ കൊറോണ വൈറസ് വകഭേദം വ്യാപിക്കുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് കൃത്യമായ സൂചനകള്‍ അധികൃതര്‍ പുറത്ത് വിട്ടിട്ടില്ല. വൈറസ് വ്യാപനത്തെ തുടര്‍ന്ന് അധികൃതര്‍ നൂറുകണക്കിന് വിമാനങ്ങള്‍ റദ്ദാക്കി. പ്രദേശത്തെ സ്‌കൂളുകളും അടച്ചിട്ടിരിക്കുകയാണ്. മറ്റ് രാജ്യങ്ങള്‍ താല്‍ക്കാലികമായി നിയന്ത്രണങ്ങള്‍ ലഘൂകരിക്കാന്‍ ശ്രമിക്കുമ്പോഴും, കര്‍ശനമായ അതിര്‍ത്തി അടച്ചുപൂട്ടലുകളും ടാര്‍ഗെറ്റുചെയ്ത ലോക്ക്ഡൗണുകളും ഉപയോഗിച്ച് ബെയ്ജിംഗ് നിരന്തരമായ സീറോ-കോവിഡ് സമീപനം നിലനിര്‍ത്തുകയായിരുന്നു ചെയ്തത്. എന്നാല്‍ ഇതെല്ലാം ചെയ്തിട്ടും ഇപ്പോള്‍ വീണ്ടും കൊറോണ വൈറസ് പൊട്ടിപുറപ്പെട്ടതോടെ വൈറസിന്റെ ഉത്ഭവം ചൈനയില്‍ തന്നെയാണെന്ന ലോക രാജ്യങ്ങളുടെ വാദം ശരിവെക്കുന്ന തരത്തിലാണ് കാര്യങ്ങള്‍.

പുതിയ വൈറസ് വകഭേദം കൂടുതല്‍ അപകടകാരിയാണെന്നാണ് റിപോര്‍ട്ടുകള്‍. ബീജിങ്ങില്‍ ഇന്നലെ വ്യാപകമായ കോവിഡ് ടെസ്റ്റുകള്‍ നടത്തി. നിരവധി വിനോദസഞ്ചാരികളുടെ കൂട്ടത്തിലുള്ള വൃദ്ധ ദമ്പതികളുമായി ഏറ്റവും പുതിയ കൊറോണ വ്യാപനം ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് അധികൃതരുടെ നിലപാട്. ഷിയാന്‍, ഗാന്‍സു പ്രവിശ്യ, ഇന്നര്‍ മംഗോളിയ എന്നിവിടങ്ങളിലേക്ക് ഫ്ളൈറ്റില്‍ പോകുന്നതിനു മുന്‍പ് അവര്‍ ഷാങ്ഹായില്‍ താമസിച്ചിരുന്നു. ഡസന്‍ കണക്കിന് കേസുകള്‍ അവരുടെ യാത്രയുമായി ബന്ധപ്പെട്ട അഞ്ചിടങ്ങളില്‍ ഉള്ള സമ്പര്‍ക്കത്തില്‍ നിന്നാണ് എന്നാണ് അധികൃതര്‍ പറയുന്നത്. തുടര്‍ന്ന് പ്രാദേശിക തലത്തില്‍ അധികൃതര്‍ ഇപ്പോള്‍ കൂട്ടപരിശോധന നടത്തുകയാണ്.

ചൈനയിലെ വുഹാന്‍ ലാബില്‍ നിന്നാണ് കൊറോണ വൈറസ് ആദ്യമായി പൊട്ടിപുറപ്പെട്ടതെന്നാണ് ലോക രാജ്യങ്ങളുടെ ആരോപണം. ഇത് പിന്നീട് ആഗോള തലത്തില്‍ വ്യാപിച്ചിരുന്നു. ഇപ്പോള്‍ ലോകം കൊറോണ വൈറസുമായി പോരാടി മുന്നോട്ടു പോകുമ്പോഴാണ് പുതിയ വൈറസ് എന്ന ഭീതി ഉണ്ടാകുന്നത്. എന്നാല്‍ ചൈനീസ് അധികൃതരോ മാധ്യമങ്ങളോ ഇതിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിടാന്‍ ഇപ്പോഴും തയാറായിട്ടില്ല.
eng­lish sum­ma­ry; New coro­na virus out break in china
you may also like this video;

Exit mobile version