Site iconSite icon Janayugom Online

പൊതുമേഖലാ സംരക്ഷണത്തില്‍ പുതുചരിത്രം

പൊതുമേഖലാ സ്ഥാപനമായ വെള്ളൂരിലെ കേരളാ പേപ്പർ പ്രൊഡക്ട്സ് ലിമിറ്റഡിന്റെ ന്യൂസ് പ്രിന്റ് ഉല്പാദനം നാളെ മുതൽ ആരംഭിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ നാളെ രാവിലെ 11ന് ഉദ്ഘാടനം ചെയ്യും. മന്ത്രി പി രാജീവ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മന്ത്രി വി എൻ വാസവൻ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി തുടങ്ങിയവർ പങ്കെടുക്കും. യൂണിറ്റിന്റെ പുനരുദ്ധാരണ പാക്കേജിന്റെ ഭാഗമായാണ് ന്യൂസ് പേപ്പർ നിർമ്മാണം ആരംഭിക്കുന്നതെന്ന് കെപിപിഎല്ലിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ വ്യവസായ മന്ത്രി പി രാജീവ് അറിയിച്ചു. കേന്ദ്ര സർക്കാരിനു കീഴിലായിരുന്നതും മൂന്നു വർഷത്തിലേറെയായി അടച്ചു പൂട്ടിയിരുന്നതുമായ പഴയ എച്ച്എൻഎല്ലിനെ ലിക്വിഡേഷന്റെ വക്കിൽ നിന്ന് കേരള പേപ്പർ പ്രൊഡക്ട്സ് എന്ന പേരിൽ പുനരുദ്ധരിച്ചത് കേരളത്തിന്റെ വ്യാവസായിക രംഗത്തെ വലിയൊരു കുതിച്ചു ചാട്ടമാണ്. വ്യാവസായിക വികസനത്തിന്റെ ബദൽ മാതൃക സംബന്ധിച്ച സൂചനകൾ നൽകുന്ന ഇത് രാജ്യത്തിനു മുഴുവൻ വലിയ സന്ദേശമാണു നൽകുന്നത്. രാജ്യത്തിന്റെ വ്യാവസായിക ചരിത്രത്തിൽ വളരെ അപൂർവമായി മാത്രം നടക്കുന്ന ഇത്തരത്തിലെ തിരിച്ചു വരവിന്റെ സന്ദർഭം കൂടിയാണിത്. തന്ത്രപരമായ ഈ പദ്ധതികൾ സമയാധിഷ്ഠിതമായി നടപ്പാക്കി വരുമ്പോൾ വെള്ളൂരിലെ കെപിപിഎൽ കാമ്പസ് രാജ്യത്തെ പേപ്പർ നിർമ്മാണ രംഗത്തെ മുഖ്യ മേഖലകളിൽ ഒന്നായി മാറുകയും ചരിത്രം സൃഷ്ടിക്കുകയുമാണ്. 1982 ൽ പ്രവര്‍ത്തനം തുടങ്ങിയ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡ് ആദ്യ മൂന്നു ദശാബ്ദങ്ങളിൽ മികച്ച റെക്കോർഡുകൾ കാഴ്ചവച്ചിരുന്നു.

തുടര്‍ന്ന് വിവിധ കാരണങ്ങളാൽ പ്രകടനം മങ്ങി തുടങ്ങുകയും 2019 ജനുവരിയിൽ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് കേരള സർക്കാർ ഏറ്റെടുക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചു. ഈ അഭ്യർത്ഥന പരിഗണിക്കാതിരുന്ന കേന്ദ്ര സർക്കാർ 2019 നവംബർ 28ന് എൻസിഎൽടിയുടെ കൊച്ചി ബെഞ്ചിൽ കോർപറേറ്റ് ഇൻസോൾവെൻസി ആന്റ് റെസലൂഷൻ പ്രക്രിയയ്ക്കു തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി സാധ്യതയുള്ള റസലൂഷൻ അപേക്ഷകരിൽ നിന്ന് താല്പര്യ പത്രം ക്ഷണിച്ചു. കേരള സർക്കാരിനു വേണ്ടി കിൻഫ്ര റസല്യൂഷൻ അപേക്ഷ സമർപ്പിക്കുകയായിരുന്നു. എൻസിഎൽടി കൊച്ചി ഈ പദ്ധതി അംഗീകരിക്കുകയും തുടർന്ന് സംസ്ഥാന സർക്കാർ കമ്പനി ഏറ്റെടുക്കുകയും ചെയ്തു. രജിസ്ട്രാർ ഓഫ് കമ്പനീസ് ഇതിന് അംഗീകാരം നൽകുകയും കേരള പേപ്പർ പ്രൊഡക്ട്സ് ലിമിറ്റഡ് എന്ന പേരിൽ കമ്പനി രൂപവൽക്കരിക്കുന്നതിനായി 2021 ഡിസംബർ 20ന് സർട്ടിഫിക്കറ്റ് ഓഫ് ഇൻകോർപറേഷൻ ലഭ്യമാക്കുകയും ചെയ്തു. ഏറ്റെടുക്കലിനു ശേഷം പുനരുദ്ധാരണത്തിനും പ്രവർത്തനങ്ങളുടെ ആരംഭത്തിനുമായി അടിയന്തര നടപടികൾ സ്വീകരിക്കുകയും നാലു ഘട്ടങ്ങളിലായുള്ള വിശദമായ പദ്ധതി തയാറാക്കുകയും ചെയ്തു. ഈ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാനായതോടെയാണ് ഉല്പാദനത്തിലേക്ക് കെപിപിഎൽ എത്തുന്നത്.

