Site iconSite icon Janayugom Online

ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം; മൂന്നാംഘട്ട പ്രവര്‍ത്തന സര്‍വേ ആരംഭിച്ചു

ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം മൂന്നാം ഘട്ട പ്രവര്‍ത്തന സര്‍വേയുടെ ജില്ലാതല ഉദ്ഘാടനം മീനങ്ങാടി ഗ്രാമപഞ്ചായത്ത് രാമഗിരി ഉന്നതിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വഹിച്ചു. നിരക്ഷരരുടെ വിവരങ്ങള്‍ ഫോണ്‍ വഴി ശേഖരിച്ച് തയ്യാറാക്കിയ പട്ടികയിലൂടെ വയനാട് ജില്ലയെ 100 ശതമാനം സാക്ഷരതയിലേക്ക് എത്തിക്കുകയാണ് ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ മൂന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമാക്കുന്നത്. കണ്ടെത്തിയ നിരക്ഷരരെ എഴുതാനും വായിക്കാനും കണക്കുകൂട്ടാനും പഠിപ്പിച്ചുകൊണ്ട് സാക്ഷരത സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യും. സര്‍ട്ടിഫിക്കറ്റ് നേടിയ സാക്ഷരര്‍ക്ക് തുടര്‍ന്ന് നാലാം തരം, ഏഴാം തരം, പത്താംതരം, ഹയര്‍ സെക്കന്‍ഡറി തുല്യത കോഴ്‌സുകളില്‍ ചേര്‍ന്ന് പഠിക്കാനും ഹയര്‍ സെക്കന്‍ഡറി കഴിഞ്ഞാല്‍ ഇന്ത്യയിലെ ഏത് യൂണിവേഴ്‌സിറ്റിയിലും ചേര്‍ന്നു ഡിഗ്രി പഠനം നടത്താനും തുടര്‍ വിദ്യാഭ്യാസം നടത്താനുള്ള അവസരവും ലഭിക്കും. 

ആദിവാസി വിഭാഗം കൂടുതലുള്ള ജില്ലയില്‍ ഇവരെ മുഖ്യധാരയിലേക്ക് എത്തിക്കാനും ഇതിലൂടെ സാധിക്കും. ജില്ലയില്‍ ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായി നടക്കുന്ന സര്‍വ്വേ പ്രവര്‍ത്തനങ്ങള്‍ക്ക് കുടുംബശ്രീ പ്രവര്‍ത്തകര്‍, അംഗന്‍വാടി വര്‍ക്കര്‍മാര്‍, എസ് സി/ എസ് ടി പ്രമോട്ടര്‍മാര്‍, പ്രേരക്മാര്‍, ആശ വര്‍ക്കര്‍മാര്‍, തുല്യതാ പഠിതാക്കള്‍, വിദ്യാര്‍ത്ഥികള്‍, മേറ്റുമാര്‍, സാമൂഹിക സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവരാണ് നേതൃത്വം നല്‍കുന്നത്. മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ഇ വിനയന്‍ അധ്യക്ഷത വഹിച്ചു. സാക്ഷരത മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി പ്രശാന്ത് കുമാര്‍, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എസ് ജി ബേബി വര്‍ഗീസ്, മിനി സാജു, ആശ വര്‍ക്കര്‍ ആമിന വി പി, പി വി ജാഫര്‍, വാര്‍ഡ് മെമ്പര്‍ ടി പി ഷിജു പങ്കെടുത്തു.

Exit mobile version