67ാമത് സംസ്ഥാന സ്കൂള്‍ കായിക മേളയില്‍ ഇന്നലെ ചന്ദ്രശേഖരൻ നായര്‍ സ്റ്റേഡിയത്തില്‍ പുതുചരിത്രം. ആ മഴയില്‍ ഒലിച്ചുപോയതില്‍ 38 വർഷം പഴക്കമുള്ള ഒരു റെക്കോഡും ഉള്‍പ്പെടുന്നു. സബ് ജൂനിയർ പെൺകുട്ടികളിൽ പാലക്കാട് ബിഇഎംഎച്ച്എസ്എസിലെ എസ് ആൻവിയും ജൂനിയർ പെൺകുട്ടികളിൽ കോഴിക്കോട് പുല്ലൂരാംപാറ സെന്റ് ജോസഫ് എച്ച്എസ്എസിലെ ദേവനന്ദ വി ബിജുവും ജൂനിയർ ആൺകുട്ടികളിൽ ആലപ്പുഴ ചാരാമംഗലം ഗവ. ഡിവിഎച്ച്എസ്എസിലെ അതുൽ ടി എം, സീനിയർ ആൺകുട്ടികളിൽ പാലക്കാട് ചിറ്റൂർ ജിഎച്ച്എസ്എസിലെ ജെ നിവേദ് കൃഷ്ണയുമാണ് പുതിയ വേഗം കുറിച്ചത്. 1987ല്‍ കണ്ണൂർ ജിവിഎച്ച്എസ്എസിന്റെ താരമായിരുന്ന ബിന്ദു മാത്യു 200 മീറ്ററിൽ കുറിച്ച 26.30 സെക്കൻഡെന്ന റെക്കോര്‍ഡാണ് ആൻവി (25.67) തന്റെ പേരിലേക്ക് മാറ്റിയെഴുതിയത്. നേരത്തെ 100 മീറ്ററിൽ ഈ എട്ടാം ക്ലാസുകാരി വെള്ളി നേടിയിരുന്നു. ഈ ഇനത്തിൽ കോഴിക്കോട് കുളത്തുവയൽ സെന്റ് ജോർജ് എച്ച്എസ്എസ് അൽക്ക ഷിനോജ് (25.55), വെള്ളിയും 100 മീറ്ററിൽ മീറ്റ് റെക്കോഡോടെ സ്വർണം നേടിയ ഇടുക്കി സിഎച്ച്എസ് കാൽവരിമൗണ്ടിന്റെ ദേവപ്രിയ ഷൈബു (26.77) വെങ്കലവും നേടി.
സബ് ജൂനിയർ ആൺകുട്ടികളുടെ 200 മീറ്റർ ഓട്ടത്തില്‍ സ്വർണം നേടി കോഴിക്കോട് പുല്ലൂരാംപാറ സെന്റ് ജോസഫ് എച്ച്എസ്എസിലെ സഞ്ജയ് (24.26) മീറ്റിലെ ഇരട്ട സ്വർണത്തിന് അർഹനായി. 100 മീറ്ററിലും വാരണാസി സ്വദേശിയായ സഞ്ജയ് സ്വർണം നേടിയിരുന്നു. തൃശൂർ കുരിയച്ചിറ സെന്റ് പോൾസ് സിഇഎച്ച്എസ്എസിലെ സി എം റയാൻ (24.66) വെള്ളിയും മലപ്പുറം നവാമുകുന്ദയുടെ നീരജ് (24.67) മൂന്നാം സ്ഥാനവും നേടി.
ജൂനിയര്‍ ആണ്‍കുട്ടികളുടെ 200 മീറ്ററിൽ 21.87 സെക്കൻഡില്‍ സ്വര്‍ണം നേടിയ അതുലിന് രണ്ടാം സ്വര്‍ണമാണിത്. 2017ൽ തിരുവനന്തപുരം സായിയുടെ സി അഭിനവ് കുറിച്ച 22.28 സെക്കൻഡാണ് അതുല്‍ മറികടന്നത്. 100 മീറ്ററിൽ 37 വർഷത്തെ റെക്കോഡ് തകർത്ത് സ്വർണം നേടിയിരുന്നു അതുല്‍. കോട്ടയം മുരുക്കുംവയൽ ഗവ. വിഎച്ച്എസ്എസിലെ ശ്രീഹരി സി ബിനുവും (22.09), പാലക്കാട് കോയൽമന്നം സ്കൂളിലെ എസ് സിനിലും (22.14) നിലവിലെ സമയം മറികടന്ന് രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. സീനിയർ ആൺകുട്ടികളുടെ 200 മീറ്റിറിൽ റെക്കോഡോടെ സ്വർണം നേടി ജെ. നിവേദ് കൃഷ്ണയും ഇരട്ട സ്വർണത്തിന് അർഹനായി. നേരത്തെ 100 മീറ്ററിൽ സ്വർണം നേടിയ താരം ഇന്നലെ 200 മീറ്ററിൽ 2011ൽ സെൻറ് പീറ്റേഴ്സ് എച്ച്എസ്എസിലെ ജിജിൻ വിജയന്റെ 21.75 സെക്കൻഡ് 21.67 സെക്കൻഡാക്കിയാണ് പുതിയ ചരിത്രമെഴുതിയത്. മലപ്പുറം നവാമുകുന്ദയുടെ ഫസലുൾ ഹഖ് (21.83) വെള്ളിയും പാലക്കാട് വടവന്നൂർ വിഎംഎച്ച്എസിലെ അൽ ഷാമിൽ ഹുസൈൻ (21.92) വെങ്കലവും നേടി.

