Site iconSite icon Janayugom Online

പുതിയ തലമുറ എംഎന്റെ ജീവിതം മനഃപാഠമാക്കണം: ബിനോയ് വിശ്വം

സിപിഐ എറണാകുളം ജില്ലാ കൗൺസിൽ സംഘടിപ്പിച്ച എംഎൻ അനുസ്മരണ സമ്മേളനം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യുന്നു

കേരളം കണ്ട മഹാനായ കമ്മ്യൂണിസ്റ്റ് നേതാവ് എം എൻ ഗോവിന്ദൻ നായരുടെ ജീവിതം പുതിയ തലമുറ മനഃപാഠമാക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എറണാകുളം ജില്ലാ കൗൺസിൽ എം എന്റെ ചരമ ദിനത്തിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാന്ധിജിയുടെ വാർധാ ആശ്രമത്തിൽ എത്തിയ എംഎൻ ഒരു ഗാന്ധിയനായി മാറുകയായിരുന്നു. ദളിതർ ഉൾപ്പെടെയുള്ള സാധാരണക്കാരുടെ ജീവിത പ്രയാസങ്ങൾ തിരിച്ചറിഞ്ഞ് അവരുടെ ദുരിതങ്ങൾ പരിഹരിക്കാന്‍ അദ്ദേഹം മുന്നിട്ടിറങ്ങി. മാനവികതയുടെ മഹത്തായ സന്ദേശം സ്വന്തം വീട്ടിൽ യാഥാർഥ്യമാക്കി മാതൃകയായ കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു എമ്മെനെന്നും ബിനോയ് വിശ്വം അനുസ്മരിച്ചു.
എംഎൻ കേരളത്തിലെ ജനങ്ങളുടെ ഹൃദയമിടിപ്പിന്റെ സ്പന്ദനങ്ങൾ തിരിച്ചറിഞ്ഞ നേതാവായിരുന്നു. അങ്ങിനെയാണ് 1957 ൽ കേരളത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ അധികാരത്തിലെത്തിക്കാൻ കഴിഞ്ഞത്. ഏറ്റവും വലിയ പാർട്ടിയാകാനല്ല മത്സരിക്കുന്നത്, മറിച്ച് ഭരണത്തിന് വേണ്ടിയാണെന്ന് പറയുകയും അത് യാഥാർഥ്യമാക്കുകയും ചെയ്ത ഉത്തമനായ കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു. ആ നേതാവിന്റെ വാക്കുകളാണ് ഈ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും കമ്മ്യൂണിസ്റ്റ് പാർട്ടിയും എൽഡിഎഫും പിന്തുടരുന്നത്. പോരാട്ടം ജയിക്കാൻ വേണ്ടിയാണ്. കഴിഞ്ഞ ഒൻപതര വർഷമായി എൽഡിഎഫ് സർക്കാർ കേരളത്തിൽ സൃഷ്ടിച്ച മാറ്റം വളരെ വലുതാണ്. എല്ലാ വിഭാഗങ്ങളെയും ചേർത്തുപിടിച്ച സർക്കാരാണിത്. ഇത്രയും വികസനവും ക്ഷേമ പ്രവർത്തനവും നടത്തിയ എൽഡിഎഫാണ് ശരിയെന്ന് അനുഭവങ്ങൾ കൊണ്ട് കേരളത്തിലെ ജനങ്ങൾക്ക് ബോധ്യമുണ്ട്. അതിനാൽ ത്രിതല പഞ്ചായത്ത് തെരെഞ്ഞെടുപ്പിൽ എൽഡിഎഫിന് മികച്ച വിജയം ഉറപ്പാണെന്നും ബിനോയ് വിശ്വം പറഞ്ഞു.
സിപിഐ ജില്ലാ ആസ്ഥാനമന്ദിരത്തിന് മുന്നിൽ ബിനോയ് വിശ്വം പതാക ഉയർത്തുകയും ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തുകയും ചെയ്തു. ജില്ലാ സെക്രട്ടറി എൻ അരുൺ അധ്യക്ഷനായി.

Exit mobile version