അയോധ്യയിൽ നിർമ്മിക്കാൻ പദ്ധതിയിട്ടിരിക്കുന്ന പള്ളിയുടെ പ്ലാനിന് അനുമതി പത്രം നിരസിക്കപ്പെട്ടതിന് പിന്നാലെ പുതിയ രൂപരേഖ സമർപ്പിച്ചു. ഇന്തോ-ഇസ്ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ (ഐഐഎഫ്‌സി) അയോധ്യ വികസന അതോറിട്ടിക്ക് (എഡിഎ) സമര്‍പ്പിച്ച പുതുക്കിയ രൂപകല്പനയിൽ അഞ്ച് മിനാരങ്ങളും ഒരു ക്ലാസിക്കൽ താഴികക്കുടവുമുണ്ട്.
പ്രാദേശിക വാസ്തുവിദ്യാ പാരമ്പര്യത്തില്‍ വേരൂന്നിയതാണ് രൂപരേഖ. ഗ്ലാസ് മുൻഭാഗമോ ആധുനിക അലങ്കാര ഘടകങ്ങളോ ഉപയോഗിക്കുന്നതിനുപകരം, പള്ളി പ്രാദേശിക സമൂഹത്തിന്റെ സാംസ്കാരികവും വൈകാരികവുമായ ബന്ധത്തെ പ്രതിഫലിപ്പിക്കുമെന്ന് ട്രസ്റ്റ് ഉദ്യോഗസ്ഥനും ഉത്തർപ്രദേശ് സുന്നി വഖഫ് ബോർഡ് പ്രസിഡന്റുമായ സുഫർ ഫാറൂഖി പറഞ്ഞു.
രാമജന്മഭൂമി-ബാബറി മസ്ജിദ് അവകാശ തർക്കത്തിൽ 2020ലെ വിധിന്യായത്തിൽ സുപ്രീം കോടതി അയോധ്യയിലെ ധന്നിപൂർ ഗ്രാമത്തിലെ അഞ്ച് ഏക്കർ സ്ഥലം മുസ്ലിങ്ങൾക്ക് പള്ളി പണിയുന്നതിനായി അനുവദിക്കാൻ ഉത്തരവിട്ടിരുന്നു. ഈ ഭൂമി 2020 ഓഗസ്റ്റ് മൂന്നിന് അന്നത്തെ ജില്ലാ മജിസ്‌ട്രേറ്റ് അനുജ് കുമാർ ഝാ കൈമാറി. എന്നാല്‍ ഇതുവരെ പാല കാരണങ്ങള്‍ പറഞ്ഞ് പള്ളിയുടെ നിര്‍മ്മാണാനുമതി ഭരണകൂടം നിഷേധിക്കുകയായിരുന്നു.
മുഹമ്മദ് ബിൻ അബ്ദുല്ല മോസ്ക് എന്ന് പേരിടാൻ സാധ്യതയുള്ള പള്ളിയുടെ പുതിയ താൽക്കാലിക പദ്ധതിയിൽ ഇസ്ലാമിക തത്വങ്ങൾക്കനുസൃതമായി അഞ്ച് മിനാരങ്ങൾ ഉണ്ടായിരിക്കും. പള്ളിക്ക് പുറമേ, സൗജന്യ കാൻസർ ചികിത്സയ്ക്കുള്ള 500 കിടക്കകളുള്ള മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി, ഒരു കമ്മ്യൂണിറ്റി അടുക്കള, നിയമം, എന്‍ജിനീയറിങ്, ദന്ത, വാസ്തുവിദ്യ മുതൽ ഒരു അന്താരാഷ്ട്ര സ്കൂൾ വരെയുള്ള കോഴ്സുകൾ വാഗ്ദാനം ചെയ്യുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുൾപ്പെടെയുള്ള മറ്റ് സൗകര്യങ്ങളും ഈ സമുച്ചയത്തിൽ ഉണ്ടായിരിക്കും.
അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ അന്തിമ രൂപകല്പനയും ഫണ്ടിങ് പദ്ധതിയും വെളിപ്പെടുത്തുമെന്ന് ഐഐഎഫ്‌സി അറിയിച്ചു.
2021 ജൂൺ 23ന് സമർപ്പിച്ച പള്ളി കമ്മിറ്റിയുടെ അപേക്ഷയാണ് അയോധ്യ മുനിസിപ്പൽ കോർപറേഷൻ, യുപി മലിനീകരണ നിയന്ത്രണ ബോർഡ്, യുപി ഫയർ സർവീസസ്, പൊതുമരാമത്ത്, സിവിൽ ഏവിയേഷൻ, ജലസേചനം, റവന്യു എന്നിവയുൾപ്പെടെ ഒന്നിലധികം സംസ്ഥാന വകുപ്പുകളിൽ നിന്നുള്ള അനുമതികൾ ലഭിക്കാത്തതിനാൽ നിരസിക്കപ്പെട്ടത്.

