Site iconSite icon Janayugom Online

ആനപ്പള്ള മതിലിനും അര്‍ണോസ് ഭവനത്തിനും പുതുജീവന്‍; പുനര്‍ നിര്‍മ്മിക്കുന്നത് സംസ്ഥാന പുരാവസ്തു വകുപ്പ്

ജീര്‍ണാവസ്ഥയിലായ അര്‍ണോസ് പാതിരി ഭവനവും പാതിരി സ്ഥാപിച്ച ചരിത്ര പ്രസിദ്ധമായ വേലൂര്‍ സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ ദേവാലയത്തിന്റെ ചുറ്റും മതിലും സംസ്ഥാന പുരാവസ്തു വകുപ്പ് പുനര്‍ നിര്‍മ്മിക്കുന്നു. 300 വര്‍ഷത്തോളം പഴക്കമുണ്ടെന്ന് കരുതുന്നു ആനപ്പള്ള മതില്‍ 2006 ജൂലൈ 17ന് വേലൂര്‍ പള്ളി അധികൃതര്‍ പൊളിച്ചു. പുതിയ ദേവാലയ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് 2014 ജൂലൈ 1ന് പള്ളിയുടെ തെക്കുഭാഗത്തുണ്ടായിരുന്ന പുരാതന മതിലും 50 മീറ്റര്‍ നീളത്തില്‍ ഇവര്‍ പൊളിച്ചുകളഞ്ഞിരുന്നു. ശരിയായി പരിപാലിക്കാത്തതിനാല്‍ ചിതലെടുത്ത നശിച്ച അര്‍ണോസ് പാതിരി ഭവനത്തിന്റെ മുകള്‍ തട്ടും ചുറ്റുത്തരവുമാണ് പുരാവസ്തു വകുപ്പ് നവീകരിച്ചത്. വേലൂര്‍ ദേവാലയത്തിന്റെ പുരാതനമായ ആനപ്പള്ള മതില്‍ പൊളിച്ചു കളഞ്ഞതിന്റെ പേരില്‍ അനേകം പ്രതിഷേധങ്ങള്‍ നടന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതിയില്‍ നല്‍കിയ കേസില്‍ 2018 മാര്‍ച്ച് 23ന് ഉണ്ടായ വിധി പ്രകാരം, പുരാവസ്തു വകുപ്പ് മതില്‍ പൂര്‍വ്വസ്ഥിതിയില്‍ നിര്‍മിക്കണമെന്നാണ് നിര്‍ദേശിച്ചിരുന്നത്. 13.98 ലക്ഷം രൂപയാണ് നിര്‍മ്മാണ ചെലവ്പ്രതീക്ഷിക്കുന്നത്. ഭവനത്തിന്റെ മുകളിലെ നിലവും ചുമരിനോട് ചേര്‍ന്നുള്ള ഉത്തരവും വന്‍ ചിതല്‍ നശിപ്പിച്ചിരുന്നു. വന്‍ ചിതല്‍ ആക്രമണം ദ്രുതഗതിയിലും ഒറ്റ നോട്ടത്തില്‍ പുറമേക്ക് പ്രകടമാകാത്ത വിധത്തില്‍ ഉള്ളതുമാണ്. തേക്ക് മരം ഉപയോഗിച്ചാണ് പുനര്‍നിര്‍മ്മാണം നടത്തിയത്. ഭവനത്തിന്റെയും മതിലിന്റെയുമെല്ലാം ഉടമസ്ഥാവകാശം പള്ളി അധികൃതര്‍ക്കാണെങ്കിലും സംരക്ഷിക്കുന്നതിലുള്ള അലംഭാവമാണ് ഭവനത്തിന്റെ നാശത്തിന് കാരണമായത്. വേലൂര്‍ ദേവാലയത്തിന്റെ ചുറ്റുമതിലില്‍ പടിഞ്ഞാറും കിഴക്കും ഭാഗങ്ങളിലായി ദേവാലയ ഭൂമിയിലേക്ക് പ്രവേശിക്കുവാന്‍ അര്‍ണോസ് നിര്‍മ്മിച്ച പ്രവേശന ഗോപുരങ്ങള്‍ ഇന്നുമുണ്ട്. പടിഞ്ഞാറെ പ്രവേശന ഗോപുരം അര്‍ണോസ് പാതിരി താമസസ്ഥലമായി കൂടി ഉപയോഗിച്ചിരുന്നു. 

