Site iconSite icon Janayugom Online

അത്‌ലറ്റിക്സിൽ ജെൻഡർ തട്ടിപ്പുകൾ തടയാൻ പുതിയ നിയമം; വനിതാ താരങ്ങൾക്ക് ജനിതക പരിശോധന നിർബന്ധമാക്കി

അത്‌ലറ്റിക്സ് വനിതാ വിഭാഗം മത്സരങ്ങളിലെ ജെൻഡർ തട്ടിപ്പുകൾ തടയുന്നതിനായി വേൾഡ് അത്‌ലറ്റിക്സ് പുതിയ നിയമം കൊണ്ടുവരുന്നു. ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പ് ഉൾപ്പെടെ അന്താരാഷ്ട്ര തലത്തിലെ പ്രധാന മത്സരങ്ങളിൽ പങ്കെടുക്കുന്ന വനിതാ താരങ്ങൾക്ക് ഇനിമുതൽ ജനിതക പരിശോധന നിർബന്ധമാക്കും. സെപ്റ്റംബർ ഒന്ന് മുതലാണ് പുതിയ നിയമം പ്രാബല്യത്തിൽ വരുന്നത്. സെപ്റ്റംബർ 13ന് ആരംഭിക്കുന്ന ടോക്യോ ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നവർ സെപ്റ്റംബർ 1‑ന് മുമ്പ് ഈ പരിശോധന പൂർത്തിയാക്കണം. കവിളിൽ നിന്ന് ശേഖരിക്കുന്ന ഉമിനീർ അല്ലെങ്കിൽ രക്ത സാമ്പിളുകൾ വഴിയായിരിക്കും ജനിതക പരിശോധന നടത്തുക. ഈ ടെസ്റ്റിൽ വിജയിക്കുന്നവർക്ക് മാത്രമേ അന്താരാഷ്ട്ര റാങ്കിങ് വനിതാ വിഭാഗം ട്രാക്ക്-ഫീൽഡ് ഇനങ്ങളിൽ മത്സരിക്കാൻ കഴിയൂ.

പുരുഷ ജെൻഡർ നിർണ്ണയിക്കുന്ന ‘വൈ’ ക്രോമസോമിൻ്റെ സാന്നിധ്യമായിരിക്കും ഈ പരിശോധനയിൽ പ്രധാനമായും കണ്ടെത്തുക. പരിശോധനാഫലം നെഗറ്റീവ് ആണെങ്കിൽ വനിതാ വിഭാഗത്തിൽ മത്സരിക്കാൻ യോഗ്യരാകും. കരിയറിൽ ഒരു തവണ മാത്രം ഈ പരിശോധനയ്ക്ക് വിധേയരായാൽ മതിയാകും. ജൈവികമായി സ്ത്രീയാണെങ്കിൽ മാത്രമേ എലൈറ്റ് അത്‌ലറ്റിക് മീറ്റുകളിൽ വനിതാ വിഭാഗത്തിൽ പങ്കെടുക്കാൻ കഴിയൂ എന്ന് ഇതുവഴി ഉറപ്പാക്കുമെന്ന് വേൾഡ് അത്‌ലറ്റിക്സ് പ്രസിഡന്റ് സെബാസ്റ്റ്യൻ കോ പറഞ്ഞു. 

Exit mobile version