 

നാലുഘട്ടങ്ങളായി പദ്ധതികൾ

 

കോട്ടയം: ഒന്നാം ഘട്ടമെന്ന നിലയിൽ നിലവിലെ പ്ലാന്റും യന്ത്രങ്ങളും പുതുക്കുന്നതിനായിരുന്നു പദ്ധതി തയാറാക്കിയത്. പേപ്പർ മെഷീൻ, ഡി ‑ഇങ്കിങ് പ്ലാന്റ്, പവർ ബോയിലറുകൾ അനുബന്ധ പ്ലാന്റുകൾ, യൂട്ടിലിറ്റി സേവനങ്ങൾ എന്നിവ വീണ്ടും ആരംഭിച്ചു. രണ്ടാം ഘട്ടത്തിന്റെ പൂർത്തീകരണത്തോടെ നിലവിലുള്ള മുഴുവൻ സംവിധാനവും പൂർണമായി പ്രവർത്തന സജ്ജമായി. ഇതോടെ പുനചംക്രമണം ചെയ്യുന്ന പൾപ്പും മരത്തിൽ നിന്നുള്ള പൾപ്പും ഉപയോഗിച്ച് സ്വന്തമായ പൾപ്പുകളിലൂടെ പേപ്പർ നിർമ്മാണം ആരംഭിക്കാന്‍ പ്രാപ്തി നേടി. ഒന്നും രണ്ടും ഘട്ടങ്ങളിലെ പ്രവർത്തന മൂലധനമായ 75.15 കോടി രൂപ അടക്കം 154.39 കോടി രൂപയായിരുന്നു പുനരുദ്ധാരണ പദ്ധതിക്കായി ആകെ വകയിരുത്തിയത്.

പുനരുദ്ധാരണ പദ്ധതികൾ വിജയകരമായി പൂർത്തിയാക്കുന്നതോടെ കെപിപിഎല്ലിന് 42 ജിഎസ്എം, 45 ജിഎസ്എം ഗ്രാമേജുകളുള്ള ന്യൂസ് പ്രിന്റും നോട്ട്ബുക്ക്, അച്ചടി പുസ്തക മേഖലകളിൽ ഉപയോഗിക്കുന്ന അൺ സർഫസ് ഗ്രേഡ് റൈറ്റിങ്, പ്രിന്റിങ് പേപ്പറുകൾ എന്നിവയും ഉല്പാദിപ്പിക്കാൻ സാധിക്കും. ശേഷി വികസനത്തിനും ഉല്പന്ന വൈവിധ്യവൽക്കരണത്തിനുമുള്ള തന്ത്രപരമായ പദ്ധതിയാണ് മൂന്നാം ഘട്ടം. ഇതിനായി 650 കോടി രൂപയുടെ നിക്ഷേപമാണ് ഉണ്ടാകുക. നിലവിലുള്ള മെഷിനറികൾ പാക്കേജിങ് ഗ്രേഡിലുള്ള ക്രാഫ്റ്റ് പേപ്പർ നിർമ്മിക്കാനായി പുനർ നിർമ്മിക്കുന്നത് കേന്ദ്രീകരിച്ചുള്ള നാലാം ഘട്ടത്തിനായി 350 കോടി രൂപയുടെ നിക്ഷേപമാണ് വേണ്ടി വരിക. 17 മാസമാണ് ഇതിന്റെ നടപ്പാക്കലിനു വേണ്ടത്.

Eng­lish sum­ma­ry; New His­to­ry in Pub­lic Sec­tor Protection

You may also like this video;

Exit mobile version