പൈതൃക‑പുരാതന കെട്ടിടങ്ങളുടെ മരപ്പണികള്‍ നിര്‍വഹിക്കുന്നതില്‍ പ്രത്യേക പരിശീലനം സിദ്ധിച്ച കരാറുക്കാരാണ് അര്‍ണോസ് ഭവനത്തിന്റെ നവീകരണം നിര്‍വഹിച്ചത്. ആനപ്പള്ള മതിലിന്റെ പെയിന്റിംഗ് പണികള്‍ മാത്രമാണ് ഇനി പൂര്‍ത്തീകരിക്കാനുള്ളൂ. ഓഗസ്റ്റ് 14ന് ആരംഭിച്ച ജോലികള്‍ നവംബര്‍ പാതിയോടെ തീര്‍ക്കാനാണ് പുരാവസ്തു വകുപ്പ് ലക്ഷ്യമിടുന്നത്. പുരാവസ്തു ഡയറക്ടര്‍ ഇ. ദിനേശന്‍, എന്‍ജിനീയര്‍മാരായ ഭൂപേഷ് എസ്, ഗീത ടി എസ്., കീര്‍ത്തി ടി ജി എന്നിവരാണ് നിര്‍മ്മാണത്തിന് നേതൃത്വം നല്‍കുന്നത്. 1972 ഡിസംബര്‍ 10ന് മുഖ്യമന്ത്രിയായിരുന്ന സി അച്യുതമേനോന്‍ അര്‍ണോസ് ഭവനം സന്ദര്‍ശിക്കുകയും പൊളിച്ചുകൊണ്ടിരുന്ന ആ പൈതൃക സമ്പത്ത് സംരക്ഷിക്കുവാനുള്ള തീരുമാനം സ്വീകരിക്കുകയുമായിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ അര്‍ണോസ് ഭവന പുനരുദ്ധാരണത്തിന് സര്‍ക്കാര്‍ ഉത്തരവിറക്കുകയും മൂന്ന് ഗഡുക്കളായി പണം നല്‍കി പള്ളിയുടെ മേല്‍നോട്ടത്തില്‍ തന്നെ പുനരുദ്ധരിക്കുകയും ചെയ്തു. അര്‍ണോസിന്റെ പ്രാധാന്യം മനസിലാക്കി ഒരു മുഖ്യമന്ത്രി വേലൂരിലെ അര്‍ണോസ് ഭവനംസന്ദര്‍ശിക്കുകയും സര്‍ക്കാര്‍ വിഷത്തില്‍ കൃത്യമായി ഇടപ്പെടുകയും ചെയ്തത് സംസ്ഥാന ചരിത്രത്തില്‍ ആദ്യമായിട്ടായിരുന്നു. പിന്നീട് 1995ല്‍ ആണ് അര്‍ണോസ് ഭവനം സംസ്ഥാന പുരവസ്തു വകുപ്പിനു കീഴിലെ സംരക്ഷിത സ്മാരകങ്ങളുടെ ഗണത്തില്‍ ഉള്‍പ്പെടുത്തിയത്.
ആധുനിക കേരളത്തിന്റെ സാഹിത്യമേഖലകളിൽ ഏറെ സംഭാവനകൾ നൽകിയിട്ടുള്ള വൈദേശിക ഈശോ സഭ സന്ന്യാസിയായിരുന്നു അര്‍ണോസ് പാതിരി (1681–1732). സംസ്കൃതത്തില്‍ പാണ്ഡിത്യമുണ്ടായിരുന്ന പാതിരി, ഭാഷാ പഠനത്തിൽ മുൻപന്തിയിലായിരുന്നു. ചതുരന്ത്യം മലയാള ക്രിസ്തീയകാവ്യം, പുത്തൻ പാന മലയാള ക്രിസ്തീയകാവ്യം, ഉമ്മാപർവ്വം മലയാള ക്രിസ്തീയകാവ്യം, ഉമ്മാടെ ദുഃഖം, ജനോവ പർവ്വം മലയാളകാവ്യം, മലയാള‑സംസ്കൃത നിഘണ്ടു, മലയാളം-പോർട്ടുഗീസു നിഘണ്ടു, വാസിഷ്ഠസാരം, വേദാന്തസാരം, അഷ്ടാവക്രഗീത, യുധിഷ്ടിര വിജയം തുടങ്ങിയവ അദ്ദേഹത്തിന്റെ കൃതികളില്‍ ചിലതാണ്.

Exit mobile version